'തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു; സഹായം തേടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍'; നേപ്പാളില്‍ 'ജെന്‍സി' പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം; നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; സുരക്ഷിതരെന്ന് ജോര്‍ജ് കുര്യന്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

നേപ്പാളില്‍ 'ജെന്‍സി' പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം

Update: 2025-09-09 12:53 GMT

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ യുവജനങ്ങള്‍ തുടക്കമിട്ട പ്രക്ഷോഭം നേരില്‍ കണ്ടതിന്റെ ഭീതി വിട്ടൊഴിയാതെ കേരളത്തില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍. കോഴിക്കോട് സ്വദേശികളടക്കമുള്ള മലയാളികളാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് പോയ നാല്‍പതോളം വിനോദ സഞ്ചാരികളും ഇതില്‍ ഉള്‍പ്പെടുന്നു. കഠ്മണ്ഡുവിനു സമീപമാണ് ഇവര്‍ ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് സഹായമെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ലോകകേരള സഭ പ്രതിനിധികളുടെയും മറ്റും സഹായത്തോടെയാണ് ഇതിനുള്ള ശ്രമം നടത്തുന്നത്.

സഹായം തേടി സമീപത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും അവിടെ ബോര്‍ഡുകളും മറ്റും തകര്‍ത്ത നിലയിലായിരുന്നുവെന്നും സഞ്ചാരികളില്‍ ചിലര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചിലത് തീയിട്ട അവസ്ഥയിലാണ്. തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകളും കേള്‍ക്കുന്നതായി ഇവര്‍ പങ്കുവച്ച വിഡിയോയില്‍ സൂചിപ്പിക്കുന്നു. നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിനു സമീപമാണ് കേരളത്തില്‍ നിന്നുളള സഞ്ചാരികള്‍ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവര്‍ക്ക് തല്‍ക്കാലത്തേക്ക് തങ്ങാന്‍ ഒരു താമസസ്ഥലം ലഭിച്ചതായാണ് ഇവരില്‍ ചിലര്‍ പങ്കിട്ട വിഡിയോകളില്‍ നിന്ന് ലഭിക്കുന്ന വിവരം. നേപ്പാളില്‍ സംഘര്‍ഷം രൂക്ഷമെന്ന് കാഠ്മണ്ഡുവില്‍ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികള്‍ പറഞ്ഞു. കാഠ്മണ്ഡുവലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഉള്‍പ്പെടെ തീയിട്ടു. തങ്ങള്‍ സുരക്ഷിതരാണെന്നും ഭക്ഷണവും താമസവും കിട്ടിയെന്നും നിലവില്‍ ആശങ്കയില്ലെന്നും വിമാനത്താവളങ്ങള്‍ അടച്ചുവെന്നും വിമാന സര്‍വീസ് തുടങ്ങിയാല്‍ മടങ്ങുമെന്നും മലയാളികള്‍ പറഞ്ഞു.

ഞായറാഴ്ചയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളള മലയാളി സംഘം നേപ്പാളിലേക്ക് പോയത്. യുവജനരോഷം കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രി വൈകി നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും ഇപ്പോഴും നേപ്പാളില്‍ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. റോഡില്‍ ടയര്‍ കത്തിച്ച് ഇട്ടും മറ്റുമുളള പ്രക്ഷോഭം തുടരുന്നതിനാല്‍ ഇവര്‍ക്ക് പലയിടത്തും യാത്രാതടസ്സം നേരിടുന്നുണ്ട്.

നേപ്പാളില്‍ കുടുങ്ങിയ കോഴിക്കോടുനിന്നുള്ള 40 അംഗ മലയാളി വിനോദ സഞ്ചാരി സംഘം സുരക്ഷിതരാണെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. കലാപബാധിതമായ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ അകപ്പെട്ട 40 അംഗ മലയാളി സംഘവുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ജോര്‍ജ് കുര്യന്‍ അറിയിച്ചു. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ നിന്ന് പോയവര്‍ സുരക്ഷിതരാണെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. മലയാളി വിനോദ സഞ്ചാരികളുടെ വിഷയത്തില്‍ കെസി വേണുഗോപാല്‍ എംപിയും ഇടപെട്ടു. വിദേശകാര്യ മന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

നേപ്പാളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈനും ആരംഭിച്ചു. സംഘര്‍ഷം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും പുറത്ത് പോകരുതെന്നും സര്‍ക്കാരിന്റെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുളള 26 സമൂഹമാധ്യമ സൈറ്റുകള്‍ വ്യാഴാഴ്ച നിരോധിച്ചതോടെയാണ് നേപ്പാളില്‍ യുവജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനുപേര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ 12 വയസ്സുകാരന്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നേപ്പാള്‍ പാര്‍ലമെന്റിനും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികള്‍ക്കും പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച തീയിട്ടതോടെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് കാവലൊരുക്കാന്‍ സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ്. സംഘര്‍ഷം അക്രമാസക്തമായി തുടരുന്നതിനിടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി സമര്‍പ്പിച്ച രാജി ചൊവ്വാഴ്ച പ്രസിഡന്റ് സ്വീകരിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചു മണിവരെ തിങ്കളാഴ്ച പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത സമയത്തേക്ക് ദീര്‍ഘിപ്പിച്ചതായി ചൊവ്വാഴ്ച രാവിലെ 8.30 ന് കഠ്മണ്ഡു ജില്ലാ ഭരണകൂടവും അറിയിച്ചു.

Tags:    

Similar News