'രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് പുറത്ത്; കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; ബലാത്സംഗ കേസില്‍ അറസ്റ്റു തടഞ്ഞ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍; പാര്‍ട്ടി പുറത്താക്കിയ വ്യക്തിയുടെ കാര്യത്തില്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ കെപിസിസിയും

'രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് പുറത്ത്; കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു;

Update: 2025-12-06 07:14 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയില്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം. രാഹുല്‍ വിഷയത്തില്‍ ഇനി ഇടപെടലുകള്‍ വേണ്ടെന്നും അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിര്‍ദേശം നല്‍കി. സൈബറിടത്തില്‍ അടക്കം അതിമായ ആഹ്ലാദം വേണ്ടന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ഓണാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ രാഹുല്‍ മാങ്കൂട്ടം ഒളിവില്‍ തുടര്‍ന്നേക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് വരെ കേരളത്തിലേക്ക് മടങ്ങി എത്തില്ല. എത്തിയാല്‍ രണ്ടാമത്തെ കേസില്‍ അറസ്റ്റിന് സാധ്യത എന്നും വിലയിരുത്തല്‍.

രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അപേക്ഷ നല്‍കി. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി.

കേസ് ഡയറി ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതി ഉന്നയിച്ച വാദങ്ങള്‍ കേള്‍ക്കണം ഹൈക്കോടതി. കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നും കോടതി. പ്രോസിക്യൂഷനും വാദങ്ങളുന്നയിക്കാം. മുന്‍വിധിയോടെയല്ലാ ഹര്‍ജി കേള്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News