ഓപ്പറേഷന്‍ സിന്ദൂറില്‍ ഭര്‍ത്താവിന്റെ കൊലയ്ക്ക് പകരം വീട്ടാന്‍ വനിതാ ചാവേറുകളെ ഒരുക്കിയെടുക്കാന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ; സ്ത്രീകളെ ഭീകരവാദത്തിലേക്ക് നയിക്കാന്‍ 40 മിനിറ്റ് ഓണ്‍ലൈന്‍ കോഴ്‌സ്; 500 രൂപ ഫീസ വാങ്ങി പഠിപ്പിക്കുക ജയ്ഷ് എ മുഹമ്മദിന്റെ ചാവേര്‍ വിദ്യകള്‍; വനിതകളെ സായുധ ജിഹാദിലേക്ക് നയിക്കാന്‍ ഉറച്ച തീരുമാനവുമായി അസ്ഹര്‍
ജയ്ഷ് എ മുഹമ്മദ് തീവ്രവാദ ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്നു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. മസൂദ് അസ്ഹര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒളിച്ചിരിക്കുകയാണെന്നും, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും തിരിച്ചടികള്‍ ഏറ്റതിനെ തുടര്‍ന്ന് തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച് വീണ്ടും സജീവമാകാനാണ് ഭീകര സംഘടനയുടെ നീക്കം. ഇതിന്റെ ഭാഗമായി തങ്ങളുടെ ആദ്യ വനിതാ വിഭാഗമായ 'ജമാഅത്ത്-ഉല്‍-മുമിനാത്ത്' രൂപീകരിച്ചതായി ജയ്ഷ് എ മുഹമ്മദ് ഒക്ടോബര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. വനിതാ വിഭാഗത്തിന്റെ നേതൃത്വം മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിനാണ്.
സ്ത്രീകളെ ഭീകരവാദം പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ്
ജയ്‌ഷെ മുഹമ്മദ്, തങ്ങളുടെ വനിതാ വിഭാഗമായ 'ജമാത്ത് ഉല്‍-മുമിനാത്തി'ലേക്ക് റിക്രൂട്ട്മെന്റ് ശക്തമാക്കിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി, പ്രതിദിനം 40 മിനിറ്റ് ദൈര്‍ഘ്യമുള്ള 'തുഫത് അല്‍-മുമിനത്ത്' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 8 മുതല്‍ ആരംഭിക്കുന്ന ഈ കോഴ്‌സിലൂടെ സ്ത്രീകളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും പരിശീലനം നല്‍കാനും ലക്ഷ്യമിടുന്നു.
ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ നയിക്കുന്നത് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹര്‍, സമൈറ അസ്ഹര്‍ എന്നിവരാണ്. കൂടാതെ, പുല്‍വാമ ഭീകരാക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീന ഫാറൂഖും ക്ലാസെടുക്കുമെന്നാണ് സൂചന. കോഴ്‌സില്‍ ചേരാന്‍ 500 രൂപ മുന്‍കൂറായി അടയ്ക്കണം. ഐസിസ്, ഹമാസ്, എല്‍ടിടിഇ തുടങ്ങിയ സംഘടനകളെ മാതൃകയാക്കി ഒരു വനിതാ സേനയെ കെട്ടിപ്പടുക്കുക എന്നതാണ് ജയ്‌ഷെയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളെ ഉപയോഗിക്കാനും സാധ്യതയുണ്ട്.
പരമ്പരാഗതമായി സായുധ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെ ഏര്‍പ്പെടുത്തുന്നതിനോട് വിമുഖത കാണിച്ചിരുന്ന സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം സുരക്ഷാ പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ അംഗങ്ങളെ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായാണ് വിലയിരുത്തല്‍. ബഹാവല്‍പുര്‍, കറാച്ചി, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും ഭീകര കമാന്‍ഡര്‍മാരുടെ ഭാര്യമാരെയും ലക്ഷ്യമിട്ടാണ് റിക്രൂട്ട്മെന്റ് ശ്രമങ്ങള്‍ നടക്കുന്നത്. ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രൃത്യാഘാതം
ഇക്കഴിഞ്ഞ മെയ് 7-ന് പാക് പഞ്ചാബ് പ്രവിശ്യയില്‍ 100 കിലോമീറ്റര്‍ ഉള്ളില്‍ കടന്നാണ് ബഹാവല്‍പൂരില്‍ ഇന്ത്യന്‍ സേന കടന്നാക്രമിച്ചത്. ഈ ആക്രമണത്തില്‍, സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഭീകര സംഘടനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ടാണ് മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വനിതാ വിഭാഗം രൂപീകരിച്ച വിവരം പരസ്യമാക്കിയത്. ബഹാവല്‍പൂരില്‍ ഒക്ടോബര്‍ 8 നാണ് യൂണിറ്റിന്റെ റിക്രൂട്ട്മെന്റ് ആരംഭിച്ചത്.
ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്‌ലി, ഹരിപൂര്‍, മാന്‍സെഹ്‌റ എന്നിവിടങ്ങളിലെ സംഘടനയുടെ കേന്ദ്രങ്ങളില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെയും പ്രവര്‍ത്തകരുടെ ഭാര്യമാരെയും വനിതാ വിഭാഗത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ട്. താഴെത്തട്ടിലുളള നിയമനം, ആശയപ്രചാരണം, മന: ശാസ്ത്രപരമായ യുദ്ധം എന്നിവ ലക്ഷ്യമിട്ടാണ് ജെയ്ഷ് വനിത വിഭാഗത്തിനായി പ്രചാരണം നടത്തുന്നത്. ഈ ലക്ഷ്യം നിറവേറ്റാന്‍, സാമൂഹിക മാധ്യമങ്ങള്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ചില മദ്രസകളുടെ ശൃംഖല എന്നിവ വഴി 'ജമാഅത്ത്-ഉല്‍-മുമിനാത്ത്' പ്രചാരണം നടത്തുന്നു.
സൈനിക നടപടികളില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് പരമ്പരാഗതമായി ഒഴിവാക്കിപ്പോന്ന ജയ്‌ഷെ മുഹമ്മദ്, ആദ്യമായിട്ടാണ് വനിതാ വിഭാഗം രൂപീകരിക്കുന്നത്. ഈ പുതിയ നീക്കം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിക്ക് ശേഷമുള്ള ഒരു തന്ത്രപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. മസൂദ് അസ്ഹറും സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചനകള്‍.
പരമ്പരാഗതമായി, സായുധ ജിഹാദിലോ ഏറ്റുമുട്ടല്‍ ദൗത്യങ്ങളിലോ സ്ത്രീകളെ ജെയ്ഷെ മുഹമ്മദ് ഒഴിവാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആ നിലപാടില്‍ നിന്നുളള കാതലായ മാറ്റമാണ് മസൂദ് അസ്ഹര്‍ വരുത്തിയിരിക്കുന്നത്. മസൂദും സഹോദരനും തല്‍ഹ അല്‍ സെയ്ഫും സംയുക്തമായാണ് വനിതാ ബ്രിഗേഡ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. ഐസിസ്, ബോക്കോ ഹറാം, ഹമാസ്, എല്‍ടിടിഇ എന്നീ ഭീകര ഗ്രൂപ്പുകള്‍ക്ക് വനിതകളെ ചാവേറാക്രമണത്തിന് ഉപയോഗിക്കുന്ന രീതിയുണ്ടെങ്കിലും ജെയ്ഷ് എ മുഹമ്മദ്, ലഷ്‌കറി തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ തീവ്ര സംഘടനകള്‍ ഇതുവരെ അതിനുമുതിര്‍ന്നിട്ടില്ല.
ഭാവിയില്‍ വനിതാ ചാവേറുകളെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ജെയ്ഷ് എ മുഹമ്മദ് ഉയോഗിക്കുമെന്ന സൂചനയാണ് മസൂദ് അസ്ഹറിന്റെ തീരുമാനം വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ശൃംഖലകള്‍
ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ ശൃംഖല വഴി ജയ്ഷിന്റെ വനിതാ വിഭാഗം സജീവമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാട്സാപ്പ് അടക്കം സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ വഴി ആശയ പ്രചാരണത്തിനാണ് ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ നീക്കം.
മതത്തിന്റെ പേരില്‍ സ്ത്രീകളെ പാട്ടിലാക്കി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വനിതാ ബ്രിഗേഡ് ലക്ഷ്യമിടുന്നു. വിദ്യാഭ്യാസമുള്ള നഗരകേന്ദ്രീകൃത മുസ്ലീം വനിതകളെ ലാക്കാക്കി വൈകാരികമായ ഉള്ളടക്കങ്ങളുള്ള സര്‍ക്കുലറുകളില്‍ മെക്കയുടെയും മദീനയുടെയും ചിത്രങ്ങളും കാണാം.
2001ലെ പാര്‍ലമെന്റ് ആക്രമണം, 2019 ലെ പുല്‍വാമ ചാവേറാക്രമണം എന്നിവയില്‍ ഉള്‍പ്പെട്ട ഭീകരസംഘടനയാണ് ജയ്ഷ് എ മുഹമ്മദ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും നാല് കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു. അസ്ഹറിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരെയാണ് ആക്രമണത്തില്‍ നഷ്ടപ്പെട്ടത്.