യുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വലിയ പോരായ്മയാകും; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ലഭിക്കും വിധം ഹീത്രോ വിമാനം വരുന്നത് സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണം; എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനവും കണ്ണൂര്‍ കണക്ഷന്‍ നല്‍കുമെങ്കിലും നീണ്ട കാത്തിരിപ്പ് യാത്രക്കാരെ മടുപ്പിക്കും
യുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു
ലണ്ടന്‍: കണ്ണൂരിലേക്ക് ലണ്ടനില്‍ നിന്നും ഒരു കണക്ഷന്‍ വിമാനമെന്ന മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ആദ്യം യുകെ മലയാളികള്‍ പ്രതികരിച്ചത് ഇലക്ഷന്‍ സ്റ്റണ്ട് ആണോയെന്നാണ്. കാരണം കാലം അത്തരത്തില്‍ മാറിക്കഴിഞ്ഞതായി സാധാരണ മലയാളികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. നേര് പറഞ്ഞാലും നുണയായി കരുതപ്പെടുന്ന കാലം കൂടി ആയതുകൊണ്ടാണ് ഇന്‍ഡിഗോ വിമാനത്തിന്റെ കണക്ഷന്‍ റൂട്ടിനെ ഏവരും സംശയത്തോടെ നോക്കിയത്. രണ്ടാമത്തെ കാരണം വാടകക്ക് എടുത്ത വിമാനവും സ്ലോട്ടും ആയിട്ടാണ് ഇന്‍ഡിഗോ ലണ്ടന്‍ യാത്ര നടത്തുന്നത് എന്നതിനാല്‍ ഏതു സമയവും ഈ വിമാനങ്ങള്‍ അപ്രത്യക്ഷം ആയേക്കാം എന്ന സംശയം കൂടി യുകെ മലയാളികള്‍ക്കുണ്ട്. അതിനാല്‍ തന്നെ വളരെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് ലഭിക്കുന്ന കാര്യത്തില്‍ മറ്റ് എയര്‍ ലൈനുകള്‍ക്ക് ഒപ്പം എത്താന്‍ ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞിട്ടില്ല.
എങ്കിലും എയര്‍ ഇന്ത്യയുമായി താരതമ്യം ചെയ്താല്‍ ഇന്‍ഡിഗോ യാത്രക്കാര്‍ കൂടുതല്‍ സംതൃപ്തര്‍ ആണെന്ന ഫീഡ്ബാക്ക് കൂടി പുറത്തു വരുന്നതിനാല്‍ കണ്ണൂരിലേക്കുള്ള കണക്ഷന്‍ വിമാനത്തെ ആശ്രയിക്കാന്‍ മലബാറുകാരായ ആയിരക്കണക്കിന് യുകെ മലയാളികള്‍ തയ്യാറാകും എന്നുറപ്പ്. എയര്‍ ഇന്ത്യ കൊച്ചിയിലേക്ക് ഡയറക്ട് ഫ്ലൈറ്റ് നടത്തിയിരുന്ന കാലം മുതല്‍ തിരുവനന്തപുരം മേഖലയില്‍ ഉള്ളവരും മലബാര്‍ മേഖലയില്‍ ഉള്ളവരും തങ്ങള്‍ക്കും ഡയറക്ട് വിമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. മലബാറുകാരെ സംബന്ധിച്ച് ഒന്നുകില്‍ മംഗലാപുരമോ കോഴിക്കോടോ ആകാശമാര്‍ഗം എത്തി പിന്നെ റോഡ് മാര്‍ഗം മാത്രം വീട്ടില്‍ എത്താന്‍ കഴിയുന്ന കാലത്തിനു കൂടി വിടയാവുകയാണ്. കണ്ണൂര്‍ എയര്‍ പോര്‍ട്ടിനെ സംബന്ധിച്ചും ഇത് നിര്‍ണായക നിമിഷമാണ്. കണ്ണൂരില്‍ നിന്നും ആദ്യ ദീര്‍ഘ ദൂര കണക്ടിവിറ്റി സര്‍വീസ് എന്നത് എയര്‍പോര്‍ട്ട് ഉപയോഗത്തില്‍ ഗണ്യമായ തോതില്‍ യാത്രക്കാരെ കൂട്ടാന്‍ സഹായകമാകും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ വളരുന്നത്.
