കടം ഏറ്റെടുക്കാന്‍ സിപിഎം എത്തിയതോടെ ഹൈക്കമാണ്ടും ചൂടായി; കെസി വേണുഗോപാലിന്റെ ശാസനയും കടം തീര്‍ക്കലായി; വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി; ഇനി അറിയേണ്ടത് കുടുംബത്തിന്റെ പ്രതികരണം

Update: 2025-09-24 06:53 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്. കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിര്‍ദ്ദേശം മാനിച്ചാണ് തീരുമാനം. കടം ഏറ്റെടുക്കാന്‍ സിപിഎം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ആ പ്രശ്‌നം തീരും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്. മരുമകള്‍ ആത്മഹത്യാ ശ്രമവും നടത്തി. മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു ഈ വിവാദം വീണ്ടും ആളി കത്തിയത്.

വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് ആണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരില്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു. 2007ല്‍ 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. ഇത് പലതവണ പുതുക്കിയിരുന്നു. പിന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്.

സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം അടച്ചുതീര്‍ത്തത്. കുടുംബവുമായി ഉണ്ടാക്കിയ കരാറാണ് പാലിക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദ്ദേശം പാലിച്ചതാണ് കടത്തിന് കാരണമായതെന്നായിരുന്നു വിജയന്റെ കുടുംബത്തിന്റെ ആരോപണം. വിഷയം വഷളാക്കിയതില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിരാശരാണ്. വയനാടിലെ എംപി പ്രിയങ്കാ ഗാന്ധിയാണ്. ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടല്‍ വിഷയത്തില്‍ ഉണ്ടായില്ലെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍.

ഈ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടിരുന്നു. തിരുവഞ്ചൂരാണ് കുടുംബത്തെ ആശ്വസിപ്പിച്ചതും എല്ലാ വാക്കും കൊടുത്തത്. ഇത് പാലിക്കപ്പെടാത്തതില്‍ തിരുവഞ്ചൂരും അതൃപ്തനായിരുന്നു. കെസി വേണുഗോപാല്‍ വിഷയത്തില്‍ ഇടപെട്ടു. അങ്ങനെയാണ് കടം തീര്‍ക്കുന്നത്.

Tags:    

Similar News