ഇടതുകോട്ടകളില്‍ വിള്ളല്‍; ജനപിന്തുണയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍; എട്ടുജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട്; സിപിഎമ്മിന് നേട്ടം രണ്ട് ജില്ലകളില്‍ മാത്രം; ബിജെപി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് തലസ്ഥാനത്ത് മാത്രം; 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി ലീഗ്; തദ്ദേശത്തിലെ 'യഥാര്‍ത്ഥ' കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്‍ഡിഎഫിന്

'യഥാര്‍ത്ഥ' കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്‍ഡിഎഫിന്

Update: 2025-12-22 14:31 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയ വോട്ട് വിഹിതത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം നേടിയ കക്ഷിയായി കോണ്‍ഗ്രസ് മാറി.

എട്ട് ജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട് നേടിയ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍, സി പി എമ്മിന് ഇത് രണ്ട് ജില്ലകളില്‍ മാത്രമായി ഒതുങ്ങി.

ജില്ല തിരിച്ചുള്ള കണക്കിലെ വിവരങ്ങള്‍

സംസ്ഥാനത്തെ 14 ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ആധിപത്യം വ്യക്തമാണ്. കോണ്‍ഗ്രസ് (29.17%): തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട് വിഹിതം കോണ്‍ഗ്രസ് നേടി. വടക്കന്‍ ജില്ലകളില്‍ വിജയം കൈവരിച്ചെങ്കിലും വോട്ട് വിഹിതം 30 ശതമാനത്തിന് താഴെയാണ്.

സി പി എം (27.16%): സ്വന്തം കോട്ടയായ കണ്ണൂരിലും പാലക്കാട്ടിലും മാത്രമാണ് സി പി എമ്മിന് 30 ശതമാനത്തിന് മുകളില്‍ വോട്ട് പിടിക്കാനായത്. സംസ്ഥാനത്തെ മൊത്തം കണക്കില്‍ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പാര്‍ട്ടി.

ബി ജെ പി (14.76%): തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചരിത്രവിജയം ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിക്ക് എടുത്തുപറയാവുന്ന നേട്ടമില്ല. തിരുവനന്തപുരത്ത് മാത്രമാണ് പാര്‍ട്ടി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത്. ഒരു ജില്ലയില്‍ പോലും 30 ശതമാനത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ല.

മുസ്ലിം ലീഗ് (9.77%): മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വന്‍ വിജയം നേടിയ ലീഗ് സംസ്ഥാനത്താകെ 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി.

പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം (ഔദ്യോഗികം)

രാഷ്ട്രീയ പാര്‍ട്ടി -വോട്ട് വിഹിതം (%)

കോണ്‍ഗ്രസ് -29.17%

സി പി എം -27.16%

ബി ജെ പി -14.76%

മുസ്ലിം ലീഗ്-9.77%

സി പി ഐ-5.58%

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫ് ചിലയിടങ്ങളില്‍ പിടിച്ചുനിന്നുവെങ്കിലും ജനപിന്തുണയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു. തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തുമ്പോള്‍ സിപിഎമ്മിന്റെ ജനകീയാടിത്തറ സ്വന്തം കോട്ടകളില്‍ പോലും ഇടിയുന്നുവെന്ന സൂചനയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം വരും തിരഞ്ഞെടുപ്പുകളില്‍ ഇടതു-വലതു മുന്നണികള്‍ക്ക് ഒരുപോലെ ഭീഷണിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News