എയര്‍ ഇന്ത്യ പോയ വഴിയേ ഇന്‍ഡിഗോ എത്തിയേക്കും; പക്ഷെ മലയാളികള്‍ക്ക് നേട്ടമാകാന്‍ സാധ്യത കുറവ്; സമ്മറിലേക്ക് എത്തുന്ന ഫ്ളൈറ്റില്‍ സമ്മര്‍ദ്ദം ചെലുത്താനായാല്‍ നേരിട്ടുള്ള സര്‍വീസിന് സാധ്യത തള്ളാനാകില്ല; മാഞ്ചസ്റ്ററും ഹീത്രൂവും ഇന്‍ഡിഗോ നോട്ടം വയ്ക്കുമ്പോള്‍ പ്രതീക്ഷകളോടെ യുകെ മലയാളികള്‍; കൊച്ചിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ സാധ്യത മങ്ങുന്നു
കൊച്ചിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ സാധ്യത മങ്ങുന്നു
ലണ്ടന്‍: വ്യോമയാന രംഗത്തെ വമ്പന്മാര്‍ ഈ വര്‍ഷത്തെ റൂട്ട് പ്ലാനുകള്‍ ഫിക്‌സ് ചെയ്യുന്ന തിരക്കിലായതോടെ സമ്മര്‍ പ്ലാനില്‍ എയര്‍ ഇന്ത്യയുടെ കൊച്ചിയിലേക്കുള്ള ഡയറക്റ്റ് ഫ്ളൈറ്റ് യുകെയില്‍ നിന്നും ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. എന്നാല്‍ ഡയറക്റ്റ് ഫ്ളൈറ്റ് അല്ലെങ്കിലും ഇന്ത്യയുടെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ഇന്‍ഡിഗോ മാഞ്ചസ്റ്ററില്‍ നിന്നും മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ പറക്കാന്‍ ഉള്ള ഒരുക്കം നടത്തുമ്പോള്‍ യുകെ മലയാളികള്‍ക്ക് പുതിയൊരു വിമാനം കൂടി എത്തുകയാണ് എന്ന സന്തോഷവും പുറത്തു വരുന്നു.
ഹീത്രൂവില്‍ പുതിയ വിമാനങ്ങള്‍ക്ക് സ്ലോട്ട് ലഭിക്കുക എളുപ്പം അല്ലെങ്കിലും ഇന്‍ഡിഗോ ഇവിടെ നടത്തുന്ന ശ്രമങ്ങള്‍ മലയാളികള്‍ക്കും പ്രതീക്ഷയാണ്. വേണ്ട വിധത്തില്‍ ലോബിയിങ്ങിലൂടെ ശ്രമിച്ചാല്‍ കൊച്ചിയിലേക്ക് ഇന്‍ഡിഗോയ്ക്ക് പറക്കാനാകുമോ എന്ന ചോദ്യത്തിന് എയര്‍ ഇന്ത്യക്ക് പകരം ആര് എന്ന ഉത്തരവുമാകും. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ നേര്‍ത്തതുമാണ്.
അതിനിടെ ഏവരും പ്രതീക്ഷയോടെ നോക്കുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് ഈ വര്‍ഷം കൊച്ചിയിലേക്ക് ഇല്ലെന്ന സൂചനയാണ് അവരുടെ സമ്മര്‍ - വിന്റര്‍ പ്ലാനുകള്‍ വ്യക്തമാകുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സിനെ വീണ്ടും ക്ഷണിച്ചു സിയാല്‍ - കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് - രംഗത്ത് വന്നതും മലയാളിയായ ബ്രിട്ടീഷ് എംപി സോജന്‍ ജോസഫ് മുന്‍കൈ എടുത്തു ബ്രിട്ടീഷ് വ്യോമയാന സെക്രട്ടറിയെ കണ്ടു നടത്തിയ സമ്മര്‍ദ്ദവും ഓണ്‍ലൈന്‍ ഒപ്പുശേഖരണവും ഒക്കെ വെറുതെ ആയേക്കും എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റൂട്ട് ചാര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.
