പോളിംഗ് 3% കുറഞ്ഞു; ആദ്യ ഘട്ടത്തില്‍ 70.91 % പോളിങ്; കോവിഡ് കാലത്തേക്കാള്‍ കുറഞ്ഞ പോളിങ്ങില്‍ മുന്നണികള്‍ക്ക് ആശങ്ക; തദ്ദേശപ്പോര് സെമിഫൈനലാക്കിയ മുന്നണികള്‍ പഴിക്കുന്നത് വോട്ടര്‍പട്ടികയെ; എറണാകുളത്തെ ഉയര്‍ന്ന പോളിങ്ങില്‍ യുഡിഎഫിന് ആഹ്ലാദം; തിരുവനന്തപുരത്തും വര്‍ക്കലയിലും അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി; മുന്‍കാല മേധാവിത്വം തുടരാമെന്ന മോഹത്തില്‍ എല്‍ഡിഎഫും
കോവിഡ് കാലത്തേക്കാള്‍ കുറഞ്ഞ പോളിങ്ങില്‍ മുന്നണികള്‍ക്ക് ആശങ്ക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായി കണക്കാക്കിയ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലായി നടന്ന ആദ്യഘട്ടത്തില്‍ 70.91 ശതമാനം മാത്രമാണ് അന്തിമ കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയത്.
കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്
2020-ലെ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് ജില്ലകളിലെ പോളിംഗ് 73.85 ശതമാനം ആയിരുന്നു. ഇത്തവണ അത് 3 ശതമാനം കുറഞ്ഞ് 70.91-ല്‍ എത്തി. വന്‍ പ്രചാരണം നടന്നിട്ടും പോളിംഗ് കുറഞ്ഞത് മുന്നണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഏഴ് ജില്ലകളിലും കഴിഞ്ഞ തവണത്തെക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്.
ജില്ല പോളിംഗ് ശതമാനം
എറണാകുളം 74.57% (ഏറ്റവും കൂടുതല്‍)
ആലപ്പുഴ 73.80%
ഇടുക്കി 71.78%
കോട്ടയം 70.86%
കൊല്ലം 70.35%
തിരുവനന്തപുരം 67.47%
പത്തനംതിട്ട 66.78% (ഏറ്റവും കുറവ്)
തിരുവനന്തപുരം കോര്‍പ്പറേഷന്‍: 58.29%
എറണാകുളം കോര്‍പ്പറേഷന്‍: 62.44%
കൊല്ലം കോര്‍പ്പറേഷന്‍: 63.35%
പോളിങ് കുറഞ്ഞത് എന്തുകൊണ്ട്?
ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ, ഏഴ് ജില്ലകളിലെയും മുന്നണികള്‍ കൂട്ടലും കിഴക്കലുമാണ്. എങ്കിലും, സമാനതകളില്ലാത്ത പ്രചാരണം നടത്തിയിട്ടും പോളിംഗ് ശതമാനം കുറഞ്ഞത് എല്ലാ മുന്നണികളിലും ആശങ്ക പടര്‍ത്തുന്നുണ്ട്. പോളിംഗ് കുറഞ്ഞതിന്റെ പ്രാഥമിക കാരണം വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങളാണെന്നാണ് മുന്നണികളുടെ വിലയിരുത്തല്‍. മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും പൂര്‍ണ്ണമായി പട്ടികയില്‍ നിന്ന് നീക്കിയില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. എങ്കിലും പുറത്ത് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മുന്നണികള്‍ വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.
കോവിഡ് സമയത്തായിരുന്നു 2020ല്‍ വോട്ടെടുപ്പ് നടന്നത്. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ ഇത്തവണ 70.91 ശതമാനമായി പോളിങ് കുറഞ്ഞു.
പ്രതീക്ഷകള്‍ ഇങ്ങനെ
എല്‍ഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മുന്‍കാല മേധാവിത്വം ഇത്തവണയും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. തിരുവനന്തപുരം ജില്ലയില്‍ നിലവിലെ ആധിപത്യം നിലനിര്‍ത്താനാകുമെന്നാണ് അവരുടെ ആത്മവിശ്വാസം. കേരള കോണ്‍ഗ്രസുകളുടെ തട്ടകമായ കോട്ടയം പോലുള്ള ജില്ലകളില്‍ പ്രകടനം മെച്ചപ്പെടുത്താനാകുമെന്നും നഗരസഭകളില്‍ നേട്ടമുണ്ടാക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ഭരണം ഉറപ്പാണെന്നും ജില്ലാ സെക്രട്ടറി പറയുന്നു. ആലപ്പുഴയില്‍ ഭരണം നിലനിര്‍ത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.
യുഡിഎഫ്
സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെയുള്ള ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എറണാകുളത്തെ മികച്ച പോളിംഗ് (ജില്ലയില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്) തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിലയിരുത്തുന്നു. കഴിഞ്ഞ തവണ കൈവിട്ടുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരുവനന്തപുരത്ത് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ വന്‍ തിരിച്ചുവരവുണ്ടാകുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. ആലപ്പുഴയില്‍ നഷ്ടപ്പെട്ട മുന്‍സിപ്പാലിറ്റികള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ബിജെപി
വോട്ടുവിഹിതം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം കോര്‍പ്പറേഷനിലും വര്‍ക്കല നഗരസഭയിലും അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കുറഞ്ഞ വോട്ടിംഗ് ശതമാനം ബിജെപിയെ ആശങ്കപ്പെടുത്തുന്നു.
കൊല്ലത്ത് സമാനതകളില്ലാത്ത പ്രചരണം നടത്തിയിട്ടും പോളിംഗ് വര്‍ധിക്കാത്തത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക എല്‍ഡിഎഫിനും യുഡിഎഫിനുമുണ്ട്. പത്തനംതിട്ടയില്‍ ശബരിമല സ്വര്‍ണകൊള്ള വിഷയം ഏറെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെങ്കിലും, പോളിംഗ് ശതമാനം ഉയരാത്തത് മൂന്നു മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ആലപ്പുഴയില്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയില്‍ പോളിംഗ് കുറഞ്ഞത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.
