കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഎന്‍എയുടെ വിജയം തടയാന്‍ അട്ടിമറി ശ്രമങ്ങളും ഗുണ്ടായിസവും; ഒത്താശ ചെയ്ത് സിപിഎം അനുഭാവികളായ റിട്ടേണിംഗ് ഓഫീസര്‍മാര്‍; യുഎന്‍എക്ക് അനുകൂലമായി വോട്ടുകള്‍ അട്ടിമറിച്ചെന്ന ആരോപണം; വ്യാജവോട്ടുകളോടെ വിജയം നേടാന്‍ ശ്രമമെന്ന് ജാസ്മിന്‍ ഷാ; റീ ഇലക്ഷന്‍ നടത്തണമെന്ന് ആവശ്യം

കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഎന്‍എയുടെ വിജയം തടയാന്‍ അട്ടിമറി ശ്രമങ്ങളും ഗുണ്ടായിസവും

Update: 2025-07-05 09:58 GMT

തിരുവനന്തപുരം: കേരളാ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അടിമുടി അട്ടിമറി ശ്രമം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വിജയം നേടുമെന്ന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു കൊണ്ടും വിജയം നേടാനാണ് സിപിഎം ആശിര്‍വാദത്തോടെ മത്സരിക്കുന്ന ഇടതു സംഘടന ശ്രമിക്കുന്നത്. ഗുണ്ടായിസവും വ്യാജ വോട്ടര്‍മാരെയും അടക്കം കളത്തില്‍ ഇറക്കിയുള്ള അട്ടിമറി ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.

സിപിഎം അനുകൂലികളായ റിട്ടേണിങ് ഓഫിസര്‍മാര്‍ യുഎന്‍എക്ക് ലഭിച്ച വോട്ടുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു എന്നാണ് ആരോപണം. യുഎന്‍എയുടെ ആളുകള്‍ വോട്ടെണ്ണലിനായി ഇന്നലെ എത്തിയപ്പോള്‍ മുതല്‍ ഗുണ്ടായിസത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ഇന്നലെ യുഎന്‍എ പ്രതിനിധികള്‍ക്ക് നേരെ ആസൂത്രിത അക്രമണവും ഉണ്ടായിട്ടുണ്ട്.

കെ.ജി.എന്‍.യു, ഐ.എന്‍.എ എന്നീ സംഘടനകള്‍ക്ക് വേണ്ടിയാണ് അട്ടിമറി ശ്രമം നടക്കുന്നതെന്നാണ് യുഎന്‍എയുടെ ആരോപണം. യുഎന്‍എക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നാണ് യുഎന്‍എ ഭാരവാഹികള്‍ ആരോപിക്കുന്നത്. നഴ്‌സിംഗ് കൗണ്‍സില്‍ ഇലക്ഷനില്‍ എത്തിയ വോട്ടുകളില്‍ ഭൂരിപക്ഷവും വ്യാജനാണെന്നും ജാ്‌സമിന്‍ ഷാ ആരോപിക്കുന്നു. അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുവരെ വോട്ടെണ്ണല്‍ തുടങ്ങിയിട്ടില്ല.

അതേസയം സംഘടിതമായി നടക്കുന്ന അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ യുഎന്‍എ ഇലക്ഷന്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വ്യാജ ബാലറ്റുകള്‍ അടിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.

അക്രമവും, ഗുണ്ടായിസവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ല. ജൂലൈ 4 ന് 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച നഴ്‌സിംഗ് കൗണ്‍സിലില്‍ ജൂലൈ 5 രണ്ട് മണി കഴിഞ്ഞിട്ടും ആരംഭിക്കാതെ രാത്രിയുടെ മറവിലേക്ക് മാറ്റി. ഇത് അക്രമത്തിലൂടെ ഭരണം പിടിക്കാനുള്ള ശ്രമം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് ജാസ്മിന്‍ഷാ പറഞ്ഞു.

കോടതിയുടെ മേല്‍നോട്ടത്തില്‍ റീ ഇലക്ഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് യുഎന്‍എ ഹൈക്കോടതിയെ സമീപിക്കുന്നത്. 14 ജില്ലകളിലും പോളിംഗ് ബൂത്ത് സ്ഥാപിച്ച് ഒറ്റ ദിനം കൊണ്ട് വോട്ടെടുപ്പ് നീതിയുക്തമായ രീതിയില്‍ നടത്താന്‍ എതിരാളികളെ നിങ്ങള്‍ തയ്യാറുണ്ടോയെന്നും ജാസ്മിന്‍ ഷാ ചോദിച്ചു..

ഇന്നലെ കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ ഇലക്ഷന്‍ വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ എത്തിയ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായിരുന്നു. 3 ഓട്ടോറിക്ഷകളിലായി എത്തിയ 6 ഓളം പേരാണ് അക്രമണം നടത്തിയത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരും, ഹോട്ടല്‍ ജീവനക്കാരും, സെക്യുരിറ്റികളും ഓടിയെത്തിയതോടെയാണ് ഗുണ്ടകള്‍ ഓട്ടോയില്‍ സ്ഥലം വിട്ടത്.

പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തലസ്ഥാനത്തുണ്ടായ ഗുണ്ടാ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഈ ക്വട്ടേഷന്‍ ടീമിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. അല്ലാത്തപക്ഷം പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് യുഎന്‍എ കടക്കുമെന്ന് ജാ്‌സമിന്‍ ഷാ പറഞ്ഞു. നഴ്‌സിംഗ് കൗണ്‍സില്‍ ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണോ ഈ അക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കേരളാ നഴ്‌സിംഗ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1.22 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. യുഎന്‍എ മത്സരിച്ച 8 സീറ്റിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കപ്പെടുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അവകാശപ്പെടുന്നത്. ഇക്കുറി തുടക്കം മുതല്‍ സജീവമായി യുഎന്‍എ രംഗത്തുണ്ടായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ ശക്തമായി ഭരണാനുകൂല സംഘടനയില്‍ നിന്നും നടക്കുന്നത്.

Tags:    

Similar News