കൊച്ചി പോയിട്ട് ഇന്ത്യയില്‍ ഒരിടത്തേക്കും പുതിയ വിമാനം എത്തിക്കാനാകാത്ത നിസ്സഹായതയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്. രണ്ടു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് എയര്‍വേയ്സ് കൊച്ചിയിലേക്ക് നേരിട്ടു പറക്കാന്‍ ഒരുങ്ങുകയാണ് എന്ന ഊഹാപോഹം കത്തിജ്ജ്വലിച്ച ശേഷം ചാരമായി മാറിയതിനാല്‍ ഇപ്പോള്‍ ആരും ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നുമില്ല.
മാഞ്ചസ്റ്റര്‍ മാത്രമല്ല ലണ്ടനിലും കണ്ണ് വച്ച് ഇന്‍ഡിഗോയുടെ ത്വരിത നീക്കം, കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ളൈറ്റ് വരാന്‍ യുകെ മലയാളികള്‍ സമ്മര്‍ദ്ദ ശക്തിയായി മാറണം
മുന്‍പ് ഹീത്രൂവിലേക്ക് കണ്ണുവച്ചിരുന്ന ഇന്‍ഡിഗോ അവിടെ പുതിയ സ്ലോട്ടുകള്‍ ലഭിക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് മാഞ്ചസ്റ്ററിലേക്ക് എത്താന്‍ പ്ലാന്‍ തയ്യാറാക്കിയത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇന്‍ഡിഗോ വീണ്ടും ഹീത്രൂവിലേക്ക് കൂടി കണ്ണുവയ്ക്കുന്നു എന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ ഇന്ത്യയുടെ നിഴലില്‍ നിന്നും മാറി ഉയരത്തില്‍ പറക്കാനുള്ള സൂചന നല്‍കുന്നത് 2027ലേക്ക് പ്ലാന്‍ ചെയ്തിരുന്ന യൂറോപ്യന്‍ റൂട്ടിലേക്ക് സാധ്യമായ വേഗത്തില്‍ കടന്നു കയറുക എന്ന ലക്ഷ്യത്തോടെ എത്തുന്ന വാര്‍ത്തകളാണ്.
ലണ്ടന് പുറമെ പാരീസ്, ആംസ്റ്റര്‍ഡാം എന്നീ യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളും കൂടി ഇന്‍ഡിഗോ കണ്ണ് വയ്ക്കുന്നു എന്നത് അന്തരാഷ്ട്ര സര്‍വീസുകളില്‍ കമ്പനിയുടെ കണ്ണുടക്കി എന്നതിന്റെ തെളിവ് തന്നെയാണ്. മുന്‍പ് മാഞ്ചസ്റ്റര്‍ - മുംബൈ റൂട്ടിലേക്കുള്ള പ്ലാന്‍ വെളിപ്പെടുത്തിയ ഇന്‍ഡിഗോയ്ക്ക് ലണ്ടന്‍ സ്ലോട്ട് ലഭിച്ചാല്‍ നേരിട്ടുള്ള സര്‍വ്വീസിന് വേണ്ടി മലയാളികളുടെ സമ്മര്‍ദ്ദവും കമ്പനിയെ പ്രലോഭിപ്പിച്ചേക്കാം.
അതിനു പക്ഷെ യുകെ മലയാളികള്‍ എത്രത്തോളം ശക്തമായി സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാണ് എന്ന ചോദ്യവും പ്രസക്തമാണ്. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയ്ക്ക് നേരിട്ടുള്ള സര്‍വീസ് ഉള്ളതിനാല്‍ അതില്ലാത്ത കേരളത്തിലേക്ക് പറക്കുന്നതിന്റെ അഡ്വാന്റേജ് ഇന്‍ഡിഗോയെ ബോധപ്പെടുത്തുന്നതിലാകും യുകെ മലയാളികളുടെ മിടുക്ക് തെളിയിക്കേണ്ടത്.
