വഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരില്ല; നിയമവശം പരിശോധിച്ചെങ്കിലും കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിച്ച് നിയമവകുപ്പ്; കേസില്‍ വഖഫ് ബോര്‍ഡ് കക്ഷി ചേര്‍ന്നതോടെ നടപടിക്രമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സമുദായ സംഘടനകള്‍; ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചിന് വിട്ടു
വഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരില്ല
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരില്ല. ബിജെപി ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നിയമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചുകഴിഞ്ഞു. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേസില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഞ്ചുഹര്‍ജികള്‍ മാത്രമേ പരിഗണിക്കുകയുളളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മറ്റും ഹര്‍ജികളെ മൂന്നാംകക്ഷി ഹര്‍ജികളായി കണക്കാക്കും. മുനമ്പം കേസുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ എതിര്‍കക്ഷിയായ കേരള വഖഫ് ബോര്‍ഡ് അവസരം മുതലെടുത്ത് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
മധ്യപ്രദേശും അസമും അടക്കം ബിജെപി ഭരിക്കുന്ന അഞ്ചുസംസ്ഥാനങ്ങള്‍ വഖഫ് ഭേദഗതി നിയമത്തെ കോടതിയില്‍ പിന്തുണച്ചിട്ടുണ്ട്. നിയമത്തിന് എതിരെ ശക്തമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ ആദ്യമേ സ്വീകരിച്ചിരുന്നത്. പ്രതിപക്ഷമാകട്ടെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിയമത്തിന് എതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കാന്‍ സഹകരിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡും സ്വീകരിച്ചിരിക്കുന്ന നിലപാട് വിവിധ സമുദായ സംഘടനകള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ്. വഖഫ് ഭേദഗതി നിയമം പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, പരിഹാരമാകില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും വാദിക്കുന്നത്.
സുപ്രീം കോടതിയിലെ കേസിലെ സംഭവവികാസങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും കാത്തിരുന്നുകാണാമെന്ന നിലപാടിലാണെന്നും നിയമമന്ത്രി പി രാജീവ് പ്രതികരിച്ചു. പരമോന്നത കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ല. കേസില്‍ കക്ഷി ചേരുന്നതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പരിശോധിച്ചെങ്കിലും തല്‍ക്കാലം തീരുമാനം എടുത്തിട്ടില്ല.
അതേസമയം, വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ ബഞ്ചിന് വിട്ടു. അടുത്ത ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഈ മാസം പതിനഞ്ചിന് ഹര്‍ജികള്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആയി ബി.ആര്‍. ഗവായ് ചുമതലയേല്‍ക്കുന്നത് പതിനാലാം തീയതി ആണ്.
വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തില്‍ തിങ്കളാഴ്ച വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ചേരുകയും ചെയ്തിരുന്നു. എന്നാല്‍, ഹര്‍ജികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലവും വിവിധ ഹര്‍ജിക്കാര്‍ ഫയല്‍ചെയ്ത മറുപടിയും താന്‍ വായിച്ചെന്നും ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
അടുത്ത ആഴ്ച താന്‍ വിരമിക്കുന്നതിനാല്‍ വിശദമായി വാദംകേട്ട് വിധിപറയുന്നതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചത്. ഹര്‍ജികള്‍ പുതിയ ബെഞ്ചിന് വിടുന്നതിനെ കേന്ദ്ര സര്‍ക്കാരും കേസിലെ ഹര്‍ജിക്കാരും എതിര്‍ത്തില്ല.