പാളത്തിലെ പോസ്റ്റിനെ കുറിച്ച് അറിഞ്ഞപ്പോള്‍ പാഞ്ഞെത്തിയ പോലീസ് അത് എടുത്തു മാറ്റി; പിന്നാലെ വീണ്ടും പോസ്റ്റ് എടുത്ത് ട്രാക്കില്‍ വച്ചത് ആര്? ലക്ഷ്യമിട്ടത് പാലരുവി എക്‌സ്പ്രസിനെ മറിക്കാന്‍; തലനാരിഴയ്ക്ക് കുണ്ടറയില്‍ ഒഴിവായത് വന്‍ തീവണ്ടി ദുരന്തം; ഗൗരവത്തില്‍ എടുത്ത് റെയില്‍വേ; കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം റെയില്‍വേ ഗൗരവത്തില്‍ എടുക്കും. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. കേന്ദ്ര ഇന്റലിജന്‍സ് വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.
വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തില്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിക്കുന്നത്.
പാലരുവി എക്സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മുമ്പേ പോസ്റ്റ് മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. ഇതിനിടെ സമീപത്തെ ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യം കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. പോസ്റ്റ് കൊണ്ടിടുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതില്‍ ആളെ തിരിച്ചറിയാന്‍ കഴിയുമോ എന്ന് പോലീസ് പരിശോധിക്കും. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പൊലീസ് പറയുന്നത്. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തില്‍ പൊലീസും റയില്‍വേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ദീര്‍ഘകാലമായി റോഡിന് സമീപം വച്ചിരുന്ന പഴയൊരു പോസ്റ്റ് ഇവിടെ കൊണ്ടിടുകയായിരുന്നു. സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. കാരണം ഒറ്റയ്ക്ക് ഒരാള്‍ക്ക് കൂറ്റന്‍ ടെലഫോണ്‍ പോസ്റ്റ് ഇവിടെ കൊണ്ടിടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. 'ഒരാളോ രണ്ടാളോ മൂന്നാളോ വിചാരിച്ചാല്‍ പോസ്റ്റ് ഇവിടെ നീക്കിക്കൊണ്ടുവരാന്‍ പറ്റില്ല. വര്‍ഷങ്ങളായി റോഡിനടുത്ത് ചാരിവച്ചിരിക്കുന്ന പോസ്റ്റാണിത്. നാലു പേരെങ്കിലും എന്തായാലും കാണും. ഇത് മനപൂര്‍വം ആരോ ചെയ്തതാണ്. ആദ്യം വച്ചശേഷം പൊലീസ് ഇത് മാറ്റി. പൊലീസ് പോയതിന് ശേഷം രണ്ടാമത് വീണ്ടും വച്ചു. തുടര്‍ന്ന് പൊലീസ് വീണ്ടുമെത്തി മാറ്റുകയായിരുന്നു. ദൂരെനിന്ന് വന്നവരാണ്.'- നാട്ടുകാരന്‍ പറഞ്ഞു.