ഒറ്റ രാത്രി കൊണ്ട് എല്ലാം അവസാനിച്ചു; ഗ്രാമം മുഴുവനും മണ്ണിനടിയിൽ; വയനാടിന്റെ ഉള്ളുപൊട്ടിയ മഹാദുരന്തം; ഇനിയും 47 പേർ കാണാമറയത്ത്; ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരണമെന്ന് ആവശ്യം ശക്തമാകുന്നു; അല്ലെങ്കിൽ പ്രതിഷേധമെന്ന് പ്രതിപക്ഷം; ഉറ്റവരെ കാത്ത് ബന്ധുക്കൾ...!
വയനാട്: കേരള ചരിത്രത്തെ തന്നെ ഞെട്ടിച്ച മഹാദുരന്തമായിരിന്നു വയനാട് ഉരുൾപൊട്ടൽ ദുരന്തം. ഒരു ഒറ്റ രാത്രി കൊണ്ട് കുറെ മനുഷ്യരുടെ ജീവനും, പ്രതീക്ഷകളും എല്ലാം അവസാനിച്ചു. അന്ന് നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിൽ നിരവധി മനുഷ്യ ജീവനുകൾ മരിച്ചു വീണു. കൂടെ അവർ ഓമനിച്ചു വളർത്തിയ വളർത്തു മൃഗങ്ങളും എല്ലാം മണ്ണിനടിയിൽ പുഴ്ന്നു പോയി.
ഇപ്പോഴും കുറെ ജീവനുകൾ ചികിത്സയിൽ കഴിയുകയാണ്. അതുപ്പോലെ ഉറ്റവരെ കാത്ത് നിൽക്കുന്ന കുറെ ആളുകളും ഉണ്ട്. അതിന് എല്ലാം നൊമ്പരമായി എല്ലാം നഷ്ട്ടപ്പെട്ട ശ്രുതി എന്ന യുവതിയെയും കേരള ജനത മറന്നിട്ടില്ല. കൂടപ്പിറപ്പിനെയും എല്ലാവരെയും നഷ്ടമായപ്പോൾ കൂടെ ഇനി ജീവിതക്കാലം മുഴുവനും കൂടെ കാണുമെന്ന് വിചാരിച്ച ജെൻസനും ഒരു അപകടത്തിൽ മരിച്ചു.
അങ്ങനെ ഈ ഉരുൾപൊട്ടൽ മൂലം നിരവധി മനുഷ്യരാണ് ഒറ്റപ്പെട്ടുപോയത്. ഇപ്പോഴിതാ, ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഉരുൾപ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തിരച്ചില്‍ നിര്‍ത്തിയതാണ് വിമർശനത്തിന് കാരണമായത്. തിരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും 47 പേരെയാണ് കണ്ടെത്താനായി ഉള്ളത്. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തിരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങളും കണ്ടെത്തി. പക്ഷെ ഈ തിരച്ചില്‍ ആഴ്ചകളായി നിന്ന സാഹചര്യത്തിലാണ് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ വിമർശനം കടുപ്പിക്കുന്നത്.
മൃതദേഹ ഭാഗമെങ്കിലും കിട്ടിയാല്‍ ബന്ധുക്കള്‍ക്ക് അത് നല്‍കുന്ന ആശ്വാസം സർക്കാർ കണക്കിൽ എടുക്കണമെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. നിയമസഭ ചേരുമ്പോള്‍ വിഷയം ഉന്നയിക്കുമെന്നും സർക്കാർ തെരച്ചില്‍ തുടർന്നില്ലെങ്കില്‍ സമരം തുടങ്ങാൻ മടിയില്ലെന്നും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
മരിച്ചവരെ കണ്ടെത്താൻ സർക്കാർ തിരച്ചില്‍ നടത്തിയില്ലെങ്കില്‍ ജനകീയ തിരച്ചില്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖിന്‍റെ മുന്നറിയിപ്പ്. മന്ത്രി സഭ ഉപസമിതിയുടെ പ്രവർത്തനം നിലച്ചുവെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ട് പോലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും ടി സിദ്ദിഖ് വിമർശിച്ചു.
ദുരന്ത സമയത്ത് വീഴ്ചകള്‍ ഉണ്ടായിട്ടും രാഷ്ട്രീയം ഒഴിവാക്കിയാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. പക്ഷെ ഇനിയും വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. തിരച്ചിലിന് സർക്കാർ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന് തയ്യാറെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നീക്കം.