അപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു; പിന്നീട് നല്‍കാമെന്നാണ് അമ്മയോട് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല; ഇവരൊക്കെ ക്രിമിനലുകളാണെന്ന് പിന്നീടാണ് മനസ്സിലായത്; ബാലഭാസ്‌ക്കറിന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് ലക്ഷ്മി പറഞ്ഞത്
അപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം ഏറ്റവും കൂടുതല്‍ വിവാദമാകാന്‍ കാരണം അദ്ദേഹത്തിന്റെ സുഹൃദ്ബന്ധങ്ങളില്‍ ചില സ്വര്‍ണക്കടത്ത് ബന്ധമുള്ളവര്‍ കടന്നു കൂടിയതായിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊന്നും ബാലുവിന് അറിവില്ലെന്നായിരുന്നു ല്ക്ഷ്മി ഇന്നലെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അര്‍ജുനെതിരെ കേസുകള്‍ ഉണ്ടായിരുന്നുവെന്ന് ബാലുവിന് അറിയാമായിരുന്നു എങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഡ്രൈവര്‍ ജോലി നല്‍കിയതെന്നുമാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ഇന്നലെ അഭിമുഖത്തില്‍ പറഞ്ഞത്.
അപകടവേളയില്‍ തങ്ങളെ ആരും ആക്രമിച്ചിട്ടില്ലെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു. ഇതേക്കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെ: യാത്രക്കിടയില്‍ ഒരുഘട്ടത്തിലും ഞങ്ങളെ ആരും ആക്രമിച്ചിട്ടില്ല. കണ്ടതും അറിഞ്ഞതും മാത്രമേ തനിക്ക് പറയാനാകൂ. ക്ഷേത്രദര്‍ശനം നേരത്തെ കഴിഞ്ഞതിനാലാണ് അന്നുതന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ആരുടെയും സമ്മര്‍ദപ്രകാരമായിരുന്നില്ല. അപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു. പിന്നീട് നല്‍കാമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ നല്‍കിയില്ല. ഇവരൊക്കെ ക്രിമിനലുകളാണെന്ന്? പിന്നീടാണ് മനസ്സിലായത്. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ല. ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണങ്ങള്‍ കൃത്യമായിതന്നെ മുന്നോട്ടുപോകുന്നുണ്ട്. അന്വേഷണത്തെ സംബന്ധിച്ച് പരാതിയില്ല.
സംഗീതജ്ഞന്‍ ബാലഭാസ്‌കറും മകളും മരിച്ച അപകടത്തില്‍ കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. എന്നാല്‍ അപകടം ആസൂത്രിതമായിരുന്നെന്ന് കരുതുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. അപകടത്തില്‍ ഗുരുതര പരിക്കേറ്റതുമുതല്‍ ഇന്നും താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. സംസാരശേഷി ലഭിച്ചതുമുതല്‍ ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും കോടതിക്ക് മുന്നിലും മൊഴി നല്‍കിയിട്ടുണ്ട്.
അര്‍ജുന്‍ ബാലഭാസ്‌കറിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. വിളിക്കുമ്പോള്‍ മാത്രമാണ് കാറോടിക്കാന്‍ വന്നിരുന്നത്. പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന്റെ ബന്ധുവാണ് അര്‍ജുന്‍. അവിടെവെച്ചാണ് അര്‍ജുനെ പരിചയപ്പെട്ടത്. ഒരു കേസില്‍പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞത്. സഹായിക്കാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് കൂടെക്കൂട്ടിയത്. അര്‍ജുനെതിരെ കേസുണ്ടായിരുന്നത് ബാലുവിന് അറിയാമായിരുന്നു.
അപകടസമയത്ത് വാഹനമോടിച്ചത് അര്‍ജുനനായിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ മകള്‍ക്കൊപ്പമായിരുന്നു താന്‍. ബാലു കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. ഇടക്ക് വെള്ളം കുടിക്കാന്‍ നിര്‍ത്തി. നിനക്ക് എന്തെങ്കിലും വേണമോയെന്ന് പിന്‍വശത്തിരുന്ന് ബാലു ചോദിച്ചു. വേണ്ടെന്ന് പറഞ്ഞതോടെ അര്‍ജുന്‍ കാറെടുത്തു. കാര്‍ അമിത വേഗത്തിലായിരുന്നു. ഇടക്ക് എപ്പോഴോ കാറിന്റെ നിയന്ത്രണം നഷ്ടമാകുന്നതുപോലെ തോന്നി. കണ്ണ് തുറന്നുനോക്കുമ്പോള്‍ പരിഭ്രമത്തോടെ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന അര്‍ജുനെയാണ് കണ്ടത്. തന്റെ ബോധം മറയുമ്പോള്‍ പോലും ഡ്രൈവര്‍ സീറ്റില്‍ അര്‍ജുനായിരുന്നു -ലക്ഷ്മി പറഞ്ഞു
അതേസമയം ബാലുവിന്റെ പിതാവ് ഉണ്ണിയുമായി അടക്കം ചില പ്രശ്‌നങ്ങല്‍ നിലനിന്നിരുന്നതായും ലക്ഷ്മി അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രണയവിവാഹമായതിനാല്‍ ബാലുവിന്റെ കുടുംബം ഞങ്ങളെ അംഗീകരിച്ചിരുന്നില്ല. അപകടത്തിന് ശേഷം ബാലുവിന്റെ കുടുംബത്തില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ മാനസികമായി തളര്‍ത്തി. അവരുമായി ഒരുപോരാട്ടത്തിനുമില്ല. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ വീട്ടുകാരുടെ ഇഷ്ടക്കേടുമുണ്ടാകും.
പ്രതീക്ഷിക്കാത്ത പലരില്‍ നിന്നും തനിക്കെതിരെ കേട്ടപ്പോള്‍ സങ്കടമുണ്ടായിട്ടുണ്ട്. ആരോപണങ്ങളോട് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഏറ്റവും വലിയ നഷ്ടം തനിക്കാണ് സംഭവിച്ചത്. ഭര്‍ത്താവിനോടും കുഞ്ഞിനോടുമുള്ള തന്റെ സ്‌നേഹവും അടുപ്പവും ചോദ്യംചെയ്യാന്‍ ഈ ലോകത്ത് ആര്‍ക്കും കഴിയില്ലെന്നും ലക്ഷ്മി പറഞ്ഞു.