കടുത്ത വിസ നിയമത്തില്‍ യുകെ പഠനമോഹം മലയാളികള്‍ക്ക് കുറഞ്ഞപ്പോള്‍ മുന്നില്‍ കയറി മഹാരാഷ്ട്രയും ആന്ധ്രയും തമിഴ്നാടും; ഒരു വര്‍ഷത്തിനിടയില്‍ യുകെ സ്റ്റഡി വിസ സ്വന്തമാക്കിയത് 98,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; മലയാളികള്‍ക്ക് യുകെ ജ്വരം ആവിയായത് അതി വേഗതയില്‍; അമേരിക്കയിലും കാനഡയിലും യുകെയേക്കാള്‍ ഇരട്ടി ചിലവ്; തൊഴില്‍ ഓഫര്‍ ചെയ്യുന്ന വമ്പന്‍ മെട്രോ നഗരങ്ങള്‍ ഇല്ലാതെ പോയതും കേരളത്തിലെ അവസരം ഇല്ലാതാക്കി

യുകെ പഠനമോഹം മലയാളികള്‍ക്ക് കുറഞ്ഞപ്പോള്‍ മുന്നില്‍ കയറി മഹാരാഷ്ട്രയും ആന്ധ്രയും തമിഴ്നാടും

Update: 2025-10-06 06:39 GMT

ലണ്ടന്‍: യുകെയിലേക്ക് കുടിയേറാന്‍ ഉള്ള കുറുക്ക് വഴി എന്നതാണ് ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളെ യുകെയിലേക്ക് ആകര്‍ഷിച്ചത് എങ്കില്‍ ഇപ്പോള്‍ കടുത്ത വിസ നിയമങ്ങള്‍ വന്നപ്പോള്‍ മലയാളികളില്‍ ഒട്ടേറെപ്പേര്‍ക്ക് യുകെ പഠനമെന്ന മോഹം ഇല്ലാതാവുകയാണ്. എന്നാല്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആ കുറവ് നികത്താന്‍ തയ്യാറായതോടെ ഇപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ വിസ സമ്പാദിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ എന്ന കിരീടം സ്വന്തമാക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ പഠിക്കുക എന്ന മോഹത്തോടെയാണ് ഈ വിദ്യാര്‍ത്ഥികളുടെ വരവ് എന്നത് വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഒരു പോലെ നേട്ടമാണ്. കാരണം യുകെയിലെത്തി യൂണിവേഴ്‌സിറ്റിയില്‍ പോകാതെ ''മുങ്ങാന്‍ വേണ്ടി'' ഏതെങ്കിലും കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ ട്രെന്‍ഡ് ഇല്ലാതാകുന്നതോടെ മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉള്ള വിദ്യാര്‍ത്ഥികള്‍ വരുന്നത് കൂടുകയും ഇത് ഇരു കൂട്ടര്‍ക്കും നേട്ടമായി മാറുകയും ചെയുന്ന സാഹചര്യമാണ് ഇപ്പോള്‍ ട്രെന്‍ഡ് ആയി രൂപപ്പെടുന്നത്.

ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ കാത്തിരിക്കുന്നത് വിദേശ വിദ്യാഭ്യസം നേടിയ യുവ പ്രൊഫഷണലുകളെ

അമേരിക്കന്‍ പ്രസിഡന്റ് വിദ്യാര്‍ത്ഥികളെയും പ്രൊഫഷനലുകളെയും ഒക്കെ ആട്ടിപ്പായിക്കുന്ന നയം പുറത്തെടുത്തത് പൊതുവെ ഇന്ത്യക്കാര്‍ക്ക് ഇടയില്‍ അതൃപ്തി വളര്‍ത്തി എന്നതാണ് യുകെ അടക്കമുള്ള സ്ഥലങ്ങളില്‍ അവസരം തേടുക എന്ന നയത്തിലേക്ക് മാറാന്‍ കാരണമായത് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മാത്രമല്ല മിക്കവാറും പോസ്റ്റ് ഗ്രാജേഷന്‍ കോഴ്‌സുകള്‍ യുകെയില്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകാന്‍ സാധിക്കും എന്നത് വിദേശ വിദ്യാഭ്യാസത്തിലെ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

