ഭരണമാറ്റം മുന്നില്‍കണ്ട് തിരഞ്ഞെടുപ്പിനു മുന്‍പ് ജയില്‍മാറ്റവും പരോളും തരപ്പെടുത്താന്‍ കൊടി സുനി; സുനിയുടെ മോഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ എത്തുക എന്ന്; വിവാദത്തില്‍ പെട്ട ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തി; സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ചു ടി. പിയുടെ ഘാതകന്‍

ഭരണമാറ്റം മുന്നില്‍കണ്ട് തിരഞ്ഞെടുപ്പിനു മുന്‍പ് ജയില്‍മാറ്റവും പരോളും തരപ്പെടുത്താന്‍ കൊടി സുനി

Update: 2026-02-03 07:22 GMT

മലപ്പുറം: ഭരണമാറ്റം മുന്നില്‍ കണ്ടു പരോളിനും ജയില്‍ മാറ്റത്തിനും സമ്മര്‍ദം ശക്തമാക്കി ടി.പി.വധക്കേസ് പ്രതി കൊടി സുനി. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുനി അഞ്ചിലേറെ തവണ ജയില്‍ ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരോളിന് അപേക്ഷ നല്‍കിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്ന സൂചനയിലാണ് സുനി പരോള്‍ കിട്ടാന്‍ സാധിക്കുമോ എന്ന ശ്രമം നടത്തുന്നത്.

സുനിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തു വിവാദം ഉയര്‍ന്ന ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തുന്നതായാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പു പരോളും കണ്ണൂര്‍ ജയിലിലേക്കുള്ള മാറ്റവും സാധ്യമാക്കാനാണ് ശ്രമം.2025 ഓഗസ്റ്റ് 17നാണ് കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തവനൂരില്‍ എത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുനിക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ജയില്‍ മാറ്റം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു വിചാരണയ്ക്കായി തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പോയി തിരിച്ചുവരുന്ന വഴി കൊടി സുനിയും മറ്റു പ്രതികളും ചേര്‍ന്നു പൊലീസ് സാന്നിധ്യത്തില്‍ ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണു തവനൂരിലേക്കു മാറ്റിയത്. ടി.പി വധക്കേസിലെ മറ്റു പ്രതികള്‍ കണ്ണൂരിലാണ് കഴിയുന്നത്.

കണ്ണൂരില്‍ ലഭിച്ച സ്വാതന്ത്ര്യം തവനൂരില്‍ ലഭിക്കാത്തതാണു ജയില്‍മാറ്റ ശ്രമത്തിനു പിന്നില്‍. പരോള്‍ ലഭിക്കാനായി കുറച്ചു കാലമായി അച്ചടക്കത്തോടെയായിരുന്നു ജയിലിനുള്ളില്‍ സുനിയുടെ പെരുമാറ്റം. ഇതിനിടെ, കയ്യില്‍ കെട്ടിയ ചരട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയത് തിരിച്ചടിയായി. കഴിഞ്ഞ മാസമായിരുന്നു സംഭവം. രാഷ്ട്രീയമായ ഇടപെടല്‍ അടക്കം പ്രതീക്ഷിച്ചാണ് കൊടി സുനി കഴിയുന്നത്.

അതേസമയം ടി പി വധക്കേസ് പ്രതികള്‍ക്ക് തോന്നിയതു പോലെ പരോള്‍ അനുവദിക്കുന്നതിന് എതിരെ കെ കെ രമ ഇന്നലെ രംഗത്തുവന്നിരുന്നു. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്നും രാഷ്ട്രീയ യജമാനന്മാരുടെ കല്‍പ്പനകളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കെ.കെ രമ എംഎല്‍എ കുറ്റപ്പെടുത്തി.

രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ നല്‍കുന്നതിനെതിരെ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രമ കടുത്ത വിമര്‍ശനമുന്നയിച്ചത്. ക്രിമിനലുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരോള്‍ നല്‍കുന്നതാണോ ഇവിടുത്തെ നിയമമെന്ന് അവര്‍ ചോദിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിക്കുകയാണെന്ന് കെ.കെ രമ ആരോപിച്ചു.

'കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതെന്ന് പറയുന്നത് പരിഹാസ്യമാണ്. ഭീകരമായ കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇളവുകള്‍ നല്‍കുന്നത് ആരുടെ താല്പര്യപ്രകാരമാണ്? നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം, എന്നാല്‍ കേരളത്തില്‍ അത് രാഷ്ട്രീയ യജമാനന്മാരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടപ്പിലാക്കുന്നത്,' രമ പറഞ്ഞു.

അനധികൃത പരോള്‍ സംബന്ധിച്ച ഗൗരവകരമായ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് കെ.കെ രമ കുറ്റപ്പെടുത്തി. ടിപി കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തോളം പരോള്‍ ലഭിച്ച സംഭവത്തില്‍ ജയില്‍ എഡിജിപിയെ സസ്പെന്‍ഡ് ചെയ്യേണ്ടി വന്നത് ഇതിന് തെളിവാണ്. ഇത്തരം നിയമലംഘനങ്ങള്‍ സഭയില്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവകരമല്ലെന്ന് പറഞ്ഞ് തള്ളുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളില്‍ പലര്‍ക്കും ആയിരത്തിലധികം ദിവസം പരോള്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. തടവുകാര്‍ക്കുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. കെ.കെ രമയുടെ മുമ്പില്‍ മറുപടി പറയാന്‍ കഴിയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News