പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ; അറബിക്കടലില്‍ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍, ഐഎന്‍എസ് സൂററ്റ് പടക്കപ്പലില്‍ നിന്ന് മിസൈല്‍ തൊടുത്ത് പ്രതിരോധ കരുത്തറിയിച്ചു; വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും സൂചന; ഇന്ത്യ ശക്തമായ തിരിച്ചടിക്ക്?
പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയെ ദ്രോഹിച്ചവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത ശിക്ഷ നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുമുന്നറിയിപ്പ് നല്‍കിയത്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനകള്‍ വന്നുതുടങ്ങി. അയല്‍രാജ്യവുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് സൂററ്റില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി.
അറബി കടലില്‍ വച്ച് ഐഎന്‍എസ് സൂററ്റില്‍ നിന്ന് മധ്യദൂര ഭൂതല-വ്യോമ മിസൈല്‍ ഉപയോഗിച്ച് വേഗത്തില്‍ താഴ്ന്ന് പറക്കുന്ന ലക്ഷ്യത്തെ ഭേദിച്ചാണ് പരീക്ഷണം നടന്നത്. യുദ്ധ തയ്യാറെടുപ്പിലും തദ്ദേശീയ രൂപകല്‍പ്പനയിലുമുള്ള മികച്ച പുരോഗതി വെളിപ്പെടുത്തുന്ന നിര്‍ണായക നേട്ടമാണ് ഈ പരീക്ഷണ വിജയം.
മിസൈല്‍ വേധ പടക്കപ്പല്‍ ശ്രേണിയില്‍പ്പെട്ടതാണ് ഐഎന്‍എസ് സൂറത്ത്. ഇസ്രേലുമായി ചേര്‍ന്നാണ് ഈ മിസൈല്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. 70 കിലോമീറ്ററാണ് ഇടപെടല്‍ പരിധി. സീ സ്‌കിമ്മിങ് ഭീഷണികളെ നേരിടാന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ലക്ഷ്യത്തോട് അടുക്കുമ്പോള്‍ വെടിയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും, റഡാര്‍, ഇന്‍ഫ്രാറെഡ് പരിധിയില്‍ വരാതിരിക്കാനും ചില പോര്‍ വിമാനങ്ങളും കപ്പല്‍ വേധ മിസൈലുകളും പ്രയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സീ സ്‌കിമ്മിങ്.
ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ പരീക്ഷണത്തിലൂടെ തെളിയിക്കുന്നതെന്ന് നാവിക സേന അറിയിച്ചു
ഐഎന്‍എസ് സൂറത്ത്
പ്രോജക്ട് 15 ബി ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐഎന്‍എസ് സൂറത്ത്. 75 ശതമാനം ഭാഗവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ഡിസ്‌ട്രോയറുകളില്‍ ഒന്നാണ്. കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയറുകള്‍ക്ക് സമാനമാണിവ. പൂര്‍ണ്ണമായും മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ (MDL) നിര്‍മ്മിച്ചതാണ്. അത്യാധുനിക സെന്‍സറുകള്‍, റഡാറുകള്‍, സോണറുകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ചേതക്, എഎല്‍എച്ച്, സീ കിംഗ്, പുതുതായി ഉള്‍പ്പെടുത്തിയ എംഎച്ച്-60ആര്‍ എന്നിവയുള്‍പ്പെടെ വിവിധതരം ഹെലികോപ്റ്ററുകള്‍ രാവും പകലും പ്രവര്‍ത്തിപ്പിക്കാന്‍ ഇതിന് കഴിയും.
എന്തായാലും പരീക്ഷണം നടത്തിയ സമയം ശ്രദ്ധേയമാണ്. അറബി കടലില്‍ നടത്തുന്ന മിസൈല്‍ പരീക്ഷണത്തെ കുറിച്ച് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യ പടക്കപ്പലില്‍ നിന്ന് പരീക്ഷണം നടത്തിയത്.
അതിനിടെ, അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.