ഇന്‍ഡിഗോയുടെ ലണ്ടന്‍ - കണ്ണൂര്‍ വിമാനം ആഴ്ചയില്‍ നാലു ദിവസം, മറുപടിയായി എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്നും എല്ലാ ദിവസവും ബാംഗ്ലൂര്‍ വഴി കണ്ണൂരിലെത്തും, പക്ഷെ അനന്തമായ കാത്തിരിപ്പ് മടുപ്പിക്കുമെന്നു യാത്രക്കാര്‍
ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഡല്‍ഹി, ബാംഗ്ലൂര്‍ കണക്ഷന്‍ റൂട്ട് ഒരുക്കി ലണ്ടന്‍ മലയാളികളെ ആശ്രയിക്കുമ്പോള്‍ നാട്ടിലേക്ക് ഉള്ള യാത്രയില്‍ ബാഗേജ് കണക്ടിംഗ് എയര്‍പോര്‍ട്ടില്‍ കളക്ട് ചെയ്യേണ്ടി വരും എന്ന അസൗകര്യമുണ്ട്. എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ ഇത് ബാധകമാകില്ല. പക്ഷെ ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ കൂടി യാത്ര ചെയ്തു നീണ്ട നേരം കണക്ഷന്‍ വിമാനത്തിനായി കാത്തിരിക്കുന്ന അസഹ്യത ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യക്കും ഉണ്ടെന്നത് നിരാശ പടര്‍ത്തുന്ന ഘടകമാണ്. നീണ്ട കാത്തിരിപ്പ് യാത്രക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നാണ് ഇരു വിമാനക്കമ്പനികളും ആശങ്കയോടെ നിരീക്ഷിക്കുന്നത്. പ്രത്യേകിച്ചും കുട്ടികളുമായി യാത്ര ചെയുന്ന കുടുംബങ്ങള്‍ക്ക് വലിയ അസൗകര്യമാകും വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പ്.
എന്നാല്‍ വിദേശ രാജ്യത്തിന് പകരം സ്വന്തം രാജ്യത്ത് എത്തിയല്ലോ എന്ന ചിന്ത ഈ വിമാനങ്ങള്‍ക്ക് കൂടുതല്‍ യാത്രക്കാരെ സമ്മാനിച്ചേക്കും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. ഇന്‍ഡിഗോ ഡല്‍ഹി വഴിയും എയര്‍ ഇന്ത്യ ബാംഗ്ലൂര്‍ വഴിയുമാണ് മലബാറുകാരായ യുകെ മലയാളികള്‍ക്ക് കണ്ണൂരില്‍ എത്താന്‍ സൗകര്യം ഒരുക്കുന്നത്. ഇന്‍ഡിഗോ ആഴ്ചയില്‍ നാലു ദിവസം ഡല്‍ഹി വഴി കണ്ണൂരില്‍ എത്താന്‍ സൗകര്യം ഒരുക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ മറുപടി എല്ലാ ദിവസവും ബാംഗ്ലൂര്‍ വഴി കണ്ണൂരിലെത്താം എന്നതാണ്.
നിലവിലെ ഷെഡ്യൂള്‍ അനുസരിച്ചു കണ്ണൂരില്‍ നിന്നും രാവിലെ പത്തേകാലിനു പുറപ്പെടുന്ന എയര്‍ ഇന്ത്യ ഒരു മണിക്കൂറിനകം ബാംഗ്ലൂരിലെത്തും. അവിടെ നിന്നും ലണ്ടനിലേക്കുള്ള യാത്ര മൂന്നു മണിക്കൂറിനകം ഉച്ചകഴിഞ്ഞു 2.10 നായിരിക്കും. ആ വിമാനം വൈകുന്നേരം ഏഴരയോടെ ഹീത്രോവില്‍ ലാന്‍ഡ് ചെയ്യും. എന്നാല്‍ തിരിച്ചുള്ള യാത്ര അല്‍പം കഷ്ടപ്പാട് നിറഞ്ഞതാണ്. രാത്രി 9.05നു ലണ്ടനില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന് വിമാനം ഉച്ചക്ക് 12.20നു ലാന്‍ഡ് ചെയ്യും.
എന്നാല്‍ അവിടെ നിന്നും കണ്ണൂരിലെത്താന്‍ പകലിന്റെ ബാക്കി സമയവും രാത്രിയും കാത്തിരുന്നു പുലര്‍ച്ചയേ എത്താനാകൂ എന്നത് പല യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചേക്കാം. ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് ബസ് ഓടിയെത്തും എന്ന സാഹചര്യത്തില്‍ അതിന്റെ ഇരട്ടിയിലേറെ സമയം കണക്ഷന്‍ വിമാനത്തിനായി കാത്തിരിക്കണോ എന്ന ചോദ്യം ആണ് ഈ വിമാനത്തിന്റെ ഭാവിയെ ആശങ്കപ്പെടുത്തുന്നത്.