അമേരിക്കയിലും കാനഡയിലും നിര്‍ബന്ധമായി രണ്ടു വര്‍ഷം പഠിച്ചാലേ പോസ്റ്റ് ഗ്രാജേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നതാണ് വാസ്തവം. ഇതുമൂലം പഠന ചിലവും ജീവിത ചിലവും യുകെയേക്കാള്‍ ഇരട്ടിയോളമാകും ഈ രണ്ടു രാജ്യങ്ങളിലും. യുകെയില്‍ കോഴ്സ് കഴിഞ്ഞു ഉടന്‍ ജോലി ലഭിക്കുന്നെങ്കില്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങാനും പഠനത്തിന് അനുസരിച്ചു ജോലി കണ്ടെത്താനും കഴിയും. യുകെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു കിട്ടുന്ന അടിസ്ഥാന ശമ്പളം ഉയര്‍ന്ന ജീവിത ചിലവില്‍ ഒന്നിനും തികയാത്ത സാഹചര്യത്തില്‍ കൂടുതല്‍ സന്തോഷം കണ്ടെത്താനാകുന്ന സ്വന്തം നാട്ടിലെ ഇഷ്ട തൊഴില്‍ ചെയ്യാനാകുമെങ്കില്‍ പഠന ശേഷം എന്തിനു യുകെയില്‍ തുടരണം എന്നാണ് ശരാശരി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിന്ത.

ഏതു കോഴ്സ് പഠിച്ചാലും ഇപ്പോള്‍ യുകെയേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ തൊഴില്‍ കണ്ടെത്താനാകും എന്ന സാഹചര്യം പഠനം കഴിഞ്ഞാല്‍ ഉടന്‍ യുകെ വിടാന്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. യുകെയില്‍ വളര്‍ച്ചാ നിരക്ക് വര്‍ഷങ്ങളായി മുരടിച്ചു നില്‍ക്കുന്നതിനാല്‍ മള്‍ട്ടി നാഷണല്‍ കമ്പനികളക്ക് പോലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനാകാത്ത സ്ഥിതി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതിവേഗ വളര്‍ച്ച നേടുന്ന ഇന്ത്യയിലും ചൈനയിലും ഇങ്ങനെയല്ല സ്ഥിതി. പ്രത്യേകിച്ചും എഞ്ചിനീയറിംഗ്, ഫിനാന്‍സ്, ബിസിനസ്, ഡാറ്റ സയന്‍സ് മേഖലകളിലൊക്കെ എത്ര പ്രൊഫഷണലുകളെ ലഭിച്ചാലും തികയാത്ത സാഹചര്യമാണ്. മാത്രമല്ല യുകെ വിദ്യാഭ്യസത്തിനു ആഗോളമായി ലഭിക്കുന്ന അംഗീകാരവും ഇന്ത്യന്‍ കുടുംബങ്ങളെ മക്കളെ യുകെയില്‍ തന്നെ പഠിപ്പിക്കണം എന്ന ആഗ്രഹത്തില്‍ എത്തിക്കുന്നു എന്നതും പ്രധാനമാണ്.

മലയാളി കാണാത്ത കാഴ്ചകള്‍ മറ്റു സംസ്ഥാനക്കാര്‍ കണ്ടറിയുമ്പോള്‍, യുകെ പഠനം വെറുതെയാകില്ല എന്ന ചിന്ത ശക്തം

വിദ്യാര്‍ത്ഥി വിസയ്ക്കായുള്ള കടുത്ത നിയമങ്ങള്‍ മലയാളികള്‍ ഒഴികെയുള്ള ഇന്ത്യക്കാരില്‍ സ്വാധീനിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഹോം ഓഫീസ് പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയില്‍ എത്തിയിരിക്കുന്നത്. ഇത് മറ്റേതു രാജ്യത്തെക്കാളും ഉയര്‍ന്ന നിരക്കാണ്.

