'ഇരു കൂട്ടരോടുമായി പറയട്ടെ, ഈ വിഴുപ്പെല്ലാം നിങ്ങള്‍ അലക്കിയിട്ടത് അര്‍ജുന്റെ ആത്മാവിന് മേലേക്കാണ്; അര്‍ജുന്‍ ഇപ്പോഴും മലയാളികളുടെ നെഞ്ചില്‍ ഒരു വിങ്ങലാണ്'; നടന്‍ കിഷോര്‍ സത്യയുടെ ശ്രദ്ധേയ കുറിപ്പ്

നടന്‍ കിഷോര്‍ സത്യയുടെ ശ്രദ്ധേയ കുറിപ്പ്

Update: 2024-10-03 11:29 GMT

കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ മലയാളികള്‍ക്കൊന്നാകെ നോവായ സംഭവമാണ്. ഇന്നലെ അര്‍ജുന്റെ കുടുംബം ലോറി ഉടമകളില്‍ ഒരാളായ മനാഫിനും ഈശ്വര്‍ മാര്‍പെയ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. തെരച്ചില്‍ വഴിതിരിച്ചുവിടാന്‍ ഇരുവരും ശ്രമിച്ചെന്നും മാനഫ് അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു അര്‍ജുന്റെ കുടുംബം ഉന്നയിച്ചത്. ഇതില്‍ പ്രതികരണവുമായി മനാഫ് രംഗത്തെത്തിയിരുന്നു.

അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തന്റെ കുടുംബവുമായി ആലോചിച്ച ശേഷം ആരോപണങ്ങില്‍ പ്രതികരിക്കുമെന്നും മനാഫും വ്യക്തമാക്കിയിട്ടുണ്ട്.വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ കിഷോര്‍ സത്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ വിഴുപ്പെല്ലാം നിങ്ങള്‍ അലക്കിയിട്ടത് അര്‍ജുന്റെ ആത്മാവിന് മേലേക്കാണെന്നും ഒഴിവാക്കാമായിരുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.

'ഇരു കൂട്ടരോടുമായി പറയട്ടെ.... ഈ വിഴുപ്പെല്ലാം നിങ്ങള്‍ അലക്കിയിട്ടത് അര്‍ജുന്റെ ആത്മാവിന് മേലേക്കാണ്....ഒഴിവാക്കാമായിരുന്നു.....ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല. അര്‍ജുന്‍ ഇപ്പോഴും മലയാളികളുടെ നെഞ്ചില്‍ ഒരു വിങ്ങലാണ്... ഒഴിവാക്കാമായിരുന്നു.... അല്ല ഒഴിവാക്കണമായിരുന്നു...'- എന്നാണ് അര്‍ജുന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കിഷോര്‍ സത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചിരുന്നു. നേരത്തെ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കില്‍ ജോലി നല്‍കിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്‌ളാര്‍ക്ക് തസ്തികയിലാണ് നിയമനം നല്‍കിയത്.

Tags:    

Similar News