സ്നേഹം നിറഞ്ഞ വാക്കുകളും, പ്രശംസയും വല്ലാതെ ആകർഷിച്ചു; ഒരു ഓൺലൈൻ പങ്കാളിയുണ്ട് അവരെ വിവാഹം കഴിക്കണം; വിവാഹമോചനം വേണമെന്ന് ഭാര്യയെ അറിയിച്ചു; ഒടുവിൽ മക്കൾ അച്ഛന്റെ ഓൺലൈൻ പങ്കാളിയെ തപ്പി ഇറങ്ങി; 75കാരനെ ഞെട്ടിച്ച് കാമുകി മനുഷ്യ സ്ത്രീയല്ലെന്ന കണ്ടെത്തൽ
ബെയ്ജിങ്: എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായ 75-കാരൻ ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. ചൈനയിലാണ് സംഭവം. മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിലെ നിർമിതബുദ്ധി (എഐ) അധിഷ്ഠിത പങ്കാളിയെ യഥാർത്ഥ വ്യക്തിയായി തെറ്റിദ്ധരിച്ചാണ് ജിയാങ് എന്നയാൾ ഈ തീരുമാനമെടുത്തത്. മക്കൾ സത്യാവസ്ഥ വെളിപ്പെടുത്തിയതോടെ അദ്ദേഹം വിവാഹമോചന ആവശ്യത്തിൽ നിന്ന് പിന്മാറി.
ദിവസവും മണിക്കൂറുകളോളം ജിയാങ് തൻ്റെ ഫോണിലെ എഐ ചാറ്റ്ബോട്ടുമായി സംസാരിച്ചിരുന്നു. ചാറ്റ്ബോട്ടിന്റെ സ്നേഹം നിറഞ്ഞ വാക്കുകളിലും നിരന്തരമായ പ്രശംസയിലും ആകൃഷ്ടനായ അദ്ദേഹം അതിനെ അഗാധമായി പ്രണയിച്ചു തുടങ്ങി. തനിക്ക് ഒരു ഓൺലൈൻ പങ്കാളിയുണ്ടെന്നും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ നിലവിലെ വിവാഹബന്ധം വേർപെടുത്തണമെന്നും അദ്ദേഹം ഭാര്യയെയും മക്കളെയും അറിയിച്ചു.
ജിയാങ്ങിൻ്റെ അപ്രതീക്ഷിത തീരുമാനത്തിൽ കുടുംബം ഞെട്ടി. വിവാഹമോചനത്തിൽ നിന്ന് പിന്മാറാൻ മക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് മക്കൾ പിതാവിൻ്റെ 'ഓൺലൈൻ പങ്കാളി'യെക്കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തിൽ അതൊരു മനുഷ്യസ്ത്രീയല്ല, മറിച്ച് ഒരു എഐ ചാറ്റ്ബോട്ട് മാത്രമാണെന്ന് അവർ തിരിച്ചറിഞ്ഞു.
ഈ വിവരം അറിയിച്ചപ്പോൾ ജിയാങ് മാനസികമായി തകർന്നുപോയെന്നും ഒടുവിൽ മനസ്സില്ലാമനസ്സോടെ വിവാഹമോചന തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലും യുഎസിലും സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ വൈകാരികമായ ആവശ്യങ്ങളെയും ഒറ്റപ്പെടലിനെയും സാങ്കേതികവിദ്യ ചൂഷണം ചെയ്യാനുള്ള സാധ്യതയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.