വിസ നിയമങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വ്യക്തത ഇല്ലാത്തതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷം വന്നവരേക്കാള്‍ 44 ശതമാനം അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ എത്തി എന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 98,014 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ വിസ നേടിയതായാണ് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയും യുകെയും തമ്മില്‍ രൂപം കൊള്ളുന്ന ശക്തമായ നയതന്ത്ര ബന്ധങ്ങളും അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സാധ്യമാകുന്ന അഞ്ചു ലക്ഷം കോടി രൂപയുടെ വാണിജ്യ, വ്യാപാര കരാറുകളും ഒക്കെ ദീര്‍ഘകാല ഭാവിയിലേക്ക് ഉള്ളതാണ് എന്ന വസ്തുതയും തിരിച്ചറിഞ്ഞാണ് യുകെ പഠനത്തിന് മതിപ്പുയര്‍ത്തുന്നത്.

മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാണ് എന്നതും ഈ കണക്കുകള്‍ വിളിച്ചു പറയുന്ന ഘടകമാണ്. യുകെ വിദ്യാഭ്യസം നേടിയാല്‍ ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളില്‍ മികച്ച തൊഴില്‍ സാധ്യതയും ശമ്പളവും ഉണ്ടെന്നതാണ് ഇപ്പോഴും മെട്രോ നഗരങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ കഴിവുള്ള മെട്രോ നഗരങ്ങളുടെ അഭാവം കേരളത്തിലെ വിദ്യാര്‍ത്ഥികളെ യുകെ വിദ്യാഭ്യാസത്തില്‍ ആകൃഷ്ടരാക്കുന്നില്ല എന്ന അനുമാനത്തിനു കാരണമാകുകയാണ്.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ വമ്പന്‍ മെട്രോ നഗരങ്ങള്‍ക്ക് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട് എന്ന സാഹചര്യത്തിലാണ് ചെറുപ്പക്കാര്‍ വിദേശ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കേരളത്തിന് കൊച്ചിയില്‍ പോലും ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പോലും മികച്ച ശമ്പളം ഓഫര്‍ ചെയ്യാനുള്ള ത്രാണി ഇല്ലെന്ന വാസ്തവം തിരിച്ചറിയുന്ന ചെറുപ്പക്കാര്‍ വിദേശ വിദ്യാഭ്യാസത്തിനു ചിലവാകുന്ന ഫീസ് അടക്കമുള്ള തുകയെ ആശങ്കയോടെയാണ് കാണുന്നത്. ഇതും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്‌സിറ്റി പഠനം അകലെയാക്കുകയാണ്.

കോവിഡ് കാലത്തിനു ശേഷം യുകെ സ്റ്റുഡന്റ് വിസയ്ക്കായി മലയാളികളുടെ കൂട്ടയിടി

കേരളത്തില്‍ നിന്നുള്ളവര്‍ യുകെയില്‍ നിന്നും പിന്നോക്കം പോയപ്പോള്‍ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ കൂടുതല്‍ യുകെ വിസ നേടുന്നത്. മലയാളികള്‍ തള്ളിക്കയറിയ 2022-23 വര്‍ഷത്തെ പ്രവേശന ട്രെന്‍ഡ് പിന്നീട് പാര്‍ട്ട് ടൈം ജോലിയും പിഎസ്ഡബ്ല്യു കാലത്തു യുകെ ജോലിയും കിട്ടുക ബുദ്ധിമുട്ടാവുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പതിയെ നന്നായി പഠിക്കുന്നവര്‍ മാത്രം യുകെ നോക്കാം എന്ന നിലയിലേക്ക് മാറുക ആയിരുന്നു.

