ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി പോലീസ്; എല്‍ഡിഎഫിന്റെ പോസ്റ്റ് ഓഫീസ് ഉപരോധം സുഗമമാക്കാന്‍ റോഡ് ജീപ്പിട്ട് ബ്ലോക്ക് ചെയ്ത് പോലീസ്; പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ അടക്കം പെരുവഴിയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം

ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി പോലീസ്; എല്‍ഡിഎഫിന്റെ പോസ്റ്റ് ഓഫീസ് ഉപരോധം

Update: 2025-12-22 11:36 GMT

പത്തനംതിട്ട: അബാന്‍ മേല്‍പ്പാല നിര്‍മാണം കാരണം ഗതാഗതം പൂര്‍ണമായും കുരുങ്ങിക്കിടക്കുന്ന പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് എല്‍ഡിഎഫ് റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ സമരം അയ്യപ്പഭക്തര്‍ അടക്കം നൂറു കണക്കിന് ആള്‍ക്കാരെ മണിക്കൂറുകളോളം പെരുവഴിയിലാക്കി. ജീപ്പിട്ട് റോഡ് ബ്ലോക്ക് ചെയ്ത് എല്‍ഡിഎഫ് സമരം പോലീസ് സുഗമമാക്കി. ഹൈക്കോടതി വിധിയുടെ നഗ്‌നമായ ലംഘനം ഇവിടെ പോലീസ് നടത്തുന്നതാണ് കണ്ടത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിന് എതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന് പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത ധര്‍ണില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം പങ്കെടുത്തു.

ധര്‍ണയ്ക്ക് മുന്നോടിയായി തിരക്കേറിയ പോസ്റ്റ് ഓഫീസ് റോഡ് പോലീസ് ഒരു മുന്നറിയിപ്പും നല്‍കാതെ പൂര്‍ണമായും അടച്ചു. റോഡിന്റെ പ്രവേശന ഭാഗത്ത് പോലീസ് ജീപ്പ് കുറുകെയിട്ടാണ് ഗതാഗതം തടസപ്പെടുത്തിയത്. തുടര്‍ന്ന് ഗതാഗതം പോലീസ് സ്റ്റേഷന്‍ റോഡ് വഴി തിരിച്ചു വിട്ടു. ഇതോടെ ജില്ലാ ആസ്ഥാനത്തേക്ക് വരുന്നതും പോകുന്നതുമായ മുഴുവന്‍ വഴികളും കുരുങ്ങി.

അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ പത്തനംതിട്ട-കുമ്പഴ റോഡില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കുമ്പഴ നിന്നും മൈലപ്രയെത്തിയാണ് ജില്ലാ ആസ്ഥാനത്തേക്ക് വരുന്നത്. പത്തനംതിട്ട ടൗണില്‍ പോസ്റ്റ് ഓഫീസ് റോഡ് അടച്ചതോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മൈലപ്ര മുതല്‍ കുമ്പഴ വരെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഒന്നര മണിക്കൂറോളം ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. തമിഴ്നാട്ടില്‍ നിന്ന് വരുന്നതും പോകുന്നതുമായ അയ്യപ്പഭക്തരുടെ അടക്കം വാഹനങ്ങള്‍ കുടുങ്ങി. പത്തനംതിട്ട ടൗണില്‍ ചലിക്കാന്‍ പറ്റാത്ത വിധം വാഹനങ്ങള്‍ നിറഞ്ഞു.

പൊതുഗതാഗതം തടസപ്പെടുത്തിയിട്ടുള്ള സമ്മേളനങ്ങളും പ്രകടനങ്ങളും ഹൈക്കോടതി നിരോധിച്ചതാണ്. നിരോധനം നടപ്പാക്കേണ്ട ചുമതല പോലീസിനാണ്. എന്നാല്‍, ഇന്ന് പത്തനംതിട്ടയില്‍ പോലീസ് തന്നെയാണ് ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ നേതൃത്വം കൊടുത്തത്. പോലീസ് ജീപ്പിട്ടാണ് ഗതാഗതം തടഞ്ഞത്. അത് മറി കടന്ന് പോകാന്‍ ശ്രമിച്ചവരെ പോലീസ് പിന്തിരിപ്പിച്ചു. റോഡ് കൈയേറിയുള്ള സമരം നടക്കുന്നിടത്തേക്ക് വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

ഇത് സംഘര്‍ഷത്തിന് കാരണമാകുമത്രേ. എന്നാല്‍, ഹൈക്കോടതിയുടെ വിധി ലംഘിച്ചു കൊണ്ട് ഗതാഗതം തടസപ്പെടുത്തി, പൊതുജനങ്ങളെയും അയ്യപ്പഭക്തരെയും വലച്ചവരെ തടയാനോ കേസ് എടുക്കാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല. യാത്രക്കാര്‍ പോലീസിനോട് ക്ഷുഭിതരാകുന്നതും കാണാമായിരുന്നു. ഇതിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഉണ്ടായി. പോലീസിന്റെ വീഴ്ച രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News