4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം? ആറ് മാസം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടിയിരുന്നില്ലേ? ഏകോപനം ഉണ്ടായില്ല; കുട്ടികള്‍ അടക്കം തളര്‍ന്ന് വീഴുന്നതും കരയുന്നതും കണ്ടു; ശബരിമലയിലെ അസാധാരണ തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി
4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?
കൊച്ചി: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്ന വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു. പതിനെട്ടാം പടി മുതല്‍ സന്നിധാനം വരെ ഒരേസമയം എത്ര പേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശുചിമുറികള്‍ വൃത്തിയാക്കാന്‍ പോലും ആളില്ലെന്ന് കോടതി വിമര്‍ശിച്ചു. കുട്ടികളേയും പ്രായമായ ഭക്തരേയും ബുദ്ധിമുട്ടിക്കാന്‍ കോടതിക്ക് കഴിയില്ല. ഇന്നലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തളര്‍ന്ന് വീഴുന്നതും കരയുന്നതുമായ കാഴ്ച കണ്ടു. മുന്നൊരുക്കങ്ങളില്‍ വീഴ്ചയുണ്ടായി. കുടിവെള്ളം എത്തിക്കുന്നതില്‍ പോലും തടസങ്ങള്‍ നേരിട്ടുവെന്നും വെറുമൊരു ഉത്സവം നടത്തുന്നതുപോലെയാണോ മണ്ഡലകാലത്ത് ശബരിമലയില്‍ മുന്നൊരുക്കം നടത്തേണ്ടതെന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ ഇന്നലെ തിരക്ക് മൂലം ദര്‍ശനം നടത്താന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അല്‍പമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചത്.
അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് 20,000 പേര്‍ക്ക് മാത്രമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിലവില്‍ മുപ്പതിനായിരത്തിലധികംപേര്‍ ഇങ്ങനെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത്. സ്‌പോട്ട് ബുക്കിങ്ങിന് കൂടുതല്‍പ്പേര്‍ എത്തിയാല്‍ അവര്‍ക്ക് അടുത്തദിവസം ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കും.
നിലയ്ക്കലില്‍ ഏഴ് ബുക്കിങ് കേന്ദ്രങ്ങള്‍കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സന്നിധാനത്തെ തീര്‍ഥാടകര്‍ ഒഴിയുന്നമുറയ്ക്ക്, നടപ്പന്തലിലേക്ക് കടത്തിവിടും. കുടിവെള്ളവും ലഘുഭക്ഷണവും ചുക്കുകാപ്പിയും ലഭ്യമാക്കും. ഇതിനായി ക്യൂ കോംപ്ലക്‌സില്‍ 200 ജീവനക്കാരെ അധികമായി നിയോഗിച്ചു. ശൗചാലയ ശുചീകരണത്തിന് 200 ജീവനക്കാരെ അധികമായി എത്തിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.
മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ഇതുവരെ ദര്‍ശനത്തിനായി 1,96,594 പേര്‍. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറന്നശേഷ 53278 പേരെത്തി. തിങ്കളാഴ്ച 98,915 പേര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെമാത്രം 44,401 പേര്‍ ദര്‍ശനം നടത്തി. വെര്‍ച്വല്‍ ക്യൂ വഴി 70,000 പേര്‍ക്കും സ്‌പോട്ട് ബുക്കിങ് വഴി 20,000 പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കുന്നത്.
