വീട്ടിലെ ഏഴാമത്തെ പ്രസവത്തില്‍ കുരുതികൊടുത്തത് രണ്ട് ജീവനുകള്‍! അക്യുപങ്ചറിന്റെ മറവില്‍ മുഹ്സിനയ്ക്ക് ക്രൂര പീഡനം; ശരീരമാകെ പുഴുവരിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ തടഞ്ഞുവെച്ച ഭര്‍ത്താവ് വലയില്‍; മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്! തൃശൂരില്‍ അന്ധവിശ്വാസം കൊന്നത് അമ്മയെയും കുഞ്ഞിനെയും!

തൃശൂരിലെ വീട്ടിലെ പ്രസവം: ഭര്‍ത്താവ് വലയില്‍

Update: 2026-03-21 12:26 GMT

തൃശൂര്‍: പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വീണ്ടും സമാന്തര വൈദ്യവും അശാസ്ത്രീയമായ വീട്ടിലെ പ്രസവവും ഒരു വീട്ടമ്മയുടെയും നവജാത ശിശുവിന്റെയും ജീവനെടുത്തിരിക്കുകയാണ്. തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി മുഹ്സിന (37) ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇബ്രാഹിമിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പുഴുവരിച്ച മുറിവുകള്‍; വിവരിക്കാനാവാത്ത ക്രൂരത

അക്യുപങ്ചര്‍ ചികിത്സകനെന്ന് അവകാശപ്പെടുന്ന ഇബ്രാഹിം, മുഹ്സിനയുടെ ഏഴാമത്തെ പ്രസവം വീട്ടില്‍ വെച്ചാണ് നടത്തിയത്. പ്രസവശേഷം മുഹ്സിനയുടെ ആരോഗ്യനില വഷളായെങ്കിലും ഇയാള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പ്രസവത്തെ തുടര്‍ന്നുണ്ടായ വ്രണം പുഴുവരിച്ച നിലയിലായിട്ടും ഇയാള്‍ സ്വന്തം നിലയില്‍ അശാസ്ത്രീയ ചികിത്സ തുടരുകയായിരുന്നു.

ഒടുവില്‍ വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ബലംപ്രയോഗിച്ചാണ് മുഹ്സിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും അണുബാധ ആന്തരികാവയവങ്ങളെ ബാധിച്ചിരുന്നു. ഏഴാമത്തെ പ്രസവത്തില്‍ ജനിച്ച കുഞ്ഞ് നാലാം ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഈ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

തുടര്‍ച്ചയാകുന്ന 'അക്യുപങ്ചര്‍' മരണങ്ങള്‍

അക്യുപങ്ചര്‍ ചികിത്സകര്‍ക്ക് പ്രസവം എടുക്കാനോ അടിയന്തര വൈദ്യസഹായം നല്‍കാനോ നിയമപരമായ അനുമതിയില്ലെന്നിരിക്കെയാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. 2024 ല്‍, തിരുവനന്തപുരം കരമനയില്‍ ഷമീറ എന്ന യുവതിയും കുഞ്ഞും സമാനമായ രീതിയില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. മലപ്പുറം ചട്ടീപ്പറമ്പില്‍, സ്വന്തം പ്രസവം വീട്ടില്‍ വെച്ച് എടുക്കാന്‍ ശ്രമിച്ച അസ്മ എന്ന യുവതി രക്തസ്രാവം മൂലം മരിച്ചു. കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ അക്യുപങ്ചര്‍ ചികിത്സയുടെ ഭാഗമായി വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ച് മരണം വരിച്ച വീട്ടമ്മ ഹാജറ.

ആരോഗ്യവകുപ്പിന് വെല്ലുവിളി

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന് ഇത്തരം സംഭവങ്ങള്‍ വലിയ തിരിച്ചടിയാണ്. വീട്ടിലെ പ്രസവം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്ന മലപ്പുറത്ത് ബോധവല്‍ക്കരണത്തിലൂടെ ഈ നിരക്ക് കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നു. മലപ്പുറത്ത് നിയന്ത്രണം കര്‍ശനമായതോടെ തൃശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ഇത്തരം സമാന്തര ചികിത്സാ കേന്ദ്രങ്ങള്‍ പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News