കസാഖിസ്ഥാനിലെ വിമാന അപകടം വെടിവെച്ചിട്ടതാകാമെന്ന് സംശയം; വിമാനത്തിന്റെ പിന്‍ഭാഗത്തെ ഫ്യൂസ്ലേജില്‍ വെടിവെച്ചതിന്റെ പാടുകള്‍ കണ്ടെത്തി; ശത്രു രാജ്യത്തിന്റെ ഡ്രോണ്‍ എന്ന് കരുതി വെടിവെച്ചതാകാം എന്ന് റിപ്പോര്‍ട്ട്; ദുരൂഹതയേറ്റി ചിത്രങ്ങള്‍; പിന്നില്‍ റഷ്യ എന്ന് സംശയം? പക്ഷി ഇടിച്ച് തകര്‍ന്നതെന്ന് റഷ്യ

Update: 2024-12-26 06:01 GMT

അസര്‍ബൈജാന്‍: കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്ന് വീണത് വെടിവെച്ച് ഇട്ടിതാണെന്ന് റിപ്പോര്‍ട്ട്. അടിയന്തര ലാന്റിങ്ങിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ലാന്റ് ചെയ്യുന്നതിനായി താഴ്ന്ന് പറന്നിരുന്നു. എന്നാല്‍ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് വിമാനം വെടിവെച്ച് ഇട്ടതാകാനുള്ള സാധ്യതയെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2014-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേ കിഴക്കന്‍ യുക്രൈനില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് എംഎച്ച്17 തകര്‍ന്നുവീണിരുന്നു. വിമാനം വെടിവെച്ചിട്ടതാണെന്ന് പിന്നീട് വ്യക്തമായി. കസാഖിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ പിന്‍ഭാഗത്തെ ഫ്യൂസ്ലേജില്‍ അന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കണ്ടതിന് സമാനമായ പാടുകളാണ് കണ്ടെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ സംശയം ഇരട്ടിക്കുകയാണ്.

വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാം എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ശത്രുക്കള്‍ വിടുന്ന ഡ്രോണ്‍ ആണെന്ന് കരുതി വെടിവെച്ചതാകാം എന്നത് തള്ളികളയാന്‍ ആകില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുക്രൈന്‍ ഡ്രോണ്‍ എന്ന് കരുതി റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. 67 യാത്രക്കാരുമായി അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട 29 പേരെ രക്ഷപ്പെടുത്തിയിരുന്നു. 38 പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News