പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കു സേര്‍ച് ലിസ്റ്റ് സഹിതം എഴുതി കൊടുത്ത പൊലീസ്; തൊണ്ടി മുതല്‍ ഇല്ലാതെ എങ്ങനെ കള്ളപ്പണ കേസെടുക്കും; കെപിഎം റിജന്‍സിയിലെ പാതിരാ റെയ്ഡില്‍ പെട്ടത് കേരളാ പോലീസ്; സിപിഎം പിണക്കം ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയുടെ മൊഴി എടുക്കും

Update: 2024-11-08 01:48 GMT

പാലക്കാട്: സിപിഎമ്മിന് തിരിച്ചടിയായി കള്ളപ്പണ ആരോപണത്തില്‍ അന്വേഷണം മുന്നോട്ടു പോകാന്‍ വകുപ്പില്ലെന്ന പോലീസ് നിലപാട്. തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസുമില്ല. കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ കേസിനു പോയാല്‍ കുഴങ്ങുമെന്നും പൊലീസിന് ആശങ്കയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ആ നീല ട്രോളി ബാഗില്‍ പോലീസ് നിശബ്ദത പാലിക്കുന്നത്. അതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി പോലീസ് എടുത്തേക്കും.

യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ കള്ളപ്പണം സൂക്ഷിച്ചന്ന സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടിില്ല. ജില്ലാ സെക്രട്ടറി നേരിട്ട് നല്‍കിയ പരാതിയും കലക്ടര്‍ കൈമാറിയ പരാതികളും ആണ് പൊലീസിന് മുന്നില്‍ ഉള്ളത്. എന്നാല്‍ കള്ളപ്പണം ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കും എന്നത് ആശയക്കുഴപ്പമാണ്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയെന്നും സൂചനയുണ്ട്. ഇതിനിടെയാണ് ജില്ലാ സെക്രട്ടറിയുടെ മൊഴി എടുക്കാനുള്ള നീക്കം. സിപിഎം ജില്ലാ നേതൃത്വത്തെ പിണക്കാതിരിക്കാനാണ് ഈ കരുതല്‍. പോലീസ് ഒന്നും ചെയ്യാത്തത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ടാണ് മൊഴി എടുക്കുന്നത്.

കള്ളപ്പണം എന്ന തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇനി ഏതു വകുപ്പു പ്രകാരം കേസ് എടുക്കുമെന്നാണു പോലീസിനെ കുഴക്കുന്നത്. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കു സേര്‍ച് ലിസ്റ്റ് സഹിതം പൊലീസ് എഴുതിക്കൊടുത്തിരുന്നു. അങ്ങനെ എഴുതി കൊടുത്ത സാഹചര്യവും പോലീസിന് വിനയാണ്. കേസ് കോടതിയില്‍ എത്തിയാല്‍ വനിതകള്‍ ഒറ്റയ്ക്കു താമസിക്കുന്ന മുറിയില്‍ അര്‍ധരാത്രി പുരുഷ പൊലീസുകാര്‍ മാത്രം പരിശോധന നടത്താനെത്തിയത് വിനായാകും. ഹോട്ടലിലെ സിസിടിവി കോടതി പരിശോധിച്ചാല്‍ അതും വിനയാകും.

പാലക്കാട്ടെ ഉദ്യോഗസ്ഥരാകെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയന്ത്രണത്തിലായിട്ടും ജില്ലാ കലക്ടര്‍ പോലും വിവരം അറിഞ്ഞതു റെയ്ഡ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. തിരഞ്ഞെടുപ്പു ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും അവര്‍ എത്താന്‍ ഒരു മണിക്കൂര്‍ വൈകിയെന്നുമാണു റെയ്ഡിനു പോയവര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ അട്ടിമറിച്ച് പാലക്കാട്ട് സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണവും നടപടിയും വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം ആരോപണത്തില്‍ കേസെടുക്കാനുള്ള പോലീസ് വിമുഖത. വിഡി സതീശന്‍ നിയമ നടപടിയുമായി മുമ്പോട്ട് പോയാല്‍ കുരുക്കാകുമെന്ന വിലയിരുത്തലുമുണ്ട്.

തിരച്ചില്‍ നടത്തുന്നതിനുള്ള ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല. രാത്രി 12ന് പൊലീസ് പരിശോധന തുടങ്ങി. പുലര്‍ച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആര്‍ഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം അറിഞ്ഞില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന ഷാഫി പറമ്പില്‍ എംപിയോട് ഈ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും പരാതിയില്‍ വിഡി സതീശന്‍ പരാതിയില്‍ പറഞ്ഞിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിനല്‍കിയതിനാല്‍ മറ്റു നടപടികള്‍ക്കൊന്നും സാധ്യതയില്ലെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പോലീസ് ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയ റിപ്പോര്‍ട്ടില്‍ പാലക്കാട് സംഭവം സംബന്ധിച്ച വിശദീകരണവും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ രാത്രിയില്‍ പരിശോധനനടത്തിയത്, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍, വിവരം ലഭിച്ചത് സംബന്ധിച്ച സൂചന പോലീസ് നല്‍കുന്നുമില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ നിരീക്ഷകരെയോ അറിയിക്കാതെ തിടുക്കത്തില്‍ പരിശോധന നടത്തിയതിനെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പോലീസ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയേക്കും. റെയ്ഡ് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പരിശോധന ആരംഭിച്ചശേഷമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികളോ മറ്റോ വേണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നതാണ് വസ്തുത.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ധരാത്രി വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ ഇരച്ചുകയറിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാതിരാ റെയ്ഡ് കേസില്‍ സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുല്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും. തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാഫിയുടെ കാറില്‍ കയറിയത്.

സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാല്‍ തന്റെ കാറിന് തകരാര്‍ ഉണ്ടായതിനാല്‍ സര്‍വീസിന് കൊടുക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പിന്നീട് പാലക്കാട് കെആര്‍ ടവറിന് സമീപത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറില്‍ കോഴിക്കോടേക്ക് പോയി. തന്റെ കാറില്‍ നിന്ന് ട്രോളികള്‍ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്മ ടവറിലേക്ക് കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുല്‍ പുറത്തുവിട്ടിരുന്നു.

ഷാനി മോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, സിപിഎം, പാതിരാ റെയ്ഡ്, രാഹുല്‍ മാങ്കൂട്ടത്തില്‍

Tags:    

Similar News