ലണ്ടനിലെ തട്ടുകട റെസ്റ്റോറന്റില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം; സിനിമാ സംവിധായക ഇടനിലക്കാരിയെന്നു പരാതി; ഒരു കോടിയിലേറെ രൂപ നഷ്ടമായെന്ന പരാതിയില്‍ പോലീസ് കേസ്; യുകെയിലെ റെസ്റ്റോറന്റ് ബിസിനസില്‍ വിസ കച്ചവട പരാതികള്‍ കുമിഞ്ഞു കൂടുന്ന സാഹചര്യം; പലതും അടച്ചു പൂട്ടല്‍ ഭീഷണിയില്‍; കട അടച്ചിട്ടത് നിര്‍മാണ ജോലികള്‍ക്കെന്നും ഉടമ; സംവിധായക ഇപ്പോള്‍ യുകെയില്‍ വിസിറ്റിംഗ് വിസയിലോ?
ലണ്ടനിലെ തട്ടുകട റെസ്റ്റോറന്റില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം; സിനിമാ സംവിധായക ഇടനിലക്കാരിയെന്നു പരാതി
ലണ്ടന്‍: ദിവസവും പുതിയ പുതിയ തട്ടിപ്പ് കഥകള്‍ കേട്ട് ഉറക്കമുണരുക എന്ന ശീലത്തിലേക്ക് യുകെ മലയാളികളെ എത്തിച്ചിരിക്കുന്ന തട്ടിപ്പുകാരുടെ തന്ത്രങ്ങളില്‍ ലണ്ടനില്‍ ഹോട്ടല്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനത്തിലൂടെ ഒരു കോടി രൂപയിലേറെ നഷ്ടമായതായി പരാതി. അടുത്തകാലത്തെത്തിയ മലയാളികളില്‍ ഒട്ടേറെപ്പേര്‍ക്ക് വിസ കാലാവധി അവസാനിക്കുന്നതോടെ തിരിച്ചു പോകേണ്ടി വരും എന്ന സാഹചര്യം സംജാതമായതോടെ ഒരിക്കലും കേട്ടിട്ടില്ലാത്ത വിധം തട്ടിപ്പുകളുടെ പുത്തന്‍ കഥകളാകും ഇനിയുള്ള കാലം കേള്‍ക്കേണ്ടി വരിക എന്നതും ഓരോ ദിവസവും എത്തുന്ന പുതുപുത്തന്‍ തട്ടിപ്പ് വാര്‍ത്തകള്‍ തെളിയിക്കുന്നു.
വര്‍ഷങ്ങളായി ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ മലയാളികളുടെ ഐക്കണ്‍ ആയി പ്രവര്‍ത്തിച്ചിരുന്ന തട്ടുകട എന്ന റെസ്റ്റോറന്റിന്റെ പേരിലാണ് ഇപ്പോള്‍ ഒരു കോടിയിലേറെ രൂപയുടെ വഞ്ചന നടന്നുവെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. റെസ്റ്റോറന്റ് ഉടമയും പ്രകാശന്റെ മെട്രോ എന്ന സിനിമ സംവിധാനം ചെയ്ത യുവതിയും ചേര്‍ന്നാണ് പണം തട്ടിച്ചത് എന്ന പരാതിയാണ് ഇപ്പോള്‍ കേരളത്തില്‍ പോലീസ് തലവന്‍ ഡിജിപിയുടെ ഓഫീസില്‍ എത്തിയിരിക്കുന്നത്.
തട്ടുകട അടഞ്ഞിട്ട് മാസങ്ങള്‍, ആദ്യ പ്രതികരണം നവീകരണത്തിന് അടച്ചതെന്ന്, വരാനിരിക്കുന്നത് അടച്ചു പൂട്ടല്‍ സുനാമിയോ?
അതിനിടെ തട്ടുകട എന്ന റെസ്റ്റോറന്റ് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ് എന്നും പറയപ്പെടുന്നു. ബിസിനസ് നഷ്ടം സംഭവിച്ചതായിരിക്കാം എന്ന ധാരണയില്‍ ഇതേക്കുറിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മറുനാടന്‍ മലയാളി അന്വേഷണം നടത്തിയെങ്കിലും വര്‍ഷങ്ങളായി പെയിന്റിംഗ് ഉള്‍പ്പെടെയുള്ള നവീകരണം ചെയ്യാത്തതിനാല്‍ ഓഫ് സീസണ്‍ പ്രമാണിച്ചു കട ഒന്നര മാസത്തേക്ക് അടച്ചിടുക ആയിരുന്നു എന്നാണ് മറുപടി ലഭിച്ചത്.
ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി ലഭിക്കാന്‍ വീണ്ടും ബന്ധപ്പെട്ടെങ്കിലും 24 മണിക്കൂറിനു ശേഷവും പ്രതികരണം ലഭ്യമായിട്ടില്ല. കേരളത്തില്‍ തട്ടുകട എന്ന റെസ്റ്റോറന്റിനെ കുറിച്ച് പ്രധാന ടെലിവിഷന്‍ ചാനലില്‍ തന്നെ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിട്ടും അതിനെതിരെ സ്ഥാപന ഉടമയോ സിനിമ സംവിധായകയോ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധ നേടുകയാണ്.
മാത്രമല്ല തട്ടിപ്പില്‍ ഉള്‍പ്പെട്ട സംവിധായക ആയ സ്ത്രീയുടെ വോയ്സ് റെക്കോര്‍ഡ് അടക്കം പുറത്തു വന്ന സാഹചര്യത്തില്‍ പരാതിക്കെതിരെ എന്ത് പ്രതിരോധമാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നും വ്യക്തമല്ല. താന്‍ അറിയാതെയാണ് തന്റെ സ്ഥാപനത്തിന്റെ പേര് സംവിധായക ഉപയോഗിച്ചതെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഹോട്ടല്‍ ഉടമയ്ക്ക് കഴിയും എന്നിരിക്കെ പരിപൂര്‍ണ മൗനം ഇക്കാര്യത്തില്‍ തുടരുന്നതും സംശയം ഉയര്‍ത്തുകയാണ്.
അതിനിടെ രേഖകളോ കരാറോ ഇല്ലാതെ ഇത്രയും വലിയ തുക പരാതിക്കാരന്‍ കൈമാറിയോ എന്ന കാര്യത്തിലും ദുരൂഹത നിലനില്‍ക്കുകയാണ്. മാത്രമല്ല ആരോപണ വിധേയയായ യുവതി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ യുകെയില്‍ വിസിറ്റ് വിസയില്‍ എത്തിയതായും പറയപ്പെടുന്നു. യുവതിയും കടയും പണവും ഇപ്പോള്‍ അപ്രത്യക്ഷമായ നിലയില്‍ ആണെന്നാണ് പരാതിക്കാരന്‍ പൊലീസിന് നല്‍കിയ വിവരം.
വിസ കച്ചവടത്തിന്റെ വിളനിലമായി റെസ്റ്റോറന്റുകള്‍, പലതും അടച്ചു പൂട്ടലിന്റെ വക്കില്‍
വിസ കച്ചവടം മുതല്‍ സിനിമ ഷൂട്ടിംഗ്, സ്റ്റേജ് പരിപാടികള്‍ എന്നിവയ്‌ക്കൊക്കെ റെസ്റ്റോറന്റുകള്‍ കേന്ദ്രീകരിക്കുന്നു എന്നത് വര്‍ഷങ്ങളായുള്ള ആരോപണമാണ്. അതിനിടെ കെയര്‍ വിസകള്‍ സര്‍ക്കാര്‍ പരിപൂര്‍ണമായും നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളില്‍ ജോലിക്കായി വന്‍ ഡിമാന്‍ഡ് വന്നതോടെയാണ് യുകെയില്‍ കൂണു പോലെ റെസ്റ്റോറന്റുകള്‍ ആരംഭിച്ചിരിക്കുകയാണ്. ലിവര്‍പൂള്‍, നോര്‍ത്താംപ്ടണ്‍, ബിര്‍മിങ്ഹാം, കവന്‍ട്രി, ലണ്ടന്‍ എന്നിവിടങ്ങളില്‍ എല്ലാം ഇത്തരത്തില്‍ അനേകം റെസ്റ്റോറന്റുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചിരിക്കുന്നത്. ഒരേ പട്ടണത്തില്‍ നാലും അഞ്ചും റെസ്റ്റോറന്റുകള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കും ബിസിനസ് ലഭിക്കാതെ എല്ലാവരും ഒന്നിച്ചു താഴിട്ട് പൂട്ടണം എന്ന നിലയിലേക്കും കാര്യങ്ങള്‍ എത്തുകയാണ്.
