ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റരുത്; സത്യവാങ്മൂലത്തിന്മേല്‍ വെല്ലുവിളി നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്; ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകണം; പൗരോഹിത്യം ആചാര ലംഘനം നടത്തുമ്പോള്‍ നാമജപമില്ല, പരിഹാര ക്രിയകളില്ല; പുന്നല ശ്രീകുമാര്‍
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റരുത്
ഇടുക്കി: ശബരിമല യുവതിപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ്. ഇതെല്ലാം വോട്ടിന്റെയും സീറ്റിന്റെയും പ്രശ്‌നമാണ്. യുവതി പ്രവേശനമുണ്ടായപ്പോള്‍ പരിഹാര ക്രിയകള്‍ ചെയ്തു. ശുദ്ധികലശം നടത്താന്‍ നിര്‍ദേശിച്ചത് തന്ത്രിയാണ്. ഇന്ന് പൗരോഹിത്യത്തിന്റെ നേതൃത്വത്തില്‍ ആചാര ലംഘനം നടന്നു. നാമജപ പ്രതിഷേധമില്ല, പരിഹാരക്രിയകളില്ല. തന്ത്രിക്ക് കവചമൊരുക്കുന്നവര്‍ നവോത്ഥാന കാലഘട്ടത്തെ മറക്കുകയാണെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു
കെ.പി.എം.എസ് ചാത്തന്നൂര്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകണം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് യെസ് എന്നോ നോ എന്നോ പറയാനാകാത്ത അവസ്ഥയാണെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സ്ത്രീപുരുഷ സമത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തില്‍ നിന്നും പുരോഗമന ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുത്. സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ്. ചോദ്യങ്ങളില്‍ ഉത്തരം പറയാന്‍ കഴിയുന്നില്ല. അത് വോട്ടിന്റെയും സീറ്റിന്റെയും പ്രശ്നമാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തങ്ങളെ സംബന്ധിച്ച് ഇത് അധികാരത്തിന്റെ പ്രശ്നമല്ല, സാമൂഹിക പരിഷ്‌കരണത്തിന്റെ പ്രശ്നമാണെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
ജാതി സെന്‍സസ് എത്രയും വേഗം നടപ്പിലാക്കണമെന്നും കെ.പി.എം.എസ് ആവശ്യപ്പെട്ടു. കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളര്‍ച്ചയിലും ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാവണം. മനുഷ്യസമൂഹത്തിന്റെ മുന്നേറ്റ ശ്രമങ്ങള്‍ക്ക് വിഘാതമാകുന്ന അനാചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ നാട് ഗൗരവമായി കാണേണ്ടതും അതിനുവേണ്ടി നിലകൊള്ളുന്നവര്‍ ഒരു പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ യോഗ്യരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
അതേസമയം ശബരിമല യുവതിപ്രവേശനത്തി കോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചിട്ടില്ല മന്ത്രി പി രാജീവ് പ്രതികരിച്ചു. കൂടാതെ സര്‍ക്കാരിന്റെ നിലപാട് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് സിപിഎം വഴങ്ങുമോ അതോ പഴയ പുരോഗമന നിലപാട് സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. എന്നാല്‍, വിഷയത്തില്‍ നിന്നും തെന്നിമാറുകയാണ് സിപിഎം നേതാക്കള്‍.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ല. ഇത് ഇവിടത്തെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ എന്നും ബേബി പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദം ഉണ്ടായതാണല്ലോ. ആ സാഹചര്യത്തില്‍ ഇവിടെ ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുക്കട്ടെ. ഒരു വിഷയവുമായി ബന്ധപ്പെട്ടും സമൂഹത്തില്‍ ഒഴിവാക്കാവുന്ന സംഘര്‍ഷം ഉണ്ടാകുന്നതിന് വഴി വെച്ചു കൂടാ. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്‍ന്നിട്ടുള്ളത്. അതെല്ലാം സാമൂഹികമായി ബന്ധപ്പെട്ട വിഭാഗങ്ങളെയെല്ലാം ബോധ്യപ്പെടുത്തിയാണ് ചെയ്യേണ്ടത്. അതാണ് പാര്‍ട്ടിയുടെ പൊതു സമീപനം. യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം രൂപീകരിച്ച് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേബി പറഞ്ഞു.
