ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്; ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എകെജി സെന്ററില്‍ മൃതദേഹം വെച്ചിട്ടില്ല; അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോണം! കോടിയേരി വികാരം അന്‍വറിനെ തുണയ്ക്കുമോ?

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാര്‍ട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് അന്‍വര്‍

Update: 2024-09-26 14:54 GMT

തിരുവനന്തപുരം: പിണറായി വിജയനെ കടന്നാക്രമിച്ച അന്‍വര്‍ ശ്രമിച്ചത് തനിക്ക് അനുകൂലമാക്കി കോടിയേരി വികാരത്തെ മാറ്റിയെടുക്കാന്‍. ഇത് സിപിഎമ്മിനും തിരിച്ചടിയാണ്. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു. കേരളം മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് പറഞ്ഞ അന്‍വര്‍ സമൂഹം ചര്‍ച്ച ചെയ്ത മറ്റൊരു അരോപണം കൂടി ഉയര്‍ത്തി. കോടിയേരിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തുന്നത് സിപിഎം അണികളെ കൂടി സ്വാധീനിക്കാന്‍ കൂടി വേണ്ടിയാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയില്‍ പോകാന്‍ വേണ്ടി കോടിയേരിയുടെ സംസ്‌കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാന്‍ നോക്കി. തൃശൂരിലെ പ്രസംഗം നിങ്ങള്‍ കേട്ടില്ലേ. അന്‍വറിനെ പിടിച്ച് ഉള്ളിലാക്കുമെന്നാണ് പറഞ്ഞത്. പിടിക്കട്ടെ. പൊലീസിന്റെ പണി ഇപ്പോള്‍ അന്‍വറാണ് എടുക്കുന്നത്. മലപ്പുറത്തെ പാര്‍ട്ടി നേതാക്കള്‍ പച്ച സാധുക്കളാണ്. അത്ര അധികാരവും ശേഷിയുമേ അവര്‍ക്ക് കൊടുത്തിട്ടുള്ളൂ. അതുവച്ച് പരമാവധി അവര്‍ പാര്‍ട്ടിയെ ഉണ്ടാക്കാന്‍ നോക്കുകയാണ്. നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുമോയെന്ന ചോദ്യത്തിനു നിയമസഭയില്‍ ഉണ്ടായിട്ടല്ലേ എന്നായിരുന്നു മറുപടി. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുന്നുണ്ട്.'' അന്‍വര്‍ പറഞ്ഞു. ഈ പൊതു സമ്മേളനത്തിലും കോടിയേരി വികാരം ഉയര്‍ത്താനാകും അന്‍വര്‍ ശ്രമിക്കുക.

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാര്‍ട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് അന്‍വര്‍ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ മൃതദേഹം വെച്ചിട്ടില്ല. കേരളത്തില്‍ ഉടനീളമുള്ള സഖാക്കള്‍ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കള്‍ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോണം. അതിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്, അന്‍വര്‍ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഇപ്പോഴും കോടിയേരി വികാരം ശക്തമാണെന്ന് വരുത്താനാണ് അന്‍വര്‍ ശ്രമിക്കുന്നത്.

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദര്‍ശനത്തിനു വയ്ക്കണമെന്നു കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. അച്ഛന്റെ ആഗഹവും അതായിരുന്നെന്ന് അവര്‍ പറഞ്ഞതാണെന്നും വിശദീകരിച്ചിരുന്നു. കോടിയേരിയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷിക വേളയിലായിരുന്നു വിനോദിനിയുടെ ഈ തുറന്നു പറച്ചില്‍. ഇതും പൊതു സമൂഹം വലിയ ഗൗരവത്തോടെ ചര്‍ച്ചയാക്കി. സിപിഎമ്മിനും കൃത്യമായ മറുപടി നല്‍കിയതുമില്ല. ഇതിന് ശേഷം പാര്‍ട്ടിയില്‍ നിന്നും കോടിയേരിയുടെ കുടുംബത്തെ അകറ്റി നിര്‍ത്തി. കോടിയേരിയുടെ ഭാര്യാ സഹോദരനെ ചീട്ടുകളി കേസില്‍ അറസ്റ്റിലായതും ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചയായി.

സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും കോടിയേരി നിറഞ്ഞു നിന്ന തലസ്ഥാനത്ത് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഒരുക്കാത്തത് പാര്‍ട്ടിയില്‍ നേരത്തേ വിവാദം സൃഷ്ടിച്ചിരുന്നു. കുടുംബത്തെ വിശ്വാസത്തിലെടുത്തു തന്നെയാണ് ആ തീരുമാനം എടുത്തതെന്ന സിപിഎമ്മിന്റെ വിശദീകരണമാണ് വിനോദിനി നിരാകരിച്ചത്. ''എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാന്‍ കഴിയും? അന്ന് ഞാന്‍ ഓര്‍മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോള്‍, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ട വിനോദിനി പറഞ്ഞു.

ഈ വിവാദമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിലെ കോടിയേരി പക്ഷത്തെ അനുകൂലമാക്കാനായി അന്‍വര്‍ ഉയര്‍ത്തുന്നത്. ഈ പാര്‍ട്ടി സമ്മേളനത്തിലും സിപിഎമ്മില്‍ ഈ വിവാദം ഉയരുമെന്നതാണ് വസ്തുത.

Tags:    

Similar News