അഴിമതിക്കാരെ വെളുപ്പിക്കാന്‍ നോക്കേണ്ട! സിബിഐ പ്രതികളെന്ന് കണ്ടിട്ടും സര്‍ക്കാരിന് മാത്രം എന്താ ബോധ്യപ്പെടാത്തത്? ആരെ സംരക്ഷിക്കാനാണ് ഈ ഒളിച്ചുകളി? കശുവണ്ടി അഴിമതിക്കേസില്‍ കോടതിയലക്ഷ്യം വ്യക്തമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്; ആര്‍.ചന്ദ്രശേഖരനും രതീഷിനും രക്ഷാകവചമൊരുക്കുന്ന പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കശുവണ്ടി അഴിമതിക്കേസില്‍ കോടതിയലക്ഷ്യം വ്യക്തമെന്ന് ഹൈക്കോടതി

Update: 2026-01-19 11:27 GMT

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ നടപടി കോടതിയോടുള്ള അനാദരവാണെന്നും ഇത് വ്യക്തമായ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കിയിട്ടും സര്‍ക്കാര്‍ പഴയ നിലപാട് തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാനുള്ള അധികാരം കോടതിക്ക് ലഭിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അഴിമതി അവസാനിപ്പിക്കാനുള്ള ഏക പരിഹാരം ഇതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐയുടെ ആവശ്യമാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി നിരാകരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നിലപാടിനെ ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകനായ മനോജ് കടകമ്പള്ളി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.

അഴിമതി നടന്നിട്ടില്ലെന്നും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയുടെ പക്കല്‍ തെളിവുകളില്ലെന്നുമാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തുടരുന്ന ഒളിച്ചുകളിയില്‍ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 'ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്?', 'അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ അഴിമതിക്കേസിലെ പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നത്?' എന്നിങ്ങനെയുള്ള ചോദ്യങ്ങളും കോടതി ഉന്നയിച്ചിരുന്നു. സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാരിന് മാത്രം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും, നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിക്കുന്നത് തുടര്‍ന്നാല്‍, അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ രേഖപ്പെടുത്തേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.

ഈ വിഷയത്തിലെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

Tags:    

Similar News