കെ സി വൈ എം പ്രവര്‍ത്തകരുടെ പ്രായപരിധി 30 വയസ് ആയിരിക്കണമെന്ന് ശഠിച്ച് കെ സി ബി സി സര്‍ക്കുലര്‍; പാലക്കാട്ട് വച്ച് കെ സി വൈ എം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ചിലരെ വെട്ടാനാണ് സര്‍ക്കുലര്‍ എന്ന് ആരോപണം; തെറ്റായ സര്‍ക്കുലര്‍ അസമയത്ത് ഇറക്കിയതിന് എതിരെ ശക്തമായ പ്രതിഷേധം; കൊച്ചിയില്‍ നാളെ മാര്‍ച്ച്

കെ സി വൈ എം തിരഞ്ഞെടുപ്പില്‍ പ്രായപരിധി തര്‍ക്കം മുറുകുന്നു

Update: 2025-02-04 17:32 GMT

കൊച്ചി: കേരളത്തില്‍ മൂന്ന് വ്യക്തിഗത സഭകളുടെ സമിതിയായ കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ( കെ.സി.വൈ.എം ) തിരഞ്ഞെടുപ്പിലെ പ്രായപരിധിയെ ചൊല്ലി തര്‍ക്കം മുറുകുന്നു. കെ സി വൈ എം പ്രവര്‍ത്തകരുടെ പ്രായപരിധി 30 വയസായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് കെ സി ബി സി പുറത്തിറക്കിയ സര്‍ക്കുലറിന് എതിരെയാണ് ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്.

കെ സി വൈ എം എമ്മിന്റെ സംസ്ഥാന സെനറ്റും തിരഞ്ഞെടുപ്പും ഈ മാസം 7, 8, 9 തീയതികളില്‍ പാലക്കാട് വച്ച് നടക്കുകയാണ്. കെ സി വൈ എം പ്രസിഡന്റ് സ്ഥാനത്തേക്ക് പാലക്കാട് നിന്ന് ഒരാള്‍ മത്സരിക്കുന്നുണ്ട്. സിറോ-മലബാര്‍ സഭയില്‍ നിന്നാണ് ഇത്തവണ കെ സി വൈ എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. താമരശേരി രൂപതയില്‍ നിന്നുളള ഒരാളും അടക്കം മൂന്നുപേരാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി രംഗത്തുള്ളത്.

എസ്എംവൈഎം എന്ന സംഘടന സംവിധാനം സിറോ മലബാര്‍ സഭ യുവാക്കള്‍ക്കിടയില്‍ കൊണ്ടുവന്നെങ്കിലും, സിറോ-മലബാര്‍ സഭയിലെ കുറെ രൂപതകള്‍ അതില്‍ അംഗമായിട്ടില്ല. പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം രൂപതകള്‍ എസ് എം വൈ എമ്മിന്റെ ഭാഗമാകാനോ, അംഗീകരിക്കാനോ തയ്യാറായിട്ടില്ല. ആ രൂപതകള്‍ ഇപ്പോഴും കെ സി വൈ എമ്മിന്റെ ഭാഗമായി നില്‍ക്കുന്നു. എസ് എം വൈ എമ്മിന്റെ പ്രായപരിധി 30 ആണെന്ന് മാത്രമല്ല, വിവാഹം കഴിഞ്ഞവര്‍ക്ക് സംഘടനാ തലപ്പത്തേക്ക് വരാനും കഴിയില്ല. 27 വയസ് കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്നൊക്കെയാണ് വ്യവസ്ഥകള്‍. കെ സി വൈ എമ്മിന്റെ ഭരണഘടനയനുസരിച്ച് പ്രസിഡന്‍ഷ്യല്‍ ഭരണമാണ്. പ്രസിഡന്റാണ് എല്ലാത്തിന്റെയും അദ്ധ്യക്ഷന്‍. യുവാക്കള്‍ക്ക് ധാരാളം അവസരം ലഭിക്കുകയും ചെയ്യും. എസ് എം വൈ എമ്മിലാകട്ടെ, ഡയറക്ടായിരിക്കുന്ന പുരോഹിതന്റെ വാക്കുക്കള്‍ക്ക് അനുസൃതമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത് എന്നാണ് എതിര്‍പക്ഷം പറയുന്നത്.

