ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ചു എ കെ ബാലന്‍ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി; ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മറാട് കലാപത്തെ സിപിഎം ഉപയോഗിക്കുന്നത് അപകടകരം; എ.കെ ബാലന്‍ അഭിനവ ഗീബല്‍സ് ആകരുതെന്ന് പി. മുജീബുറഹ്‌മാന്‍; തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന് വടി നല്‍കി ബാലന്റെ പ്രസ്താവന
ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ചു എ കെ ബാലന്‍ മാപ്പ് പറയണം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ യുഡിഎഫിന് ആയുധമായി സിപിഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്. ഈ പ്രസ്താവന ആയുധമാക്കി യുഡിഎഫ് ഇതിനോടകം ആയുധമാക്കി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വിവാദം കത്തിച്ചു രംഗത്തെത്തി. അതേസമയം ബാലന്‍ നടത്തിയത് വര്‍ഗീയ പരാമര്‍ശമാണ് എന്നാരോപിച്ചു ബാലനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമിയും രംഗം കൊഴുപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഒരാഴ്ചക്കകം പ്രസ്തവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ , സിവില്‍ കേസുകള്‍ നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ജമാത്തത്തെ ഇസ്ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.
ബി.ജെ.പി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മറാട് കാലപത്തെ ആയുധമാക്കാന്‍ സി.പി.എം ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ കുറ്റപ്പെടുത്തി. മാറാട് കലാപത്തിന്റെ മുറിവുണക്കാന്‍ ശ്രമിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. അന്നത്തെ അമീര്‍ സിദ്ദീഖ് ഹസ്സനാണ് മാറാട് സന്ദര്‍ശിച്ച് ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുന്നതിന് മുന്നില്‍ നിന്നത്. കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന മുറിവാണ് മാറാട്. മുതിര്‍ന്ന സി.പി.എം നേതാവായ എ.കെ ബാലന്‍ അഭിനവ ഗീബല്‍സ് ആകരുതെന്നും പി.മുജീബുറഹ്‌മാന്‍ പറഞ്ഞു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ.കെ ബാലന്റെ പ്രസ്താവനയോടുള്ള മറുപടിയായാണ് ജമാഅത്തെ ഇസ്‌ലാമി അമീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ശക്തമായി തുറന്നടിച്ചത്. 'വെള്ളാപ്പള്ളിയെ പുറത്തും, എ.കെ ബാലനെ അകത്തും നിര്‍ത്തിയുള്ള വര്‍ഗീയ വിഷം ചീറ്റല്‍ പ്രബുദ്ധ കേരളം വിവേകത്തോടെ തിരിച്ചറിയുന്നുണ്ടെന്ന് സി.പി.എം മനസ്സിലാക്കണം. ജമാഅത്തെ വിമര്‍ശിക്കാം, പക്ഷേ, കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കരുത്.' -തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി അമീര്‍ പറഞ്ഞു.
'മാറാട്ക ലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കലാപങ്ങള്‍ നടക്കുന്ന എല്ലായിടത്തും അതിനെ തണുപ്പിക്കാന്‍ മുന്നില്‍ നിന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. 75 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. സമൂഹത്തിന് ഉപകാരപ്പെടാത്ത ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. ഇസ്ലാം മുന്നോട്ട് വെക്കുന്ന സാമൂഹ്യ മൂല്യങ്ങള്‍ അനുസരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്നു' -പി. മുജീബുറഹ്‌മാന്‍ പറഞ്ഞു.
