ഉത്തരേന്ത്യയില്‍ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാല്‍ മതാധ്യക്ഷന്മാരെ തുറങ്കിലടക്കുന്നു; ദലിതന്‍ ക്രിസ്ത്യാനിയായാല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു; മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായി സംസ്ഥാന സര്‍ക്കാര്‍ കാണുന്നു; വിമര്‍ശനവുമായി ബിഷപ് ജോസഫ് പാംപ്ലാനി
ഉത്തരേന്ത്യയില്‍ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാല്‍ മതാധ്യക്ഷന്മാരെ തുറങ്കിലടക്കുന്നു
പാലക്കാട്: ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവ മതത്തിലേക്ക് ആരെങ്കിലും പരിവര്‍ത്തനം നടത്തിയാല്‍ മതാധ്യക്ഷന്മാരെ തുറങ്കിലടക്കുകയാണെന്നും ഇതിന് കോടതികളും സംരക്ഷണം നല്‍കുന്നുവെന്നും തലശ്ശേരി രൂപത ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി. പാലക്കാട് ചക്കാത്തറയില്‍ കത്തോലിക്ക കോണ്‍ഗ്രസ് 107ാം ജന്മവാര്‍ഷികാഘോഷവും സാമുദായിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
കത്തോലിക്ക കോണ്‍ഗ്രസ് ഒരു സമുദായത്തിനുവേണ്ടി സംസാരിച്ച സംഘടനയല്ല. സംഘടന നയിച്ച സമരങ്ങള്‍ ഒരു സമുദായത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഭരണഘടന നല്‍കുന്ന അവകാശംപോലും നിഷേധിക്കുന്ന കോടതിവിധികള്‍ സമുദായത്തിനെതിരായി വരുന്നു. ഒരു ദലിതന്‍ ക്രിസ്ത്യാനിയായാല്‍ ആ കാരണത്താല്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ. അത് ഒരു മതത്തിന്റെ പേരിലുള്ള നിഷേധമാണ്.
ജെ.ബി. കോശി കമീഷന്‍ ഇനിയും നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ ഇപ്പോഴും അതില്‍ അടയിരിക്കുകയാണ്. പാലോളി മുഹമ്മദ് കുട്ടി കമീഷന്‍ റിപ്പോര്‍ട്ടില്‍ 21 ദിവസത്തിനുള്ളില്‍ നടപടിയെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സര്‍ക്കാര്‍ വന്ന ഒമ്പതു വര്‍ഷത്തിനുള്ളില്‍ 1008 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മലയോര ജനതയെ കാണുന്നത് വന്യ മൃഗങ്ങളുടെ ഭക്ഷണമായാണ്. സര്‍ക്കാറിനോട് ് പറയുന്നതിനേക്കാള്‍ ഫലം കിട്ടുക ആക്രമിക്കാന്‍ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാെലെന്നും അദ്ദേഹം പരിഹസിച്ചു. വനം വകുപ്പിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.കോടികള്‍ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ല.
വനം വകുപ്പ് ചെയ്യുന്നത് കര്‍ഷകരുടെ അടുക്കളയില്‍ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലെന്നും അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകരെ ഇല്ലായ്മ ചെയ്യാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.തീക്കൊള്ളി കൊണ്ട് തല ചൊറിയാന്‍ വനം വകുപ്പ് ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോബ് പോര്‍ട്ടല്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും ഇക്കോഷോപ് ജോസഫ് പാംപ്ലാനിയും ഉദ്ഘാടനം ചെയ്തു. ചെറിയാന്‍ ആഞ്ഞിലിമന്‍, ഫിലിപ്പ് കവിയില്‍, ജേക്കബ് മനത്തോടത്ത്, അഡ്വ. ബോബി ബാസ്റ്റിന്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, മൈക്കിള്‍ വെട്ടിക്കാട്ട്, അഡ്വ. പറയന്നിലം, വി.വി. അഗസ്റ്റിന്‍, എം.എം. ജേക്കബ് മുണ്ടക്കല്‍, അരുണ്‍ കലമറ്റത്തില്‍, ഡേവിഡ് ഇടക്കളത്തൂര്‍, ജോസഫ് മാത്യു പാറേക്കാട്ട്, സണ്ണിമാത്യു നെടുപുറം, ബീന തകരപ്പള്ളില്‍, അഭിഷേക് പുന്നാംതടത്തില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, തോമസ് ആന്റണി എന്നിവര്‍ സംസാരിച്ചു.