ഇന്‍ഡിഗോയ്ക്കും ഡല്‍ഹിയില്‍ ഒരു പകല്‍ മുഴുവന്‍ കാത്തിരിപ്പ് വേണം.
ഇതേ പ്രയാസം തന്നെയാണ് ഇന്‍ഡിഗോയുടെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ കണ്ണൂരിലെത്താന്‍ തയ്യാറാകുന്ന മലയാളികളെ കാത്തിരിക്കുന്നത്. അടുത്ത മാസം ആറിന് ആരംഭിക്കുന്ന ഈ സര്‍വീസ് തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ നിന്നും രാവിലെ 6.05നു പുറപ്പെടുന്ന വിമാനം ഡല്‍ഹിയില്‍ 8.55നു ലാന്‍ഡ് ചെയ്യും. അവിടെ നിന്നും ലണ്ടനിലേക്ക് മൂന്നു മണിക്കൂറിനകം 11.55നു പുറപ്പെടുന്ന ഡ്രീം ലൈനര്‍ വിമാനം വൈകുന്നേരം 5.10 നു ലാന്‍ഡ് ചെയ്യും. തികച്ചും സൗകര്യപ്രദമായ ഷെഡ്യൂള്‍ തന്നെയാണ് ഈ കണക്ഷന്‍ വിമാനം നല്‍കുന്നത്.
എന്നാല്‍ ലണ്ടനില്‍ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോളാണ് ദുരിതം കാത്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും വൈകുന്നേരം 7.10നു പുറപ്പെടുന്ന വിമാനം രാവിലെ 10.10നു ഡല്‍ഹിയിലെത്തും. പക്ഷെ കണ്ണൂരിലേക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെടാന്‍ ആ പകല്‍ മുഴുവന്‍ കാത്തിരുന്നു അര്‍ദ്ധ രാത്രിയോടെയേ സാധിക്കൂ എന്നതാണ് പ്രയാസപ്പെടുത്തുന്ന ഘടകം. ചുരുക്കത്തില്‍ മലബാറിലേക്ക് രണ്ടു വിമാനങ്ങള്‍ എത്തുന്നു എന്ന് കരുതി സന്തോഷിച്ച യുകെ മലയാളികള്‍ക്ക് അതിനേക്കാള്‍ സമയ ലാഭത്തില്‍ ഗള്‍ഫ് വിമാനങ്ങള്‍ വഴി നാട്ടിലെത്താന്‍ കഴിയും.
യുകെ മലയാളികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആകെ യാത്ര സമയം എത്ര എന്ന കാര്യത്തിന് മുന്‍തൂക്കം നല്‍കുന്നത് മനസിലാക്കിയാണ് എമിറേറ്റ്സ്, എത്തിഹാദ്, ഒമാന്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍ വെയ്‌സ്, സൗദി എയര്‍ ലൈന്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഒക്കെ ഷെഡ്യൂള്‍ തയ്യാറാക്കുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടേയും ഇന്‍ഡിഗോയുടെയും പരിഗണനയില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ഇല്ലെന്നതാണ് ഈ കണക്ഷന്‍ വിമാനത്തിന് ആകെ യാത്രയുടെ ഇരട്ടി സമയം കാത്തിരിപ്പിനു നല്‍കിയ ടൈം ഷെഡ്യൂള്‍ തയ്യാറാക്കിയ മനോനിലയെന്നു വ്യക്തം. അതിനാല്‍ യാത്രക്കാരെ വലിയ തോതില്‍ ലഭിക്കും എന്ന പ്രതീക്ഷ പോലും ഇല്ലാതെയാണ് ഇരു കമ്പനികളും ഈ വിമാനങ്ങളുടെ കണ്ണൂര്‍ സാധ്യത വിലയിരുത്തുന്നത്. യാത്രക്കാരെ കിട്ടാന്‍ പ്രയാസം ആയിരിക്കും എന്നതിനാല്‍ യുകെയിലെ മലയാളി ട്രാവല്‍ ഏജന്‍സികളും ഈ വിമാനങ്ങള്‍ക്ക് വലിയ പ്രൊമോഷന്‍ നല്‍കുന്നില്ല എന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
