തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ച രമ; തൂങ്ങി മരിച്ച പ്രസാദ്; ബന്ധുക്കളായ സോമനും കുടുംബവും താമസിച്ചത് വാടകയ്ക്ക്; കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍

കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍

Update: 2025-04-20 15:56 GMT

കോന്നി: തീ പിടിച്ച് യുവാവ് വെന്തു മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍. ഈ വീട്ടില്‍ താമസിച്ചിരുന്ന ദമ്പതികള്‍ രണ്ടു സമയത്തായി ജീവനൊടുക്കുകയായിരുന്നു. അതിന് ശേഷം ഇവിടെ താമസിച്ചിരുന്ന കുടുംബത്തിലെ മഹേഷ് എന്ന യുവാവാണ് ശനിയാഴ്ച രാത്രിയില്‍ തീ പിടിച്ച് വെന്തു മരിച്ചത്.

രാത്രി ഒമ്പതു മണിയോടെ വലിയ ശബ്ദത്തോടെ വീട്ടില്‍ തീ പടരുകയും ഇളകൊള്ളുര്‍ ലക്ഷംവീട് കോളനി യില്‍ (ചിറ്റൂര്‍ മുക്ക് പാറപ്പള്ളില്‍) സോമന്‍ നായരുടെ മകന്‍ മഹേഷ് (മനോജ് 37) വെന്തു മരിക്കുകയുമായിരുന്നു. വീടിന് തീ പടരുമ്പോള്‍ സോമന്‍ നായര്‍ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ വീടിന് പുറത്തുണ്ടായിരുന്നു. വീട് കത്തുന്നതു കണ്ട് സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പോലീസുമെത്തി തീയണച്ചപ്പോഴാണ് വീടിനുള്ളില്‍ മനോജിന്റെ മൃതദേഹം കണ്ടത്.

ഈ വീടിന്റെ യഥാര്‍ഥ ഉടമ മനോജിന്റെ മാതാവ് വനജയുടെ സഹോദരന്‍ പ്രസാദാണ്. 25 വര്‍ഷം മുന്‍പ് പ്രസാദിന്റെ ഭാര്യ വീട്ടിനുള്ളില്‍ തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ചു. ഭാര്യയുടെ മരണശേഷം വീട് ഉപേക്ഷിച്ച പോയ പ്രസാദ് അഞ്ചു വര്‍ഷം മുന്‍പ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചു.

എട്ടുവര്‍ഷം മുന്‍പാണ് വനജയും ഭര്‍ത്താവ് സോമന്‍ നായരും മകന്‍ മനോജും ഇവിടെ താമസത്തിന് എത്തിയത്. ശബരിമല മണ്ഡലകാലത്ത് ഹോട്ടല്‍ തൊഴിലാളിയാണ് മനോജ്. മൂന്നു പേരും ഒരുമിച്ച് മദ്യപിക്കുന്നതും വഴക്കിടുന്നതും പതിവാണ്. വനജയുടെ പിതാവിനെ മനോജ് റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിക്കുന്നത് മുന്‍പ് പതിവായിരുന്നുവത്രേ.

ഈ കുടുംബത്തെ ചുറ്റിപ്പറ്റി ദുരൂഹത ഏറുകയാണ്. ഫയര്‍ ഫോഴ്സ് തീയണച്ച ശേഷമാണ് മനോജിന്റെ മൃതദേഹം കണ്ടത്. എല്ലാവരും മദ്യലഹരിയിലായിരുന്ന സ്ഥിതിക്ക് മനോജാണോ വനജയാണോ വീടിന് തീവച്ചത് എന്നാണ് അറിയേണ്ടത്. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ സ്വിച്ച് ബോര്‍ഡിന് സമീപം നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ തീ പിടുത്തത്തിന് കാരണമെന്ന് അറിയണമെങ്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നും പരിശോധന നടത്തണം. ഇന്ന് അവര്‍ എത്തി പരിശോധന നടത്തും. ഈ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കാലിന് സ്വാധീനമില്ലാത്തയാളാണ് മഹേഷ്. ഇവരെ കുറിച്ച് നല്ല അഭിപ്രായമല്ല അയല്‍വാസികള്‍ക്ക് ഉള്ളത്.

കുടുംബത്തിലുള്ള മൂന്നു പേരും മദ്യപിക്കുമെന്നും അസഭ്യ വര്‍ഷവും വഴക്കും പതിവാണെന്നും അയല്‍ക്കാര്‍ പറയുന്നു. സംഭവം നടന്ന ദിവസവും ഇവര്‍ മദ്യലഹരിയിലായിരുന്നു. തീ പിടുത്തത്തിന് മുന്‍പ് അച്ഛനും മകനുമായി വഴക്ക് നടന്നിരുന്നു. മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി. കൂടുതല്‍ പരിശോധനകളും അന്വേഷണവും ഉണ്ടാകുമെന്ന് പോലീസ് സൂചന നല്‍കി. മരി ച്ച മനോജിന്റെ സഹോദരി മഞ്ജു.

Tags:    

Similar News