'ഇടതുപക്ഷം കൂടിയുള്ള ഒരു കേരളം ഉണ്ടാകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ മത നിരപേക്ഷ മനസിന് അതാണ് ആവശ്യം. ജമാഅത്തിനെ ടൂള്‍ ആക്കിയുള്ള സി.പി.എം നീക്കം അപകടകരമാണ്, അതില്‍ നിന്ന് പിന്മാറണം. സംഘ് പരിവാറിനെ തടയുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ബാധ്യത. ഇതിനായി ഇടത് വലത് സംഘടനകള്‍ ഒരുമിച്ചു നില്‍ക്കണം. അങ്ങനെ നിന്നിരുന്നെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കില്ലായിരുന്നു. ഇന്‍ഡ്യ മുന്നണി എന്ന നിലയില്‍ ബി.ജെ.പി കടന്നുവരുന്നതിനെ സി.പി.എമ്മും കോണ്‍ഗ്രസും ചെറുക്കണം എന്നാണ് ഞങ്ങളുടെ നിലപാട്'
'കേരളത്തില്‍ ഒരു വര്‍ഗീയ ഏറ്റുമുട്ടലുകളിലോ സംഘര്‍ഷങ്ങളിലോ ജമാഅത്ത് പങ്കാളിത്തം കാണാന്‍ സാധിക്കില്ല. എല്ലാ ഇടങ്ങളിലും സൗഹൃദവും സമാധാനവും ഉറപ്പാക്കാന്‍ ശ്രമിച്ച സംഘമാണ് ജമാഅത്തെ ഇസ്‌ലാമി. 1991ല്‍ പാലക്കാടെ സിറാജുന്നീസ വധത്തിനു പിന്നാലെ ഉയര്‍ന്ന കലാപാന്തരീക്ഷം അവസാനിപ്പിക്കാന്‍ സൗഹൃദവേദി രൂപീകരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാദാപുരം കലാപം നടന്ന വേളയില്‍ എന്താണ് സി.പി.എം നിര്‍വഹിച്ചത്. അവിടെ നിയമം കൈയിലെടുക്കുകയായിരുന്നു അവര്‍. ടി.പി ചന്ദ്രശേഖരനെ 51 വെട്ടില്‍ കൊന്നപ്പോള്‍, 'മാഷാ അല്ലാഹ്' എന്ന് വാഹനത്തിന് പുറത്ത് സ്റ്റിക്കര്‍ പതിച്ചത് ഒരു കാലപത്തിന്റെ വിത്തുവിതക്കാനായിരുന്നില്ലേ.
ഒരുപാട് കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും രക്തക്കറ പുരണ്ട, അതിനായി ക്വട്ടേഷന്‍ സംഘങ്ങളെ സൃഷ്ടിച്ച, കൊടി സുനിമാര്‍ക്ക് സുഖവാസം ഒരുക്കിയ പാരമ്പര്യം സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കാണുള്ളത്. എന്നാല്‍, ഇത്തരത്തിലൊരു കൊലപാതകമോ കലാപമോ ജമാഅത്തിന്റെ പേരിലില്ല. ഒരു ദ്രുവീകരണ പ്രവര്‍ത്തനങ്ങളിലും പേര് പോലും പരാമര്‍ശിക്കപ്പെടാത്ത, ജനാധിപത്യപരമായും നിമാനുസൃതമായും സാഹോദര്യത്തോടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ ഇത്തരത്തില്‍ നിരുത്തരവാദ പ്രസ്താവന എങ്ങനെയാണ് നടത്തുക. വളരെ അപകടരമായ നീക്കമാണ് സി.പി.എം നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി എന്ത് വര്‍ഗീയ പ്രവര്‍ത്തനം ആണ് നടത്തിയിട്ടുള്ളത് എന്ന് സി.പി.എം വ്യക്തമാക്കണം.'-പി. മുജീബുറഹ്‌മാന്‍ പറഞ്ഞു.
'തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് സി.പി.എം പാഠം പഠിക്കണം. മാറാടിനെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കരുത്. വിവേകമുള്ളവര്‍ സി.പി.എമ്മില്‍ ഉണ്ടെങ്കില്‍ എ.കെ ബാലനെ തിരുത്തണം. ജമാഅത്തിന് പ്രത്യേക രാഷ്ട്രീയമില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ താല്പര്യം ഒഴിവാക്കിയും ജയിക്കുന്നവരെ പിന്തുണക്കും. ദേശീയ തലത്തില്‍ മുസ്ലിം വോട്ടുകള്‍ ശിഥിലമാകതെ ശ്രമിച്ചിട്ടുണ്ട്. മൗദൂതി ഒരിക്കലും ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസുമായി ഏറെ സംഘര്‍ഷപ്പെട്ടിട്ടുണ്ട്. ഇനിയും പ്രതിഷേധിക്കേണ്ടുന്ന ഘട്ടം ഉണ്ടായാല്‍ പ്രതിക്ഷേധിക്കും. സി.പി.എം നിലപാട് തിരുത്തിയാല്‍ ഇനിയും അവരെ പിന്തുണക്കും. 2011 വരെ പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരു മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. സി.പി.എം ഒരു ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടി ആണെന്ന് കരുതുന്നില്ല. ജമാഅത്ത് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടില്ല. വിവിധ മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്' -പി.മുജീബുറഹ്‌മാന്‍ പറഞ്ഞു.
ജഅത്തിനെ ടൂള്‍ ആക്കി, വര്‍ഗീയ വിഷം ചീറ്റി ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുള്ള സി.പി.എം നീക്കം അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അപര മത വിദ്വേഷം പടര്‍ത്താന്‍ ജമാ അത്തെ ഇസ്ലാമി ശ്രമിച്ചിട്ടുണ്ടോയെന്ന് സി.പി.എം പറയണം. ഒരു കേസെങ്കിലും ഈ 10 വര്‍ഷത്തിനിടെ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്തിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
