ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും, അത് തനിക്ക് ഇഷ്ടമല്ലെന്നും ദേഷ്യത്തോടെ നോക്കുമെന്നും നവാസ്; മരിച്ചുകഴിഞ്ഞാല്‍ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ, ജീവിച്ചിരിക്കുമ്പോള്‍ സംസാരിച്ചിരിക്കാലോ എന്ന് രഹന; നൊമ്പരമുണര്‍ത്തി കലാഭവന്‍ നവാസിന്റെ പഴയൊരു അഭിമുഖം
കലാഭവന്‍ നവാസിന്റെ പഴയൊരു അഭിമുഖം
കൊച്ചി: മലയാളിപ്രേക്ഷകരുടെ സ്വീകരണമുറിയില്‍ ചിരി നിറയ്ക്കുന്ന സാന്നിധ്യമായിരുന്ന കലാഭവന്‍ നവാസിന് മലയാളക്കര വിടവാങ്ങി കഴിഞ്ഞു. മിമിക്രിയിലൂടെ മിനിസ്‌ക്രീനിലേക്കും, സിനിമയിലേക്കുമെത്തി, ഇടവേളയെടുത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് നവാസിന്റെ മരണം. പ്രിയ താരത്തിന്റെ പഴയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭാര്യയും നടിയുമായ രഹ്നയും നവാസും അതിഥികളായെത്തിയ അഭിമുഖത്തിലെ രഹ്ന വാക്കുകളാണ് ഓര്‍മ്മയില്‍ തങ്ങുന്നത്.
ഉച്ചയ്ക്ക് ഭക്ഷണശേഷമുള്ള ഉറക്കം രഹനയ്ക്ക് ഒട്ടും ഇഷ്ടമല്ല. ആ സമയത്ത് നവാസ് ഉറങ്ങുമ്പോള്‍ താന്‍ ശല്ല്യപ്പെടുത്താറുണ്ടെന്നും രഹ്ന പറയുന്നു. എന്തിനാണ് പകല്‍ സമയം ഉറങ്ങുന്നത് എന്നാണ് മനസില്‍ തോന്നുകയെന്നും മരിച്ചുകഴിഞ്ഞാല്‍ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ എന്നും ജീവിച്ചിരിക്കുമ്പോള്‍ എന്തെങ്കിലും സംസാരിച്ചിരിക്കാലോ എന്നുമാണ് താന്‍ ആലോചിക്കുകയെന്നും രഹ്ന അഭിമുഖത്തില്‍ പറയുന്നുണ്ട. രഹ്നയുടെ പോസിറ്റീവിനേയും നെഗറ്റീവിനേയും കുറിച്ച് നവാസിനോട് അവതാരക ചോദിച്ചപ്പോഴാണ് ഈ ഉറക്കത്തെ കുറിച്ചുള്ള കാര്യം ഇരുവരും പറഞ്ഞത്.
രഹ്ന കഠിനധ്വാനിയാണെന്നും എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുമെന്നും നവാസ് പറയുന്നു. അതാണ് അവളുടെ പ്ലസ് പോയിന്റ്. എന്നാല്‍ ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും. അത് തനിക്ക് ഇഷ്ടമല്ലെന്നും താന്‍ രഹ്നയെ ദേഷ്യത്തോടെ നോക്കുമെന്നും നവാസ് പറയയുന്നു. വിവാഹത്തിന് മുമ്പ് തന്റെ സഹോദരിയും ഉമ്മയും ഇത്തരത്തില്‍ ഉറങ്ങുമ്പോള്‍ താന്‍ ശല്ല്യപ്പെടുത്താറുണ്ടായിരുന്നെന്നും രഹ്ന പറയുന്നു. വിവാഹശേഷം തന്റെ ഇര നവാസ് ആയെന്നും രഹ്ന അഭിമുഖത്തില്‍ പറയുന്നുണ്ട്. മൂന്ന് മക്കളും പകല്‍ ഉറങ്ങുന്ന സ്വഭാവമില്ലെന്നും അതിന് താന്‍ സമ്മതിക്കാറില്ലെന്നും രഹ്ന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സിനിമാ കുടുംബമായിരുന്നു കലാഭവന്‍ നവാസിന്റേത്. പിതാവും, ഭാര്യയും, സഹോദരനും, സിനിമാ താരങ്ങള്‍. കലാരംഗത്ത് സജീവമായി നില്‍ക്കുമ്പോഴായിരുന്നു നവാസിന്റെ രഹനയുമായുള്ള വിവാഹവും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. 2002 ലായിരുന്നു അതിലേക്ക് എത്തിയതിനെക്കുറിച്ച് രഹ്ന ഒരിക്കല്‍ വെളിപ്പെടുത്തിയത് ഇങ്ങനെ:
'നാട്ടില്‍ വച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമില്‍ വെച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് താന്‍ പ്രതീക്ഷിച്ചതിനെക്കാളും വ്യത്യസ്തമായ സ്വഭാവമായിരുന്നു. അന്നത്തെ പരിപാടിയുടെ സംവിധായകന്‍ നവാസിക്കയാണ്. ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് എന്റേതായിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്‌കിറ്റ്. അന്നുവരെ ഞാന്‍ സ്‌കിറ്റിലൊന്നും അഭിനയിച്ചിട്ടില്ലെന്നാണ്' രഹ്ന പറയുന്നത്.
പാട്ട് കഴിഞ്ഞ ഉടന്‍ സ്‌കിറ്റ് വേദിയില്‍ കയറണം. എന്നാല്‍ തന്റെ ഡാന്‍സിന്റെ കോസ്റ്റിയൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു. ഒന്‍പത് ഡാന്‍സൊക്കെ അടുപ്പിച്ച് ചെയ്യുന്ന ആളാണ് ഞാന്‍. ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനൊണ് ചാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഡാന്‍സിന്റെ വസ്ത്രം ഊരാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോയി. അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്. ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു.
എന്റെ അവസ്ഥ കണ്ട് പുള്ളിക്കാരി എവിടുന്നോ ബ്ലെയിഡ് കൊണ്ട് വന്ന് കീറി തന്നു. അപ്പോഴെക്കും സ്‌കിറ്റ് സ്റ്റേജില്‍ കയറി. നായകനും നായികയും മാത്രമുള്ള സ്‌കിറ്റാണ്. സുധീഷേട്ടന്‍ വേദിയില്‍ കയറിയെങ്കിലും നായികയായ ഞാന്‍ മാത്രം വരുന്നില്ല. അതോടെ അവിടെയാകെ പ്രശ്‌നമായി തുടങ്ങി.
'ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന്' എന്നെ കുറിച്ച് നവാസിക്ക പറയുന്നത് ഞാന്‍ തന്നെ കേട്ടു. പിന്നെ ഡ്രസ് മാത്രം ഇട്ടിട്ട് ഓടി സ്റ്റേജിലേക്ക് കയറാന്‍ പോവുകയാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്‌സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചയെന്ന് രഹ്ന പറയുന്നു. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും സൂചിപ്പിച്ചു.
രഹ്നയുടെ കാര്യം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് നവാസ് പറഞ്ഞത് ഇങ്ങനെ:
'അന്ന് അവിടുന്ന് കണ്ട്, രണ്ടാളും പിരിഞ്ഞു. പിന്നീട് രഹ്നയ്‌ക്കൊപ്പം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ ഇരുകുടുംബങ്ങളും കലാകുടുംബമാണ്. അങ്ങനെ വീട്ടില്‍ സംസാരിച്ചു. ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നതെന്നും നവാസ് പറയുകയുണ്ടായി.