രാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിച്ചത് കസവുഷാള്‍ അണിയിച്ച്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടത് ഒരുമണിക്കൂര്‍; കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന ചര്‍ച്ച; പിണറായി മുന്‍കൈയെടുത്ത വെടിനിര്‍ത്തലില്‍ ആര്‍ലേക്കര്‍ ഹാപ്പി; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്‍; മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?
മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഭരണപ്രതിസന്ധിക്കിടെ മുഖ്യമന്ത്രി, ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകലെന്ന് സൂചന. രാജ്ഭവനില്‍ നടന്ന കൂടികഴ്ച ഒരു മണിക്കൂര്‍ നേരം നീണ്ടുനിന്നു. രാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ കസവുഷാള്‍ അണിയിച്ചാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും സൗഹാര്‍ദ്ദമായി തന്നെ ചര്‍ച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന വേളയില്‍ കേരള സര്‍വകലാശാലയില്‍ നടന്ന സമരവും വിവാദങ്ങളുമായിരുന്നു പ്രധാന ചര്‍ച്ച.
ഇത് കൂടാതെ ഗവര്‍ണറുടെ പരിഗണനയിലുള്ള ബില്ലുകള്‍ ഒപ്പിടണമെന്നും, സര്‍വ്വകലാശാലകളില്‍ സ്ഥിരം വി സിമാരെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. തര്‍ക്ക വഴിയില്‍ നീങ്ങവേ മുഖ്യമന്ത്രി തന്നെ അനുനയത്തിന് മുന്‍കൈ എടുത്തതില്‍ ഗവര്‍ണറും സന്തുഷ്ടവാനാണ്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ സ്ഥിരം വി സിമാരെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് എത്തി ഗവര്‍ണറെ കണ്ടത്. ചാന്‍സിലരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന സര്‍വകലാശാല ഭേദഗതി ബില്ലിലും, സ്വകാര്യ സര്‍വകലാശാല ബില്ലിലും രണ്ടുമാസമായിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ബില്ലില്‍ ഉടന്‍ ഒപ്പിടണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടതാണ് സൂചന. ഇക്കാര്യത്തില്‍ അടക്കം ഇനി ഗവര്‍ണര്‍ എന്തു തീരുമാനം കൈക്കൊള്ളും എന്നാണ് അറിയേണ്ടത്.
സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൂന്ന് അംഗങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍നിന്ന് വി സി നിയമനം നടത്തണമെന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കേരള സര്‍വകലാശാലയില്‍ വി സി സിന്‍ഡിക്കേറ്റ് പോര് തുടരുകയാണ്. കേരളയിലെ പ്രശ്നപരിഹാരമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രി ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.
ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഭാരതാംബവിവാദത്തില്‍ തുടങ്ങി കേരള സര്‍വകലാശാലയിലെ ഏറ്റുമുട്ടല്‍വരെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസം ഡല്‍ഹി കേരള ഹൗസില്‍ ഇരുവരും തൊട്ടടുത്ത മുറികളില്‍ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. അതേസമയം, ഗവര്‍ണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു. സമീപകാല വിവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയെന്നും വിവരമുണ്ട്.
അതിനിടെ, കേരള സര്‍വകലാശാലയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ സമാന്തര സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനോട് വിസി വിശദീകരണം തേടുകയുംചെയ്തിരുന്നു.
വി.സിയുമായും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുമായും ചര്‍ച്ച നടത്തിയശേഷം സിന്‍ഡിക്കറ്റ് യോഗം വിളിക്കാന്‍ വി.സി സമ്മതിച്ചതായി മന്ത്രി ആര്‍.ബിന്ദു അറിയിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കാതെ വി.സി സിന്‍ഡിക്കറ്റ് വിളിക്കില്ല. സിന്‍ഡിക്കറ്റ് വിളിച്ചു ചേര്‍ക്കേണ്ടതു വി.സിയാണ്. അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കേണ്ടതു റജിസ്ട്രാറും. സസ്‌പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ നോട്ടിസ് അയയ്ക്കുന്നതും റജിസ്ട്രാര്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതും അനുവദിക്കില്ലെന്നു വി.സി വ്യക്തമാക്കുന്നു. അനില്‍കുമാറിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്.
രണ്ടു റഗുലര്‍ സിന്‍ഡിക്കറ്റ് യോഗത്തിനിടയില്‍ 60 ദിവസത്തിലധികം ഇടവേള പാടില്ലെന്നു ചട്ടമുള്ളതിനാല്‍ ഈ മാസം 27നകം യോഗം വിളിച്ചില്ലെങ്കില്‍ വി.സിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെടുമെന്നും ഇവര്‍ വാദിക്കുന്നു. മേയ് 27നാണ് അവസാന റഗുലര്‍ സിന്‍ഡിക്കറ്റ് നടന്നതെന്നും ഇതിനുശേഷം ജൂണ്‍ 11നും ജൂലൈ 6നും നടന്നതു സ്‌പെഷല്‍ സിന്‍ഡിക്കറ്റാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, ജൂണ്‍ 11നു ചേര്‍ന്നതു റഗുലര്‍ സിന്‍ഡിക്കറ്റ് ആയിരുന്നെന്നു വിസിയും പറയുന്നു. 20 ദിവസത്തിനു ശേഷം വെള്ളിയാഴ്ച സര്‍വകലാശാലയിലെത്തിയ വിസി 1800ല്‍ അധികം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടിരുന്നു. അനുരഞ്ജന ചര്‍ച്ചകളുടെ ഭാഗമായി വി.സിക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.