പാക്കിസ്ഥാന്റെ വ്യോമപാത ഒഴിവാക്കിയ സാഹചര്യം; റൂട്ടുമാറ്റവും യാത്രാസമയവ്യത്യാസവും യാത്രക്കാരെ കൃത്യമായി അറിയിക്കണം; യാത്രയ്ക്ക് വേണ്ട ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം; വിമാന കമ്പിനികള്‍ക്ക് കേന്ദ്ര നിര്‍ദേശം

Update: 2025-04-27 00:53 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ വ്യോമപാത ഒഴിവാക്കിയ പശ്ചാത്തലത്തില്‍ റൂട്ടുമാറ്റവും യാത്രാസമയവ്യത്യാസവും സംബന്ധിച്ച് യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികളെ നിര്‍ദ്ദേശിച്ചു. ആശയവിനിമയം സുതാര്യമായിരിക്കണമെന്നും, ദീര്‍ഘമായ യാത്രയ്ക്ക് വേണ്ട ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

യാത്രാസമയം നീളുകയോ യാത്രയ്ക്കിടയില്‍ ഇടവേളകള്‍ ഉണ്ടായാലോ അതിന്റെ വിശദവിവരങ്ങള്‍ ചെക്ക് ഇന്‍, ബോര്‍ഡിങ് സമയങ്ങളില്‍ അറിയിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമേ, ഡിജിറ്റല്‍ അലര്‍ട്ടുകള്‍ വഴിയും യാത്രക്കാരെ വിവരം അറിയിക്കണം. പുതിയ അറിയിപ്പ് വരുവോളം ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍മുന്നറിയിപ്പ് നല്‍കി.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. യാത്രയുടെ ദൈര്‍ഘ്യം കണക്കാക്കി ആവശ്യമായ ഭക്ഷണവും വെള്ളവും കാറ്ററിങ് സര്‍വീസിലൂടെ ഒരുക്കണം. വിമാനത്തില്‍ അവശ്യമരുന്നുകളുടെ സജ്ജീകരണം ഉറപ്പാക്കണം. സാങ്കേതിക പ്രശ്നങ്ങളാല്‍ വിമാനങ്ങള്‍ നിര്‍ത്തേണ്ടിവരുന്ന വിമാനത്താവളങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കണം. യാത്രാസംബന്ധമായ വിശദവിവരങ്ങള്‍ക്കായി കോള്‍സെന്ററുകളും ഉപഭോക്തൃ സേവനകേന്ദ്രങ്ങളും സജ്ജീകരിക്കണം.

കഴിഞ്ഞദിവസമാണ് ഇന്ത്യയുടെ വിമാനക്കമ്പനികള്‍ക്ക് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസേവനങ്ങളില്‍ തീര്‍ച്ചയായ മാറ്റം പ്രതീക്ഷിക്കുകയാണ്.

Tags:    

Similar News