വാണി ജയറാമിന്റെയും ജാനകിയമ്മയുടെയും ശബ്ദങ്ങൾ അനുകരിച്ച കടയ്ക്കലുകാരി; റിയാലിറ്റി ഷോയിലും, കലോത്സവ വേദികളിലും കയ്യടി നേടിയ 20-കാരി; ആ വീഡിയോ അവസാനത്തേതായിരിക്കുമെന്ന് ആരും കരുതിയില്ല; നോവായി നാടിന്റെ പ്രിയ കലാകാരി ലക്ഷ്മി

Update: 2026-02-21 13:09 GMT

കൊല്ലം: ശാസ്താംകോട്ട സിനിമാപറമ്പിലുണ്ടായ വാഹനാപകടത്തിൽ നാടൻപാട്ട് കലാകാരിയും മിമിക്രി താരവുമായ ലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നാടൻപാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചായിരുന്നു അപകടം. അപകടം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ലക്ഷ്മി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ നോവായി മാറുകയാണ്.

പുലർച്ചെ രണ്ട് മണിക്ക് പരിപാടി കഴിഞ്ഞ് ട്രൂപ്പ് അംഗങ്ങൾക്കൊപ്പം വിശ്രമിക്കുന്ന വീഡിയോയാണ് ലക്ഷ്മി അവസാനമായി പോസ്റ്റ് ചെയ്തത്. പരിപാടി കഴിഞ്ഞുവെന്നും വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണെന്നും താരം വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളും ചിത്രങ്ങളും താരം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. മിമിക്രി വേദികളിലും റിയാലിറ്റി ഷോകളിലും സജീവമായിരുന്ന ലക്ഷ്മി, വാണി ജയറാം, എസ്. ജാനകി, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരുടെ ശബ്ദം അനുകരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവത്തിലും ലക്ഷ്മി ഒന്നാമതെത്തിയിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗേറിയസ് കോളേജിലെ ബിഎ പൊളിറ്റിക്‌സ് അവസാന വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി, എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട ലക്ഷ്മി, ചിതറ മാടൻകടവിൽ അമ്മയോടൊപ്പമായിരുന്നു താമസം.

രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടന്‍പാട്ട് സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടമുണ്ടായത്. ബവ്‌റിജസ് ഔട്ട്‌ലറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Tags:    

Similar News