സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേല്‍ക്കും; കാത്തിരിക്കുന്നത് നിര്‍ണായക കേസുകള്‍; അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന് ചീഫ് ജസ്റ്റിസ് പദവി നഷ്ടമായ എച്ച്.ആര്‍.ഖന്നയുടെ അനന്തരവന്‍ നീതിപീഠത്തിന്റെ പരമോന്നത പദവിയില്‍
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേല്‍ക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിരമിച്ച ഒഴിവിലേക്കാണ് സഞ്ജീവ് ഖന്ന എത്തുന്നത്. ആറ് മാസത്തെ കാലയളവാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാകുക. പൗരത്വ നിയമ ഭേദഗതി, രാജ്യദ്രോഹക്കുറ്റം, ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പുനഃപരിശോധന തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളാണ് സഞ്ജീവ് ഖന്നയ്ക്കു മുന്നിലുള്ളത്. സുപ്രീം കോടതിയിലെ 51ാമത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുന്നത്.
1983ല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി തുടങ്ങിയ ഡല്‍ഹി സ്വദേശിയായ ഖന്ന 2005ല്‍ ഡല്‍ഹി ഹൈക്കോടതി അഡി. ജഡ്ജിയും അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയുമായി. ഹൈക്കോടതി ചീഫ് ജസ്റ്റിസാകും മുന്‍പുതന്നെ സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. 2019ലായിരുന്നു നിയമനം.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കുകയും ഇല്ക്ട്രല്‍ ബോണ്ടുകള്‍ റദ്ദാക്കുകയുംചെയ്ത ഭരണഘടന ബെഞ്ചുകളുടെ ഭാഗമായി. ചീഫ് ജസ്റ്റിസ് ഓഫിസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതും ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നല്‍കിയതും ഖന്നയുടെ ശ്രദ്ധേയമായ വിധികളാണ്.
സി.എ.എ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളില്‍ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കേണ്ടിവരും. ഭരണഘടന ബെഞ്ച് രൂപീകരിച്ച് ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാനായുള്ള നടപടി തുടങ്ങുമോയെന്നതും കേരളം മാത്രമല്ല രാജ്യമാകെയും ഉറ്റുനോക്കുന്നു. ആറു മാസമെന്ന കുറഞ്ഞ കാലാവധിക്കുള്ളില്‍ എത്ര കേസുകളില്‍ വിധിയറിയാനാകുമെന്ന് കാത്തിരിക്കാം.
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സീനിയോരിറ്റി ഉണ്ടായിട്ടും അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന്റെ പേരില്‍ പരിഗണക്കപ്പെടാതെ പോയ സുപ്രീം കോടതി മുന്‍ ജഡ്ജ് എച്ച്.ആര്‍.ഖന്നയുടെ അനന്തരവനുമാണ് സഞ്ജീവ് ഖന്ന. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ മേഘവാളാണ് ചീഫ് ജസ്റ്റിസിന്റെ അധികാരമേല്‍ക്കല്‍ സംബന്ധിച്ച് എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ഡിവൈ ചന്ദ്രചൂഢുമായി കൂടിയാലോചിച്ചാണ് തീരുമാനം അന്തിമമാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
സഞ്ജിവ് ഖന്നയെ തന്റെ പിന്‍ഗാമിയായി നിയമിക്കണമെന്ന് അറിയിച്ച് കേന്ദ്രത്തിന് ചന്ദ്രചൂഢ് കത്തെഴുതിയിരുന്നു. വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാര്‍ക്ക് ഇങ്ങനെ തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാന്‍ അവകാശമുണ്ട്. തിങ്കളാഴ്ച രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവയില്‍ രണ്ടുവര്‍ഷമാണ് കഴിഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം ചീഫ് ജസ്റ്റിസ് പദവിയില്‍ കഴിഞ്ഞ ന്യായാധിപരില്‍ ഒരാളാണ് ചന്ദ്രചൂഢ്. ജസ്റ്റിസ് ഖന്നയ്ക്ക് പക്ഷെ, ആറ് മാസമാണ് പദവയില്‍ കഴിയാനാവുക. 2025 മേയ് 13-ന് ജസ്റ്റിസ് ഖന്ന വിരമിക്കും.