ഇന്ത്യയിലെ മറ്റേതു പ്രധാന നഗരത്തിലേക്ക് ഡയറക്റ്റ് ഫ്‌ളൈറ്റുമായി ലണ്ടനിലേക്ക് എത്തിയാല്‍ ഇന്‍ഡിഗോക്ക് എയര്‍ ഇന്ത്യയുമായി കടുത്ത മത്സരം വേണ്ടി വരും. എന്നാല്‍ കേരളത്തിലേക്ക് പറന്നാല്‍ ഈ മത്സരം ഒഴിവാക്കാം എന്നത് മാത്രമല്ല എയര്‍ ഇന്ത്യയ്ക്ക് പകരമായി എത്തിയ വിമാനത്തെ യുകെ മലയാളികള്‍ ഹൃദയപൂര്‍വം സ്വീകരിക്കാനുള്ള സാധ്യതയും ഏറെയാണ്. പക്ഷെ ഇന്‍ഡിഗോയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ യുകെ മലയാളികള്‍ക്ക് വേണ്ടി ആര് ശ്രമിക്കും എന്ന ചോദ്യവും പ്രസക്തമാണ്.
ഇന്‍ഡിഗോയുടെ യൂറോപ്യന്‍ വരവ് അകലെയല്ല എന്ന് തെളിയിച്ചു ലണ്ടനിലും പാരിസിലും ആംസ്റ്റര്‍ഡാമിലും കമ്പനി ഓഫീസുകള്‍ തുടങ്ങിയത് തന്നെ വ്യക്തമായ സൂചനയാണ്. മൂന്നു വന്‍ നഗരങ്ങളിലും ഓഫിസ് സ്പേസുകള്‍ എയര്‍പോര്‍ട്ടില്‍ വാടകക്ക് എടുത്ത ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ തുടങ്ങിയ പ്രധാന പോസ്റ്റുകളില്‍ ജീവനക്കാരെ നിയമിക്കുകയാണ്. ഈ വര്‍ഷം സമ്മറില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയും വിധമുള്ള ഒരുക്കങ്ങളാണ് മൂന്നിടത്തും നടക്കുന്നത്. അടുത്തിടെ ആറു ബോയിങ് 787 - 9 ഡ്രീംലൈനര്‍ വിമാനങ്ങള്‍ വാടകക്ക് സ്വന്തമാക്കാനായതോടെയാണ് ഇന്‍ഡിഗോ യൂറോപ്യന്‍ പ്രവര്‍ത്തനം വേഗത്തിലാക്കിയത്.
ഫ്ളൈറ്റ് ലോഞ്ചിങ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്യാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നും സൂചനയുണ്ട്. ബ്രിട്ടനിലേക്കുള്ള ഇന്‍ഡിഗോയുടെ വരവ് മാഞ്ചസ്റ്ററിലേക്കോ ലണ്ടനിലേക്കോ എന്നത് പ്രസക്തമാണ്. രണ്ടിടത്തും കൂടി ഒറ്റയടിക്ക് സര്‍വീസ് ആരംഭിക്കാനുള്ള സാധ്യത വിരളം ആയതിനാല്‍ ലണ്ടന്‍ - മുംബൈ തന്നെ ആയിരിക്കും ഇന്‍ഡിഗോയുടെ പ്രഥമ പരിഗണന. മാഞ്ചസ്റ്ററില്‍ കമ്പനി സ്വന്തമാക്കിയ സ്ലോട്ട് ഇപ്പോഴും കൈവശം ഉണ്ടെന്നത് ലണ്ടന്‍ ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും മാഞ്ചസ്റ്ററിലേക്ക് എത്തും എന്നും ഉറപ്പിക്കുന്ന ഘടകമാണ്.
ഇന്‍ഡിഗോ വന്നാല്‍ മത്സരം കടുക്കും, യാത്രാ നിരക്കില്‍ ചെറിയ ആശ്വാസത്തിന് സാധ്യത
നിലവില്‍ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കണക്ടിവിറ്റിയില്‍ കുത്തക കൈക്കലാക്കിയിരിക്കുന്ന എയര്‍ ഇന്ത്യ, ബ്രിട്ടീഷ് എയര്‍വേയ്സ്, ലുഫ്താന്‍സ എന്നിവയുടെ ഇടയിലേക്ക് ഇന്‍ഡിഗോ കടന്നു വരുമ്പോള്‍ തീര്‍ച്ചയായും മത്സരം കടുക്കും. യാത്രക്കാരെ സ്വന്തമാക്കാന്‍ മത്സരം ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന മൂന്നു കമ്പനികളും ചെറിയ തോതില്‍ എങ്കിലും നിരക്ക് താഴ്ത്താന്‍ തയ്യാറാകും.
