ശബരിമലയിലെ സ്വര്‍ണ്ണപാളി അറ്റകുറ്റപ്പണികള്‍ക്കായി 2019ല്‍ എടുത്തു കൊണ്ടു പോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ; തിരികെ കൊണ്ടുവന്നപ്പോള്‍ 38 കിലോയായി കുറഞ്ഞു; തൂക്കം പരിശോധിച്ചില്ലേ, ഇതെങ്ങനെ സംഭവിച്ചുവെന്ന് ഹൈക്കോടതി; ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കോടതി
കൊച്ചി: ശബരിമല സ്വര്‍ണ്ണപാളി കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണ്ണപാളികളുടെ ഭാരത്തില്‍ കോടതി സംശയങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കോടതി രംഗത്തുവന്നത്. നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ല്‍ എടുത്തു കൊണ്ട് പോയപ്പോള്‍ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നു. മഹസര്‍ രേഖകള്‍ കോടതി പരിശോധിച്ചു 2019ല്‍ ഒന്നേകാല്‍ മാസം അത് കൈവശം വെച്ചപ്പോള്‍ 4 കിലോ കുറവ് മെഹസറില്‍ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു.
തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോള്‍ വീണ്ടും തൂക്കം പരിശോധിച്ചില്ലേ എന്നു കോടതി ചോദിച്ചു. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോള്‍ ആണെങ്കില്‍ കുറവ് സംഭവിക്കാം ഇത് സ്വര്‍ണം അല്ലെയെന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പട്ട് മുഴുവന്‍ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ബുധനാഴ്ച പരിശോധിച്ചതിനുശേഷമാണ് കോടതി ചോദ്യങ്ങളുയര്‍ത്തിയത്. ഇതിന് ശേഷമാണ് ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഇതുവരെ എന്തുകൊണ്ടാണ് അറിയാത്തതന്നെ് കോടതി ആരാഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ മുന്‍പിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണാധികാള്‍ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയര്‍ത്തി. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ തീരുമാനമെടുത്തതിലും കോടതി സംശയമുന്നയിച്ചു.
അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബുധനാഴ്ച പ്രതികരിച്ചിരുന്നു. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. ശബരിമലയിസലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നതിലും വ്യക്തവരേണ്ടതുണ്ട്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്പോണ്‍സര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും പറയുന്നു
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണം അന്വേഷണത്തില്‍ സഹകരിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദ്ദേശിച്ചു. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്‌പെയര്‍ സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.