ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും നോക്കുകൂലിക്കാരുടെയും സ്വന്തം നാട് എന്ന ചീത്തപ്പേര് മാറുന്നോ? വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ പ്രകീര്‍ത്തിച്ച് കേന്ദ്രവും; തിരിച്ചടികള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു ആശ്വാസവാര്‍ത്ത
വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നേറുമ്പോള്‍
എം റിജു
കോഴിക്കോട്: ഹര്‍ത്താലിന്റെയും, തൊഴിലാളി അക്രമങ്ങളുടെയും സ്വന്തം നാട് എന്നും, ഒട്ടും വ്യവസായ സൗഹൃദമല്ലാത്ത പ്രദേശം എന്നീ ചീത്തപ്പേരുകള്‍ ഒടുവില്‍ കേരളത്തില്‍നിന്ന് മായുന്നു. ഇപ്പോള്‍ വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നേറുകയാണ്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 'ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍' നടപ്പാക്കുന്നതിന്റെ മികവനുസരിച്ച് നാലു നിരയായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തിയ പട്ടികയിലാണ് കേരളം മുന്നിലെത്തിയത്. 2019-ല്‍ 28ാം സ്ഥാനത്തായിരുന്ന കേരളം. 2020-ല്‍ 15ാമത് എത്തി. പുതിയ റാങ്കിങ് അനുസരിച്ച് കേരളം ഒന്നാമതാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പ്രശംസിച്ചു. മന്ത്രിയില്‍നിന്ന് പി രാജീവ് പുരസ്‌ക്കാരവും സ്വീകരിച്ചു. പിണറായി സര്‍ക്കാറിന്റെ വിമര്‍ശകരായ മനോരമ പത്രം വളരെ പ്രധാന്യത്തോടെയാണ് ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്. മാതൃഭൂമിയാവട്ടെ സംസ്്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടത്തെ പുകഴ്ത്തി എഡിറ്റോറിയലും എഴുതിയിട്ടുണ്ട്.
നോക്കുകൂലിക്കടക്കം വിട
ഇതോടെ രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരില്‍, തൊഴിലുടമകള്‍ നാടുവിട്ട് പോകുന്ന നാട് എന്ന ചീത്തപ്പേരും കേരളത്തിന് ഒരു പരിധിവരെ ഇല്ലാതാവുകയാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വ്യാവസായിക നിക്ഷേപത്തെ ആകര്‍ഷിക്കാതെയും കേരളത്തിന് വളരാനാവില്ല എന്ന് ഇടതുപക്ഷവും മനസ്സിലാക്കിയിരുന്നു. ഹര്‍ത്താലും അനാവശ്യ പണിമുടക്കും നോക്കുകൂലിപോലുള്ള അന്യായങ്ങളുമൊക്കെ വൈകിയാണെങ്കിലും ഉപേക്ഷിക്കാന്‍ രാഷ്ട്രീയ-തൊഴിലാളി സംഘടനകള്‍ തയ്യാറായതും നല്ലമാറ്റമായിരുന്നു. എങ്കിലും വ്യവസായസൗഹൃദസംസ്ഥാനമല്ല എന്ന ചീത്തപ്പേരില്‍നിന്നു മുക്തിനേടാനാകാത്ത അവസ്ഥയിലായിരുന്നു കേരളം, അടുത്തകാലംവരെ. ഇപ്പോള്‍ ഈ പട്ടിക വന്നതോടെ കേരളത്തിന്റെ പേരുദോഷം മാറുകയാണ്.
വ്യവസായപരിഷ്‌കാരവുമായി ബന്ധപ്പെട്ട വ്യത്യസ്തമേഖലകളില്‍ സംസ്ഥാനങ്ങളെ വേര്‍തിരിച്ചു വിലയിരുത്തുന്നവിധമാണു പട്ടിക തയ്യാറാക്കിയത്. ഒന്‍പതു മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിലാണ് കേരളം ഒന്നാമതെത്തിയത്. ഈ മേഖലകളില്‍ രണ്ടെണ്ണം ബിസിനസ് കേന്ദ്രിതമെന്നും ഏഴെണ്ണം പൗരകേന്ദ്രിതമെന്നും വിശേഷിപ്പിക്കപ്പെട്ടവയാണ്. നികുതി അടയ്ക്കലിലെ പരിഷ്‌കാരങ്ങള്‍, യൂട്ടിലിറ്റി പെര്‍മിറ്റുകള്‍ അനുവദിക്കല്‍ എന്നിവയാണ് ബിസിനസ് കേന്ദ്രിതം. ഓണ്‍ലൈന്‍ ഏകജാലകസംവിധാനം, നഗര തദ്ദേശസ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വിതരണപ്രക്രിയയുടെ ലഘൂകരണം, റവന്യുവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പൊതുവിതരണസംവിധാനം, ഗതാഗതസംവിധാനം എന്നിവയടക്കമുള്ളതാണ് പൗരകേന്ദ്രിത മേഖലകള്‍. ഈ മേഖലകളില്‍ കേരളം നടപ്പാക്കിയ പരിഷ്‌കരണംസംബന്ധിച്ച്, അഭിപ്രായംതേടിയ 95 ശതമാനം സംരംഭകരില്‍നിന്നും അനുഭാവപൂര്‍വമായ പ്രതികരണമാണു ലഭിച്ചത്.
