ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല; ആശ സമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യം; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ലെന്ന് കെ വി തോമസ്; ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി
ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ആശവര്‍ക്കര്‍മാര്‍ക്ക് വേണ്ടി സംസാരിക്കാനല്ല സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യ്ക്തമാക്കി.
ആശസമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ല. എയിംസ്, ആര്‍.സി.സിയുടെ അപ്ഗ്രഡേഷന്‍, വയനാട് മെഡിക്കല്‍ കോളജ് എന്നീ വിഷയങ്ങള്‍ സംസാരിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയത്. എയിംസിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മന്ത്രാലയം പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യും. ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് പുറത്തുവിടണമെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ആശവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്നാണ് കെ.വി. തോമസ് നേരത്തെ പ്രതികരിച്ചിരുന്നത്. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതേസമയം ആശാസമരം 40 ദിവസങ്ങള്‍ പിന്നിട്ട് നിരാഹാരവും കൂട്ടസത്യാഗ്രഹവുമൊക്കെ ആയി മാറിയിരിക്കുന്ന സമയത്ത് സമരത്തെ തള്ളി ഐഎന്‍ടിയുസിയും രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയേറ്റ് പടിക്കലെ സമരപ്പന്തലില്‍ എത്തുന്ന സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയുടെ മലക്കം മറിയല്‍. ആയമാര്‍ക്ക് ഓണറേറിയം അല്ല സ്ഥിരശമ്പളമാണ് നല്‍കേണ്ടതെന്ന് അവര്‍ പറയുന്നു.
11-ാം സംസ്ഥാന ശമ്പളകമ്മിഷന്‍ പ്രകാരം ആശ തൊഴിലാളികള്‍ക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎന്‍ടിയുസി പ്രസ്ഥാനത്തിനുണ്ടെന്ന്ാണ് ലേഖനം വ്യക്തമാക്കുന്നത്. എന്നിരുന്നാലും എസ്യുസിഐ നേതൃത്വത്തില്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്.
സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഐഎന്‍ടിയുസി യങ്ങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്. ''ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിര വേതനം'' എന്ന തലക്കെട്ടിലാണ് ലേഖനം അച്ചടിച്ചിരിക്കുന്നത്.