ഇത്തരം ബിസിനസുകള്‍ ആരംഭിക്കുക ആര്‍ക്കും സാധ്യമാണ് എന്ന മട്ടില്‍ അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്നവര്‍ ഒക്കെ യുട്യൂബ് വീഡിയോയുമായി രംഗത്ത് എത്തുമ്പോള്‍ ഇതിലും വലിയ അവസരം ഇനി മുന്നില്‍ വേറെ എത്താനില്ല എന്നാണ് ബിസിനസിന്റെ എബിസിഡി അറിയാത്തവരൊക്കെ കരുതുന്നത്. എങ്ങനെയും പലരില്‍ നിന്നും സംഘടിപ്പിക്കുന്ന തുകയുമായി ഒരു കെട്ടിടമോ മുറിയോ വാടകക്ക് എടുത്തു ഉടന്‍ റെസ്റ്റോറന്റ് എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുന്നവര്‍ ഇന്‍ഫ്‌ലുസര്‍മാര്‍ വീഡിയോ ചെയ്താല്‍ ഭക്ഷണ പ്രേമികള്‍ ഒഴുകി എത്തും എന്ന ചിന്തയില്‍ ആ വകയിലും കുറെ പണം പൊട്ടിക്കുമ്പോള്‍ സ്വന്തം ബിസിനസിന്റെ കൂടി അസ്ഥിവാരം തോണ്ടുകയാണ് എന്നതാണ് നിലവിലെ സാഹചര്യം. ഇത്തരം സാഹചര്യം ഒന്നും ഇല്ലാതെ വര്‍ഷങ്ങളായി മികച്ച നിലയില്‍ കച്ചവടം ഉണ്ടായിരുന്ന തട്ടുകടയ്ക്ക് പോലും പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടെങ്കില്‍ ഇന്നലെ മുളച്ചു പൊങ്ങിയ കൂണുകള്‍ പോലെയുള്ള റെസ്റ്റോറന്റുകളുടെ ഭാവി എന്താകും എന്നത് വലിയ ചോദ്യ ചിഹ്നമായി മാറുകയാണ്.
മലയാളികളെ ലക്ഷ്യം വച്ച് റെസ്റ്റോറന്റുകള്‍ തുടങ്ങിയാല്‍ താഴിടാനുള്ള സമയം കൂടി കുറിച്ച് വയ്ക്കേണ്ട സാഹചര്യം
റെസ്റ്റോറന്റില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചു 20 ലക്ഷം രൂപ വരെ വാങ്ങി യുകെയില്‍ എത്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇംഗ്ലീഷ് അറിയില്ല എന്നതിനാല്‍ ലിവര്‍പൂളിലും മറ്റും മെനു ചൂണ്ടിക്കാട്ടി ഓര്‍ഡര്‍ സ്വീകരിക്കുന്ന പരിതാപകരമായ കാഴ്ചയും ലഭ്യമാണ്. ഇതോടെ ഒരിക്കല്‍ അബദ്ധം പിണഞ്ഞ ബ്രിട്ടീഷ് ഭക്ഷണ പ്രേമികള്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന ആകര്‍ഷണം എന്നത്തേക്കുമായി മറക്കും എന്നത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പോലും വലിയ ഭീഷണിയാണ്.
ചുരുക്കത്തില്‍ തകര പോലെ മുളച്ചു പൊങ്ങിയ, വിസ കച്ചവടത്തിന്റെ കേന്ദ്രങ്ങളായി മാറിയ റെസ്റ്റോറന്റുകള്‍ പിടിച്ചു നില്‍ക്കാനാകാതെ പൂട്ടുമ്പോള്‍ മികച്ച ബിസിനസ് സ്വന്തവുമാക്കിയിരുന്ന സ്ഥാപനങ്ങളെ പോലും ബ്രിട്ടീഷ് ഉപയോക്താക്കള്‍ കൈവിടാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്. മലയാളി ഉപയോക്താക്കളെ മാത്രം ലക്ഷ്യം വച്ച് യുകെയില്‍ ഒരു റെസ്റ്റോറന്റ് വിജയത്തിലെത്തിക്കുക എന്നത് അത്ര നിസാരമായ ഒരു ബിസിനസ് ഫോര്‍മുലയുമല്ല. ഈ രംഗത്ത് വിജയം കൈവരിച്ച മലയാളികള്‍ തങ്ങളുടെ കസ്റ്റമര്‍ ഡാറ്റ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുമ്പോള്‍ അതില്‍ 99 ശതമാനം വിഹിതവും നല്‍കുന്നത് ബ്രിട്ടീഷുകാര്‍ക്കാണ്. അതിനര്‍ത്ഥം മലയാളി റെസ്റ്റോറന്റ് എന്നാല്‍ കസ്റ്റമേഴ്‌സ് ബ്രിട്ടീഷുകാരായ തദ്ദേശീയര്‍ ആയിരിക്കണം എന്നത് തന്നെയാണ്.