കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നേരിട്ട് ഹാജറാകണമെന്ന് നിര്‍ദേശം; കുറ്റപത്രത്തില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയതിനെതിരെ യദു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട്് കോടതിയുടെ ഇടപെടല്‍; കേസില്‍ നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് കണ്ടക്ടര്‍
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ആക്രമിച്ചെന്ന പരാതിയില്‍ മുന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവിനും തിരിച്ചടി. ഇരുവര്‍ക്കും കോടതി നോട്ടിസ് അയച്ചു. കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് ഇവരെ ഒഴിവാക്കിയതിനെതിരെ യദു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടല്‍. ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, ആര്യയുടെ സഹോദരന്റെ ഭാര്യ ആര്യ എന്നിവരോട് ഈ മാസം 21-ാം തീയതി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടീസ്.
നേരത്തെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ആര്യയെയും സച്ചിന്‍ ദേവിനെയും ഉള്‍പ്പെടെയുള്ളവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി തള്ളണമെന്നും ഇവരെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്നുമാണ് യദുവിന്റെ ആവശ്യം. ഈ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് അന്നത്തെ കണ്ടക്ടര്‍ സുബിന്‍ ആണെന്ന് യദു തന്റെ പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സുബിന്‍ ഇത് ചെയ്തതെന്നും, അതിനാല്‍ സുബിനെ കൂടി പ്രതിയാക്കി പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും യദു ആവശ്യപ്പെട്ടു. സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി അക്രമം കാണിച്ചതിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നുവെന്നും യദു ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ മേയര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം വിമുഖത കാണിച്ചിരുന്നുവെന്നും പിന്നീട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസിന്റെ അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നും, മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും യദു ആരോപിക്കുന്നു.
മേയര്‍ പദവിയില്‍ നിന്ന് ആര്യ രാജേന്ദ്രന്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ അവര്‍ ഇപ്പോള്‍ സാധാരണ പൗരയാണെന്നും കോടതി നടപടികളില്‍ നിന്ന് ഇനി മാറിനില്‍ക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ യദുവിനെ മേയറുടെ ഡ്രൈവറായി നിയമിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട്, താന്‍ നിലവില്‍ ജോലിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഏത് ജോലി കിട്ടിയാലും ചെയ്യാന്‍ തയ്യാറാണെന്നും യദു വ്യക്തമാക്കിയിരുന്നു.
പോലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കോടതി നേരിട്ട് ഇടപെട്ടത് പരാതിക്കാരനായ യദുവിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. കേസില്‍ തുടര്‍നടപടികള്‍ ജനുവരിയില്‍ കോടതി പരിശോധിക്കും.
