കുത്തഴിഞ്ഞ കെടുകാര്യസ്ഥത; കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 549.21 കോടി; 494.28 കോടി നഷ്ടം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി; നടപടിയിലൂടെ 6250 കോടി അധികവായ്പ എടുക്കാന്‍ സര്‍ക്കാറിന് അവസരം ഒരുങ്ങും; നഷ്ടത്തിന്റെ പേരില്‍ വരുത്തിയ വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങള്‍ ഭാരമായത് മിച്ചം!

കുത്തഴിഞ്ഞ കെടുകാര്യസ്ഥത; കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 549.21 കോടി

Update: 2024-12-28 01:54 GMT

തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ കുത്തുപാളയെടുപ്പിക്കുന്ന കെടുകാര്യസ്ഥതയാണ് ഇടതു സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. മണിയാര്‍ പദ്ധതിയുടെ കാര്യത്തില്‍ പോലും ഈ അനാസ്ഥ വ്യക്തമാണ്. ചുരുങ്ങിയ ചിലവില്‍ വൈദ്യുതി വാങ്ങിയ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ ഉണ്ടാക്കിയത് വഴിയും വൈദ്യുതി ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കി. ഈ കെടുകാര്യസ്ഥതകളെല്ലാം മനപ്പൂര്‍വ്വമാണോ എന്നു തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല.

കടത്തില്‍ മുങ്ങി പ്രതിസന്ധിയെ നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയുടെ വരുമാന നഷ്ടത്തെയും താല്‍ക്കാലി പ്രതിസന്ധി മറികടക്കാനുള്ള വഴിയാക്കുകയാണ്. സംസ്ഥാനത്തിന്റെ വായ്പയെടുക്കല്‍ പരിധിയില്‍ കേന്ദ്രം 0.5 ശതമാനം വര്‍ദ്ധന അനുവദിക്കാന്‍ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തിന്റെ 90 ശതമാനം ഏറ്റെടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ 6250 കോടിരൂപ കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി കിട്ടും.

ഫലത്തില്‍ കെഎസ്ഇബി ലാഭത്തില്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍റിന് ഈ തുകയുടെ വായ്പ്പ് ലഭിക്കുമായിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ നഷ്ടത്തെയും കടമെടുക്കാനുള്ള വഴിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടിരിക്കുന്നത്. വര്‍ഷതോറും കെ.എസ്.ഇ.ബിയുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താല്‍ സംസ്ഥാന സര്‍ക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3 ശതമാനം എന്ന പതിവ് വായ്പാപരിധിക്ക് പുറമെ അരശതമാനംകൂടി കടമെടുക്കാന്‍ അര്‍ഹത ലഭിക്കും.

ഇതു പ്രകാരമാണ് നടപടി.ഓഡിറ്റ് പ്രകാരം കെ.എസ്.ഇ.ബിയുടെ 2023 - 24ലെ നഷ്ടം 549.21 കോടിയാണ്. ഇതിന്റെ 90 ശതമാനമായ 494.28 കോടി ഏറ്റെടുത്താണ് ധനവകുപ്പ് ഉത്തരവിറക്കിയത്. അതേസമയം ഈ നഷ്ടത്തിന്റെ പേരിലാണ് കഴിഞ്ഞ മാസം നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍അനുമതി നല്‍കിയത്. നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നിരക്ക് വര്‍ദ്ധന സാങ്കേതികമായി അപ്രസക്തമാകും. ഈ നിരക്കു വര്‍ധനയുടെ ഭാരം പേറേണ്ടി വരിക സംസ്ഥാനത്തെ സാധാരണ ജനങ്ങളാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടം അടുത്ത വര്‍ഷത്തെ വരവില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഇനിയുള്ള വര്‍ഷങ്ങളിലെ നിരക്ക് വര്‍ദ്ധന കണക്കാക്കുമ്പോള്‍ അത് വെട്ടിക്കുറയ്ക്കുമെന്നുമാണ് റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണം. 2022-23വര്‍ഷം കെ.എസ്.ഇ.ബിയുടെ നഷ്ടം 913കോടിയായിരുന്നു. അതിന്റെ 75 ശതമാനമായ 767.715 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.ഈ തുക ഈ വര്‍ഷം കെ.എസ്.ഇ.ബി.യുടെ നഷ്ടത്തില്‍ കുറവ് ചെയ്താണ് നിരക്ക് വര്‍ദ്ധന കണക്കാക്കിയതെന്നും റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു. സമാനമായ രീതി അടുത്തവര്‍ഷവും സ്വീകരിക്കും. ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും അവര്‍ അറിയിച്ചു.

15ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശപ്രകാരം 2022-'23-ലാണ് ഈ അധികവായ്പാ പദ്ധതി കേന്ദ്രം തുടങ്ങിയത്. വര്‍ഷംതോറും കെ.എസ്.ഇ.ബി.യുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താല്‍ സംസ്ഥാനസര്‍ക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനംകൂടി കടമെടുക്കാന്‍ അര്‍ഹത കിട്ടുന്നതാണിത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം ഇത് നേടുന്നുണ്ട്.

Tags:    

Similar News