കെടിയു താത്കാലിക വൈസ് ചാൻസലർ നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി; സർക്കാർ നീക്കം വിസി നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ; സർക്കാർ നൽകിയ മൂന്നംഗ പട്ടികയിൽ നിന്നും നിയമനം നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെടിയു താത്കാലിക വിസി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്ന് നിയമനം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. രാജ്ഭവൻ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. മൂന്ന് അംഗ പാനലാണ് സർക്കാർ ഗവർണർക്ക് കൈമാറിയത്.
പത്ത് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ള ഡിപ്പാർട്ട്മെന്റ് ഹെഡുമാരായിട്ടുള്ള മൂന്നു പേരുകളുള്ള രണ്ട് പട്ടികകളാണ് കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയിരിക്കുന്നത്. പ്രൊഫ (ഡോ) ജയപ്രകാശ് , ഇൻചാർജ്ജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ, പ്രൊഫ (ഡോ) എ.പ്രവീൺ , ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ എഞ്ചിനിയറിംഗ്, സി. ഇ ടി, തിരുവനന്തപുരം, പ്രൊഫ (ഡോ) ആർ. സജീബ്, ഡിപ്പാർട്ട്മെൻ്റ് സിവിൽ എജിനിയറിംഗ് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കൊല്ലം എന്നിവരാണ് പട്ടികയിലുള്ളത്.
സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടരുതെന്ന് പറഞ്ഞ കോടതി, സ്ഥിരം വിസിമാരില്ലാത്തത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഓർമിപ്പിച്ചു. സർവ്വകലാശാലകളിലെ തന്ത്രപ്രധാന പദവികളിൽ സർക്കാരിനോ ചാൻസിലർക്കോ അധികാരമെന്ന തർക്കങ്ങൾക്കിടെയാണ് ഹൈക്കോടതി വിധി.
കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലരുടെ നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ റദ്ദാകുന്നത്. സാങ്കേതിക സര്‍വകലാശാല വി സി ഡോ. കെ ശിവപ്രസാദിനും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനും ഹൈക്കോടതി ഉത്തരവോടെ ഇനി ഈ പദവിയില്‍ തുടരാന്‍ സാധിക്കില്ല. വി.സി നിയമനത്തിന് ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് കണ്ണൂര്‍ വി.സി പുനര്‍നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍.
സംസ്ഥാനത്തെ 13 ൽ 12 ഇടത്തും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന പ്രശ്നങ്ങളും കോടതി ഇന്ന് ഓർമിപ്പിച്ചു. സർവ്വകലാശാലകളുടെ കാവൽക്കാരനാണ് വൈസ് ചാൻസിലർ. ഈ പദവി ദീർഘ നാൾ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാർത്ഥികളുടെ താത്പര്യത്തെ പ്രതികൂലമായി ബാധിക്കും. താത്കാലിക വിസി നിയമനം താത്കാലിക സംവിധാനം മാത്രമാണ്. ഇത് ആറ് മാസത്തിൽ അധികം നീളരുത്. സ്ഥിരം വി.സി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.