നിലവില്‍ ആ ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ ഭാഗമല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെ അല്ലെന്നും ലിജോ ജോസ്; ആഷിഖ് അബുവിന്റെ സിനിമാ സംഘടന അംഗബലമില്ലാത്ത അവസ്ഥയില്‍

നിലവില്‍ ആ ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ ഭാഗമല്ല

Update: 2024-09-18 03:38 GMT

തിരുവനന്തപുരം: ആഷിഖ് അബു തുടങ്ങുന്ന സിനിമ സംഘടനയോട് മുഖം തിരിച്ചിരിക്കയാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും. മലയാള സിനിമയിലെ പുതിയ സംഘടനയെന്ന നിലയിലാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിനെ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ സംഘടനയുടെ ഭാഗമായി എന്ന് അവര്‍ പറയുന്നവര്‍ പോലും മുഖം തിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയതെന്നാണ് ആഷിഖ് പറയുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂട്ടായ്മയില്‍ നിന്നും പലരും പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം.

എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.

'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല', എന്നായിരുന്നു ലിജോ ജോസിന്റെ വാക്കുകള്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പിന്നാലെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പുതിയ സംഘടനക്കെതിരെ നേരത്തെ ബിജെപിയും രംഗത്തുവന്നിരുന്നു. പുതിയ സംഘടന വരുന്നതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രനാണ് രംഗത്തുവന്നത്. ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നത് സത്യമാണെന്നും അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തര്‍ക്കത്തില്‍ ആരുടെ കൂടെയാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു.

മയക്കുമരുന്നു മാഫിയകളും തഅര്‍ബന്‍ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേര്‍സ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News