ഇതിനൊപ്പം സ്റ്റുഡന്റ് വിസ നേടി യുകെയിലെത്തി വിസ സ്വിച്ച് ചെയ്തു കെയര്‍ ഹോം ജോലി നേടി യുകെയില്‍ തന്നെ സെറ്റില്‍ ആകാം എന്ന ട്രെന്‍ഡിനും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2022. കോവിഡ് കാലത്തെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ സമയ നിബന്ധന ഇല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കപ്പെട്ടപ്പോള്‍ പഠിക്കുന്നതിനേക്കാള്‍ ഏറെ സമയം ജോലി ചെയ്തു നാട്ടിലേക്ക് ലക്ഷങ്ങള്‍ അയച്ചത് കേട്ടറിഞ്ഞാണ് 2022ല്‍ മലയാളി വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം സംഭവിച്ചത്.

യുകെ സര്‍ക്കാര്‍ മലയാളികള്‍ ഇടിച്ചു കയറിയ രണ്ടു വഴികളും അടച്ചതോടെ യുകെ ജ്വരം ആവിയായി

ഒറ്റയടിക്ക് പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ആ വര്‍ഷം എത്തിയതോടെ റെക്കോര്‍ഡ് എണ്ണം യൂണിവേഴ്‌സിറ്റി ഡ്രോപ്പ് ഔട്ട് സംഭവിക്കുന്നതിനും ആ വര്‍ഷം സാക്ഷിയായി. ഇതേത്തുടര്‍ന്നാണ് അന്ന് ഹോം സെക്രട്ടറി ആയിരുന്ന പ്രീതി പട്ടേലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വിച്ച് പരിപാടിക്ക് സ്വിച്ച് ഓഫ് ആയത്. യുകെയില്‍ വിദ്യാര്‍ത്ഥി വേഷത്തില്‍ എത്തി ഒരാഴ്ച പോലും യൂണിവേഴ്‌സിറ്റിയില്‍ പോകാതെ വിസ ഏജന്‍സിക്കാരുടെ സഹായം തേടി കെയര്‍ ഹോമുകളില്‍ ജോലി തേടിയവരൊക്കെ ഇപ്പോള്‍ വിസ എക്സ്റ്റന്‍ഷന്‍ നേടി യുകെയില്‍ സ്ഥിര താമസ അനുമതിയും കാത്തിരിക്കുകയാണ്. എന്നാല്‍ ഇവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് യുകെ സ്റ്റുഡന്റ് വിസ എന്നത് കുടിയേറ്റത്തിനുള്ള കുറുക്ക് വഴി ആയിരുന്നു എന്ന് യുകെ സര്‍ക്കാരിന് ബോധ്യമായത്.

ഇതേ സമയം തന്നെ കെയര്‍ വിസ ദുരുപയോഗം നടന്നു എന്ന് ഹോം ഓഫീസിന് ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചതോടെ ആ വഴിയും അടയ്ക്കാന്‍ സര്‍ക്കാരിനായി. ഇതോടെയാണ് ഇനി യുകെയില്‍ പോയിട്ട് കാര്യമില്ല എന്ന ചിന്ത മലയാളികള്‍ക്കിടയില്‍ പടര്‍ന്നതും സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായതും. ചുരുക്കത്തില്‍ സാഹചര്യങ്ങള്‍ മുതലാക്കുക എന്ന സാമാന്യ ബുദ്ധി മലയാളികള്‍ കൂടുതലായി ഉപയോഗിച്ചാണ് 2022 യുകെ വിസ കൂടുതലായി സ്വന്തമാക്കിയതും ഇപ്പോള്‍ സാഹചര്യങ്ങള്‍ പ്രയാസമേറിയതായപ്പോള്‍ യുകെയിലേക്ക് പോകാനുള്ള ആവേശം ആവിയായതും.

Tags:    

Similar News