'അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെ ക്കണ്ടു; വി എസിന് ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല; 'ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ 'എന്ന് പറയാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് ജോയ് മാത്യു

'അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെ ക്കണ്ടു

Update: 2025-07-23 10:05 GMT

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ 'അവസാനത്തെ കമ്മ്യൂണിസ്റ്റ്' എന്ന പ്രയോഗം സോഷ്യല്‍ മീഡിയയില്‍ പലരും ഉപയോഗിച്ചിട്ടുണ്ട്. സംവിധായകന്‍ ജോയ് മാത്യുവും ഇത്തരമൊരു കുറിപ്പെഴുതിയിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അതില്‍ പ്രതികരിച്ചു കൊണ്ട് ജോയ് മാത്യു വീണ്ടും പോസ്റ്റിട്ടു.

അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ താന്‍ ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചതില്‍ മനംനൊന്തും അമര്‍ഷിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടുവെന്ന് നടന്‍ ജോയ് മാത്യു കുറിച്ചു. എന്നാല്‍ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമില്ലെന്നും ജോയ് മാത്യു ചോദിച്ചു.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരയുള്ള വിമര്‍ശനങ്ങള്‍ക്കാണ് ജോയ് മാത്യു മറുപടി നല്‍കുന്നത്.

''അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്തും അമര്‍ഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു. എന്നാല്‍ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമില്ല.

പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സില്‍ വരുന്ന നേതാക്കളുടെ മുഖങ്ങളില്‍ നിന്നും 'ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ 'എന്ന് പറയാവുന്ന ഒരാളെയെങ്കിലും എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ? അങ്ങിനെയെങ്കില്‍ ഞാന്‍ എന്റെ മുന്‍ പോസ്റ്റ് ഫ്രീയായി പിന്‍വലിക്കുന്നതാണ് ' -ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു

അതേസമയം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തിയിരുന്നു . കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിഎസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

''കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു .

പോരാട്ടങ്ങളുടെ

ചെറുത്ത് നില്പുകളുടെ

നീതിബോധത്തിന്റെ

ജനകീയതയുടെ ആള്‍രൂപം

അതായിരുന്നു വി എസ് .

ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത്

ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു .

ജനനേതാവേ വിട'

അതേസമയം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തുവന്നിരുന്നു. അച്യുതാനന്ദന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റല്ലെന്നും നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'അതെ..അയാള്‍ ഒന്നിന്റെയും അവസാനത്തെ കണ്ണിയല്ല..മറിച്ച് തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാ ശീലങ്ങളെയും തച്ച് തകര്‍ത്ത് പുതിയതിനെ പ്രതിഷ്ഠിക്കാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന തുടക്കത്തിന്റെ നേതാവായിരുന്നു...അതുകൊണ്ട് അയാള്‍ അവസാനത്തെ കമ്മ്യൂണിസ്റ്റല്ല ...മറിച്ച് വര്‍ത്തമാനകാലത്തെ ജനകീയ സമരങ്ങളെ ഫാസിസ്റ്റ് മൂരാച്ചി മനോഭാവത്തോടെ തള്ളികളയാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്...അയാള്‍ അവസാനത്തെ മനുഷ്യനല്ല..മറിച്ച് മനുഷ്യത്വം വിളമ്പാന്‍ ഇറങ്ങുന്നതിനുമുമ്പ് നമ്മുടെ കൈയ്യിലെ രക്തകറയുടെ മാലിന്യം കഴുകഴി കളയേണ്ട ശുദ്ധജലമാണ് ...എങ്ങിനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഒരു സമയ ഗോപുരമാണ്...അങ്ങിനെയാണയാള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണായത്...അവരുടെ കാഴ്ചപ്പാടുകളുടെ അകകാമ്പായ കരളായത്...ലാല്‍സലാം സഖാവേ..

Tags:    

Similar News