മോദിയുടെ ക്ഷണം സ്വീകരിച്ചു രണ്ടു മാസം കഴിയുമ്പോഴേക്കും സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്; വിഷന്‍ 2035 ലക്ഷ്യം വയ്ക്കുന്നത് കൂടുതല്‍ തുറന്ന സഹകരണം തന്നെ; അമേരിക്ക വരുത്തുന്ന നഷ്ടങ്ങള്‍ തീര്‍ക്കാന്‍ ബ്രിട്ടീഷ് വിപണിയില്‍ ഇന്ത്യയ്ക്ക് അവസരം; സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് എത്തുന്നത് ആദ്യമായി; ട്രംപിന്റെ കണ്ണുരുട്ടല്‍ ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ സ്റ്റാര്‍മറും പുട്ടിനും ഇന്ത്യയിലെത്തുന്നത് നയതന്ത്ര വിജയം കൂടിയാകും

മോദിയുടെ ക്ഷണം സ്വീകരിച്ചു രണ്ടു മാസം കഴിയുമ്പോഴേക്കും സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്

Update: 2025-10-05 04:15 GMT

ലണ്ടന്‍: ജൂലൈയില്‍ യുകെയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു രണ്ടു മാസം കഴിയുമ്പോഴേക്കും ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തയ്യാറായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇന്ത്യയും യുകെയും തമ്മില്‍ ചുരുങ്ങിയത് അഞ്ചു ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കാനിരിക്കെ അതില്‍ പരമാവധി സ്വന്തമാക്കണം എന്ന ആഗ്രഹം ഇരു പക്ഷത്തും വളരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്രധാനമന്ത്രിമാര്‍ തമ്മില്‍ അടിക്കടിയുള്ള കൂടിക്കാഴ്ചകള്‍. കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടീഷ് വിദേശകാര്യ, വ്യാപാര സെക്രട്ടറിമാര്‍ കൂടുതല്‍ സമയവും ഡല്‍ഹിയില്‍ ആയിരുന്നു എന്ന തമാശയ്ക്ക് പിന്നിലും ഈ വ്യാപാര കരാറിന്റെ വലിപ്പം തന്നെയാണ് നിഴലിക്കുന്നത്. ബ്രക്‌സിറ്റ് നടന്ന ബ്രിട്ടനില്‍ കോവിഡിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പിന് പുതിയ വ്യാപാര പങ്കാളി ആവശ്യമായ സമയത്താണ് ഇന്ത്യയുടെ കടന്നു വരവ്.

അതിനാല്‍ തന്നെ വെറും കച്ചവട പങ്കാളിത്തം എന്നതില്‍ ഉപരി ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മ ബന്ധമായി ഇത് ദീര്‍ഘ നാളത്തേക്ക് നിലനില്‍ക്കേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണ്. ബ്രിട്ടന് പുതിയ കച്ചവട അവസരം ലഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വളരാനുള്ള കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ കരാറിലൂടെ സാധിക്കും എന്നതാണ് ചരിത്രപരമായ നേട്ടമായി മാറുന്നത്. അതിനാല്‍ ഇരു പക്ഷവും തമ്മിലുള്ള കൂടിക്കാഴ്ചകളും ചരിത്രപരമായി പ്രധാനപ്പെട്ടതാകുകയാണ്.

അധികാരമേറ്റ് ഒരു വര്‍ഷം പിന്നിട്ട ശേഷമാണു കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യന്‍ യാത്രയ്ക്ക് തയ്യാറാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. അദ്ദേഹത്തിന് ഒപ്പമുള്ള ഉന്നത തല സംഘത്തില്‍ ആരൊക്കെയുണ്ട് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായിട്ടില്ല. ഈ മാസം 8-9 തീയതികളിലായി ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം മുംബൈയില്‍ നടക്കുന്ന ചടങ്ങുകളില്‍ മോദിക്കൊപ്പം വേദി പങ്കിടും. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 23 രാജ്യങ്ങളിലേക്കായി 29 വിദേശ യാത്രകളാണ് സ്റ്റാര്‍മര്‍ നടത്തിയിരിക്കുന്നത്.

അടുത്ത പത്തുവര്‍ഷത്തേക്കുള്ള വികസന റോഡ് മാപ്പ് ചര്‍ച്ച ചെയ്യുകയാണ് ഈ സന്ദര്‍ശനത്തിലെ മുഖ്യ ഇനം എന്നതിനാല്‍ ഇരു പക്ഷത്തിനും കൂടിക്കാഴ്ച പ്രധാനമാകുകയാണ്. മുംബൈയില്‍ ഗ്ലോബല്‍ ഫിന്‍ ടെക്ക് ഫെസ്റ്റിന്റെ ആറാം എഡിഷനില്‍ മുഖ്യതിഥി ആയാണ് സ്റ്റാര്‍മര്‍ എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദിയില്‍ ഉണ്ടാകും എന്നത് ഈ ചടങ്ങിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. ബിസിനസ്, വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കും വേദി അവസരം ഒരുക്കും എന്നത് ചടങ്ങിന്റെ മാറ്റു കൂട്ടും. വ്യാപാര പങ്കാളിത്തം, കാലാവസ്ഥ, പ്രതിരോധം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യസം എന്നീ കാര്യങ്ങളിലൊക്കെ വിശദമായ ചര്‍ച്ചകളും നിക്ഷേപ സാധ്യതകളും ഇരു പക്ഷത്തും ചര്‍ച്ചയാകും.

അതേസമയം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വ്യാപാര തീരുവ ഉയര്‍ത്തിയും വിദേശികള്‍ക്കുള്ള ജോലിക്ക് ആവശ്യമായ എച്ച് 1 ബി വിസയ്ക്ക് കനത്ത ഫീസും ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണുരുട്ടല്‍ നില്‍നില്‍ക്കുമ്പോളാണ് രണ്ടു ലോക ശക്തികളായ ബ്രിട്ടന്റെയും റഷ്യയുടെയും തലവന്മാര്‍ ഇന്ത്യയില്‍ എത്തുന്നത് എന്നത് നയതന്ത്രപരമായി വലിയ വിജയമായി ആഘോഷിക്കപെടും. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ചൈനയില്‍ എത്തിയതും ഇതുമായി കൂട്ടിവായിക്കപ്പെടണം. ഇന്ത്യയെയും ചൈനയെയും പഴയ കാലത്തേതു പോലെ പേടിപ്പിച്ചു നിര്‍ത്താനാകില്ല എന്ന് പുടിന്‍ പറഞ്ഞതും അമേരിക്കയുടെ തീരുമാനം ശരിയല്ല എന്ന് തെളിച്ചു പറഞ്ഞതിന് തുല്യമാണ്.

ആഗോള വ്യാപാര രംഗത്ത് അമേരിക്ക കൂടുതലായി ഒറ്റപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാകാതെ അമേരിക്ക് ഷട്ട് ഡൗണ്‍ പ്രതിസന്ധി നേരിടുമ്പോള്‍ തന്നെയാണ് ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളുമായി വ്യാപാര രംഗത്ത് ഏറ്റുമുട്ടല്‍ നടക്കുന്നത് എന്നതും നിര്‍ണായകമാണ്. അമേരിക്കന്‍ വിപണി നഷ്ടമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും ഒക്കെ മറ്റു വിപണികള്‍ കണ്ടെത്തുമെന്ന സൂചന കൂടിയാണ് ആഗോള ശക്തികളുടെ പരസ്പര സഹകരണ ശ്രമങ്ങള്‍ വ്യക്തമാക്കുന്നതും.

Tags:    

Similar News