മുഖ്യമന്ത്രിയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും ഖജനാവില്‍ നിന്നും പതിനായിരങ്ങള്‍ പൊടിയും? സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി; ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടാന്‍ നിയോഗിച്ചത് 12 അംഗ ടീമിനെ; പി.ആര്‍.ഡി സംവിധാനം ഉണ്ടായിരിക്കേ കരാര്‍ സംവിധാനത്തിന് കോടികള്‍
മുഖ്യമന്ത്രിയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും ഖജനാവില്‍ നിന്നും പതിനായിരങ്ങള്‍ പൊടിയും?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മിനുക്കാനുള്ള പി ആര്‍ സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചു കാലമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖം വിവാദമായതോടെ ഇത് കൂടുതല്‍ വിവാദങ്ങള്‍ക്കും ഇടയാക്കി. ഇപ്പോഴിതാ മുഖ്യമന്ത്രിയുടേതായി ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ വല്ലപ്പോഴും വരുന്ന പോസ്റ്റുകള്‍ക്ക് പോലും ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും പൊടിയുന്ന അവസ്ഥ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിവരാവകാശ രേഖകള്‍ പ്രകാരം ലഭിക്കുന്ന കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പി.ആര്‍ ഏജന്‍സി വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി രൂപയാണെന്നാണ് പുറത്തുവന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ഇടാനും മറുപടി നല്‍കാനും മറ്റുമായി 12 അംഗ സമൂഹമാധ്യമ ടീമിനെയാണ് നിയോഗിച്ചതെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ് സെക്രട്ടറിമാരും പി.ആര്‍.ഡി ഉദ്യോഗസ്ഥര്‍ അടക്കമുള്ള വന്‍സംഘവും ഉണ്ടായിരിക്കെയാണ് 12 അംഗ ടീമിനെകൂടി നിയമിച്ചത്. 45,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് ഇവര്‍ക്ക് പ്രതിമാസ ശമ്പളം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ടീം ലീഡര്‍ക്ക് 75,000 രൂപ ആണ് ശമ്പളം. കണ്ടന്റ് മാനേജര്‍ക്ക് 70,000. സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് 65,000 രൂപ വീതം. ഡെലിവറി മാനേജര്‍ എന്ന തസ്തികയില്‍ അര ലക്ഷമാണ് ശമ്പളം. റിസര്‍ച് ഫെലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍ എന്നിവര്‍ക്ക് 53,000 രൂപ. ഡേറ്റ റിപ്പോസിറ്ററി മാനേജര്‍മാര്‍ക്ക് 45,000 രൂപ വീതവും ലഭിക്കും.
2022 മേയ് ആറിനാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ടീമിനെ നിയോഗിച്ചതെന്ന് കെ.പി.സി.സി സെക്രട്ടറി സി.ആര്‍. പ്രാണകുമാറിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. ആറുമാസം കരാര്‍ അടിസ്ഥാനത്തിലാണ് ആദ്യനിയമനം. പിന്നീട് ഒരുവര്‍ഷത്തേക്ക് നീട്ടി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും നീട്ടി. ഇതു സംബന്ധിച്ച നിയമസഭയിലെ രണ്ടുചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന സര്‍ക്കാറാണ് വിവരാവകാശം വഴി മറുപടി നല്‍കിയത്.
നേരത്തെ പ്രതിച്ഛായ കൂട്ടാന്‍ പി.ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം വിവാദമായപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.