പട്ടികയില്‍ 'ടോപ് അച്ചീവേഴ്‌സ്' എന്ന ഒന്നാംനിരയിലാണ് കേരളത്തിന്റെ സ്ഥാനം. ഗുജറാത്തും ആന്ധ്രയുമാണ് ഈ നിരയിലെ മറ്റു സംസ്ഥാനങ്ങള്‍. 2020-ലെ റാങ്കിങ്ങില്‍ 'വളര്‍ച്ച പ്രത്യാശിക്കുന്ന സംസ്ഥാനങ്ങള്‍' (ആസ്പയറേഴ്‌സ്) എന്ന മൂന്നാംനിരയിലായിരുന്നു കേരളത്തിന്റെ സ്ഥാനം. സംരംഭകരുടെ അനുകൂലാഭിപ്രായം ലഭിക്കാത്തതിനാലാണ് മുന്‍പെല്ലാം നാം പട്ടികയില്‍ പിന്നിലായത്. എന്നാല്‍, ഇത്തവണ സ്ഥിതി മാറി. സംസ്ഥാനസര്‍ക്കാരിന്റെ സംരംഭകവര്‍ഷത്തിന്റെഭാഗമായി ഏര്‍പ്പെടുത്തിയ ഇളവുകളും നയംമാറ്റങ്ങളും നടപടിക്രമലഘൂകരണവുമെല്ലാം ഈ മാറ്റത്തിനു നിമിത്തമായി.
കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍
വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം പിന്തള്ളപ്പെട്ടതു നിക്ഷേപകരുടെ പിന്തുണ ലഭിക്കാത്തതിനാലായിരുന്നു. ഇക്കുറി നിക്ഷേപകരില്‍ നിന്ന് വന്‍ പിന്തുണ ലഭിച്ചു. ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ അതിനു സഹായകമായി. ഓരോ സംസ്ഥാനവും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി എന്ന് അവകാശപ്പെടുമെങ്കിലും അവിടത്തെ നിക്ഷേപകരോട് അതു തന്നെയാണോ അനുഭവം എന്നു രഹസ്യമായി അന്വേഷിക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് വളരെ നെഗറ്റീവ് ആയ അനുഭവങ്ങളാണ് മുന്‍പു ലഭിച്ചിരുന്നത്. 2020ല്‍ 28ാം സ്ഥാനത്തും 2021ല്‍ 15ാം സ്ഥാനത്തും വന്നത് അങ്ങനെയാണ്. വന്‍ വിമര്‍ശനത്തിന് ഇടയാക്കിയതോടെ ഓരോ പോരായ്മയും പരിഹരിക്കാന്‍ വ്യവസായ വകുപ്പ് കെഎസ്ഐഡിസിയില്‍ പ്രത്യേക ടീമിനെ ഏര്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ചു. അവയെക്കുറിച്ചു നിക്ഷേപകരെ ബോധവല്‍ക്കരിച്ചു.വിദഗ്ധ ഏജന്‍സികളുടെ സഹായവും സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവുകളും നയം മാറ്റങ്ങളും നടപടിക്രമങ്ങള്‍ ലളിതമാക്കിയതുമെല്ലാം നേട്ടത്തിനു കാരണമായി.
കേരളം നേടിയത് ചരിത്രനേട്ടമാണെന്ന വ്യവസായമന്ത്രി പി. രാജീവിന്റെ വാക്കുകള്‍ ഒട്ടും അതിശയോക്തിപരമല്ല. ഇപ്പോഴത്തെ നേട്ടം ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. നേരത്തെ സാബു എം ജേക്കബിന്റെ കിറ്റക്സിന്റെ പുതിയ യൂണിറ്റുകള്‍ തെലങ്കാനയിലേക്ക് പോയപ്പോഴോക്കെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മാധ്യമങ്ങളില്‍നിന്ന് ഉണ്ടായത്.