മൂന്നു കമ്പനികളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കി തുടക്കത്തില്‍ എങ്കിലും യാത്രക്കാരെ സ്വന്തമാക്കാന്‍ ഇന്‍ഡിഗോയും ശ്രമിക്കും. ഈ സാഹചര്യം ഇത്തവണത്തെ സമ്മര്‍ യാത്രക്ക് ഒരുങ്ങുന്നവര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നതാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇന്‍ഡിഗോ കൂടി വന്ന ശേഷം ശ്രമം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷന്‍ ലഭിക്കും എന്നതും നേട്ടമാകും. പ്രധാന പോസ്റ്റുകളില്‍ ജീവനക്കാരെ നിയമിച്ചു കഴിഞ്ഞതും വിമാനങ്ങള്‍ ഇന്‍ഡിഗോയുടെ കൈകളില്‍ എത്തിയതും കണക്കാക്കുമ്പോള്‍ വിമാനങ്ങളുടെ വരവ് സംബന്ധിച്ച പ്രഖ്യാപനം വൈകില്ല എന്ന് തന്നെയാണ് ഉറപ്പാക്കാനാകുന്നത്.
ബ്രിട്ടീഷ് എയര്‍വേയ്‌സിനെ കാത്തിരിക്കേണ്ടെന്ന സൂചനയുമായി ഈ വര്‍ഷത്തെ സമ്മര്‍ - വിന്റര്‍ ഷെഡ്യൂള്‍ പുറത്തെത്തി
എയര്‍ ഇന്ത്യ പോയിടത്തു ബ്രിട്ടീഷ് എയര്‍വേയ്സ് വന്നേക്കുമോ എന്ന പ്രതീക്ഷ യുകെ മലയാളികള്‍ക്കിടയില്‍ സജീവം ആയെങ്കിലും അതിനുള്ള സാധ്യത വിദൂരത്തു പോലും ഇല്ലെന്നു വ്യക്തമാക്കി ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ഈ വര്‍ഷത്തെ സമ്മര്‍ - വിന്റര്‍ ഷെഡ്യൂള്‍ പുറത്തായി. അടുത്ത മാസം മുതല്‍ പറന്നു തുടങ്ങുന്ന സമ്മര്‍ ഷെഡ്യൂളും തുടര്‍ന്നുള്ള വിന്റര്‍ ഷെഡ്യൂളും ബ്രിട്ടീഷ് എയര്‍വേയ്സ് വെള്ളിയാഴ്ചയാണ് പുറത്തു വിട്ടത്.
മുന്‍പ് എയര്‍ ഇന്ത്യ ചെയ്തത് പോലെ വരുമാനം കൂടുതല്‍ ഉള്ള റൂട്ടില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയും വരുമാനക്കുറവുള്ള റൂട്ടുകള്‍ ഉപേക്ഷിച്ചുമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെയും പുതിയ ഷെഡ്യൂള്‍. വരുമാനക്കുറവാണ് കൊച്ചി സര്‍വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ പറയുമ്പോള്‍ അക്കാര്യം ബ്രിട്ടീഷ് എയര്‍വേയ്‌സും ഗൗരവത്തോടെ പരിഗണിക്കും. സമ്മര്‍ ഷെഡ്യൂളില്‍ ഇറ്റലിയിലെ മിലന്‍ എയര്‍പോര്‍ട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേയ്സ്.
ദീര്‍ഘ ദൂര സര്‍വീസില്‍ റിയാദ്, ബാങ്കോക്ക് എന്നിവയാണ് ബ്രിട്ടീഷ് എയര്‍വേയ്സ് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ജൊഹനാസ്ബര്‍ഗ്, ദുബായ്, മിയാമി റൂട്ടിലും കൂടുതല്‍ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനമെത്തും. കൂടുതല്‍ വലിയ വിമാനങ്ങള്‍ ഈ റൂട്ടില്‍ പറത്താന്‍ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് എയര്‍വേയ്സ്. അതിനിടെ ദോഹ, ജിദ്ദ, സാന്റിയാഗോ എന്നീ റൂട്ടുകളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ പിന്‍വലിക്കാനും നീക്കമുണ്ട്. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ നിലവില്‍ ഉള്ള സര്‍വീസുകളില്‍ പ്രത്യേക മാറ്റം ഒന്നും ഇല്ലെന്നതും ശ്രദ്ധേയമാണ്.