ആ പരിപ്പ് ഇനി വേവൂല്ല! പഴങ്ങള്‍ക്ക് പിന്നാലെ തുര്‍ക്കിയുടെ ബേക്കറി ഉല്‍പന്നങ്ങളും ബഹിഷ്‌കരിച്ച് ഇന്ത്യ; ഡ്രെഫ്രൂട്ട്‌സ് ഇറക്കുമതി ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍; പാക്കിസ്ഥാന്‍ അനുകൂല നിലപാടില്‍ തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി ഇന്ത്യ

തുര്‍ക്കിയുടെ ബേക്കറി ഉല്‍പന്നങ്ങളും ബഹിഷ്‌കരിച്ച് ഇന്ത്യ

Update: 2025-05-19 13:20 GMT

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി ഇന്ത്യ. തുര്‍ക്കിയില്‍ നിന്നുള്ള ബേക്കറി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്സ്, നട്സ്, ജെല്ലുകള്‍, ഫ്‌ലേവറുകള്‍, ചോക്ലേറ്റുകള്‍ എന്നിവ ഇന്ത്യ ബഹിഷ്‌കരിക്കും. നേരത്തെ തുര്‍ക്കി ആപ്പിളും ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.

ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യില്ല. ബേക്കറി ഉത്പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നുമുള്ള ബേക്കറി യന്ത്രങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്തു. തുര്‍ക്കിയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ നിര്‍ണായക തീരുമാനമെടുത്തത്. രാജ്യ താല്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്ന് ഫെഡറേഷന്‍ അറിയിച്ചു. ബേക്കേഴ്സ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി പോള്‍ മാത്യുവാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ബേക്കറി ഉത്പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വസ്തുക്കളുടെ ബഹിഷ്‌കരണത്തിലൂടെ തുര്‍ക്കിയുടെ മേല്‍ കടുത്ത സമ്മര്‍ദമേല്‍പിക്കാനാകുമെന്ന് പോള്‍ മാത്യു പ്രതികരിച്ചു. തുര്‍ക്കിയില്‍ നിന്നുള്ളവയ്ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള അസംസ്‌കൃതവസ്തുക്കള്‍ തന്നെ ഉപയോഗപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്തെ ബേക്കറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും ആവശ്യപ്പെട്ടതായും പോള്‍ മാത്യു കൂട്ടിച്ചേര്‍ത്തു. നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. 'പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ഡ്രോണുകള്‍ നല്‍കിയത് തുര്‍ക്കിയാണ്. അതുകൊണ്ട് തുര്‍ക്കി പഴങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു' എന്ന് ഇന്ത്യന്‍ പഴക്കച്ചവടക്കാര്‍ എഎന്‍ഐയോട് പ്രതികരിച്ചത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനും ഇന്ത്യന്‍ വിപണികളില്‍ സ്വീകാര്യത ലഭിക്കില്ലെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷനും പറഞ്ഞു. ആപ്പിളിന് പുറമെ നിരവധി പഴങ്ങളും ഇന്ത്യ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയില്‍ തുര്‍ക്കിയുടെ ആപ്പിള്‍ വ്യാപാരം ഏകദേശം 1,200-1,400 കോടി രൂപയാണ് വിലമതിക്കുന്നത്.

നേരത്തെ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കിയിരുന്നു. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് - ഹോട്ടല്‍ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) തുടങ്ങിയ പ്രധാന സര്‍വകലാശാലകള്‍ ഇവയിലുള്‍പ്പെടുന്നു.

നേരത്തെ സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് കമ്പനിയുടെ സുരക്ഷ ക്ലിയറന്‍സ് കേന്ദ്രം റദ്ദാക്കിയിരുന്നു.വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്ന കമ്പനിയാണ് സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ്.

തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് ബോംബെ ഐഐടി ഔദ്യോഗികമായി അറിയിച്ചു. ഐഐടിക്ക് തുര്‍ക്കിയില്‍നിന്നുള്ള ചില സ്ഥാപനങ്ങളുമായി ഫാക്കല്‍റ്റി എക്‌സ്ചേഞ്ച് പ്രോഗ്രാമുണ്ട്. തുര്‍ക്കിയിലെ അക്കാദമിക് സ്ഥാപനങ്ങളുമായുള്ള ബന്ധം തുടരാനില്ലെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും (ടിസ്) ഔദ്യോഗികമായി വ്യക്തമാക്കി. ദേശീയ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് ടിസ് ആക്ടിങ് വൈസ് ചാന്‍സലര്‍ െപ്രാഫ. മനോജ് തിവാരി വ്യക്തമാക്കി.

2023 ഫെബ്രുവരിയില്‍ ഭൂചലനം നാശം വിതച്ച തുര്‍ക്കിയ്ക്ക് ഇന്ത്യ ഓപ്പറേഷന്‍ ദോസ്ത് എന്ന ദൗത്യത്തിലൂടെ നിരവധി സഹായം ചെയ്തിരുന്നു. 100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍, എന്‍ഡിആര്‍എഫ് ടീമുകള്‍, സൈനിക മെഡിക്കല്‍ യൂണിറ്റുകള്‍, ഫീല്‍ഡ് ആശുപത്രികള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയാണ് നല്‍കിയത്. ജി 20, യുഎന്‍ പോലുള്ള ബഹുരാഷ്ട്ര വേദികളില്‍, ഊര്‍ജ്ജ സുരക്ഷ, ഭീകരവാദ വിരുദ്ധ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തുര്‍ക്കിയ്ക്ക് അനുകൂലമായ നിലാപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Tags:    

Similar News