നിലവില്‍, 30 വയസ് കഴിഞ്ഞ ഒരാളാണ് പാലക്കാട് നിന്ന് കെ സി വൈ എമ്മിന്റെ സ്ഥാനര്‍ഥിയായി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അദ്ദേഹം ആ മത്സരരംഗത്ത് വരാതിരിക്കാന്‍ വേണ്ടി പലതരത്തില്‍, സിറോ-മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും, എസ് എം വൈ എമ്മിന്റെ സംസ്ഥാന ഡയറക്ടറും ആയിട്ടുളള വ്യക്തി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. എന്നാല്‍, അത് ഏല്‍ക്കാതെ വന്നപ്പോള്‍, അദ്ദേഹം ഒരുസര്‍ക്കുലര്‍ ഇറക്കി. തീയതിയും, സര്‍ക്കുലര്‍ നമ്പരും ഇല്ലാത്ത, ഒപ്പ് സ്‌കാന്‍ ചെയ്ത് വേറെ ഒരെണ്ണം വച്ചിട്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കി എല്ലാ രൂപതകളിലേക്കും അയച്ചു. 30 വയസു കഴിഞ്ഞവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്നതായിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം. എന്നാല്‍, പാലക്കാട് രൂപത അടക്കമുളളവര്‍ ആ സര്‍ക്കുലറിനെ നിരാകരിച്ചു. തങ്ങള്‍ എസ് എം വൈ എമ്മിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് സ്വീകാര്യമല്ലെന്നുമായിരുന്നു പ്രതികരണം. തങ്ങളുടെ സ്ഥാനാര്‍ഥിക്ക് 32 വയസുണ്ടെന്നും മത്സരിക്കുമെന്നുമായിരുന്നു മറുപടി. കെ സി വൈ എമ്മിന്റെ ഭരണഘടന അനുസരിച്ച് 35 വയസ് വരെയുളളവര്‍ക്ക് മത്സരിക്കുകയും ചെയ്യാം.

അതോടെ, സര്‍ക്കുലര്‍ വിലപ്പോവില്ലെന്ന് കണ്ടപ്പോള്‍ എസ് എം വൈ എമ്മിന്റെ സംസ്ഥാന ഡയറക്ടര്‍ സമ്മര്‍ദ്ദം ചെലുത്തി, കെ സി ബി സി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ കൊണ്ട് ചൊവ്വാഴ്ച സര്‍ക്കുലര്‍ ഇറക്കിപ്പിച്ചു. കെ സി വൈ എമ്മിന്റെ പ്രായപരിധി 30 ആയി നിജപ്പെടുത്തി കൊണ്ടുള്ള സര്‍ക്കുലറാണ് ഇറക്കിയത്്. സിറോ മലബാര്‍ സഭയിലെ ചില പ്രമുഖന്മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ സര്‍ക്കുലര്‍ ഇറക്കിയെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. കെ സി വൈ എമ്മിന്റെ നിയന്ത്രണം കെ സി ബി സി പ്രസിഡന്റിന് അല്ലെന്നും കെ സി ബി സിയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനായിട്ടുളള ബിഷപ്പിനും സെക്രട്ടറിക്കുമാണന്നും ഇക്കൂട്ടര്‍ പറയുന്നു. കെ സി ബി സിയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനും, കെ സി വൈ എമ്മിന്റെ സംസ്ഥാന ഡയറക്ടമാരും അറിയാതെയാണ് കര്‍ദ്ദിനാളിന്റെ സര്‍ക്കുലര്‍ എന്നാണ് ആരോപണം.

തെറ്റായ സര്‍ക്കുലര്‍ അസമയത്ത് ഇറക്കിയതില്‍ പ്രതിഷേധിച്ച് നാളെ പാലാരിവട്ടം പി ഒ സിയിലേക്ക് കൊച്ചി രൂപതയിലുളള കെ സി വൈ എമ്മുകാര്‍ രാവിലെ 8 മണിക്ക് പ്രതിഷേധ പ്രകടനം നടത്തും.

കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ( കെ.സി.വൈ.എം ) ഇന്ത്യയിലെ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിലെ മൂന്ന് റീത്തുകളില്‍ ( ലാറ്റിന്‍ സഭ, സീറോ-മലബാര്‍ സഭ, സീറോ-മലങ്കര, മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം ) നിന്നുള്ള കത്തോലിക്കാ യുവാക്കള്‍ക്കായുള്ള ഒരു സംഘടനയാണ്.

കെസിബിസി കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള ഔദ്യോഗിക സംസ്ഥാന, പ്രാദേശിക സംഘടനയാണ് കെസിവൈഎം . ദേശീയ യുവജന സംഘടനയായ 'ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ' (ഐസിവൈഎം) യുമായി ഇത് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കത്തോലിക്കാ മൂല്യങ്ങളിലും തത്വങ്ങളിലും വിശ്വസിക്കുന്ന 15 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് ഇതില്‍ ഉള്‍പ്പെടുന്നത്

കേരളത്തിലെ 32 രൂപത യുവജന പ്രസ്ഥാനങ്ങളുടെ ഒരു ഫെഡറേഷനാണ് കെ.സി.വൈ.എം. അഫിലിയേറ്റഡ് രൂപത പ്രസ്ഥാനങ്ങള്‍ക്ക് ഫെഡറേഷനില്‍ തുല്യ അവകാശങ്ങളുണ്ട്.

Tags:    

Similar News