ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം; നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; 'വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ' എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം

ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം

Update: 2025-09-21 03:30 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 4000ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വേണെമെങ്കില്‍ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദന്‍ നല്‍കിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആള്‍ വേണമെന്നാണോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അേേതസമയം ആഗോള അയ്യപ്പ സംഗമത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 4245 പേരില്‍ പരിപാടിക്കെത്തിയത് 623 പേര്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവസ്വം ബോര്‍ഡ് നേരിട്ട് ക്ഷണിച്ച 500ല്‍ അധികം പ്രതിനിധകളും പരിപാടിയുടെ ഭാഗമായി. രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടയാണ് അയ്യപ്പ സംഗമം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ശബരിമല യുവതീപ്രവേശത്തിന്റെ പേരില്‍ രണ്ടുപക്ഷത്തായി നിന്ന സംഘടനകളെ ഒരേവേദിയില്‍ സര്‍ക്കാരിനൊപ്പം നിര്‍ത്താനായി എന്നതാണ് ആഗോള അയ്യപ്പസംഗമത്തിലൂടെ ഇടതുപക്ഷത്തിനുണ്ടായ നേട്ടം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ദുര്‍ബലമായെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍.

എന്നാല്‍, വിശ്വാസികളുടെ പങ്കാളിത്തക്കുറവാണ് തിരിച്ചടിയായിത.് യുവതീപ്രവേശത്തിന്റെ പേരിലുണ്ടായ മുറിവ് പൂര്‍ണമായി ഉണങ്ങിയിട്ടില്ലെന്ന സന്ദേശം നല്‍കുന്നുമുണ്ട്. വിശ്വാസികളെ സര്‍ക്കാരിനോടും ഇടതുപക്ഷത്തോടും അടുപ്പിക്കുക എന്നതായിരുന്നു സംഗമത്തിന്റെ രാഷ്ട്രീയലക്ഷ്യം. എന്‍എസ്എസും എസ്എന്‍ഡിപിയും കെപിഎംഎസും ഒരുമിച്ചെത്തിയതോടെ ലക്ഷ്യം അടുത്തായി. ശബരിമല മുന്‍തന്ത്രിയുടെ സാന്നിധ്യം വിശ്വാസികളുടെ മുറിവിനുള്ള മരുന്നുമായി.

യുവതീപ്രവേശത്തിലെ നിലപാടും അന്നെടുത്ത കേസുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍ കേസ് പിന്‍വലിക്കണം, യുവതീപ്രവേശത്തില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണം എന്നീ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചുന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല.

യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്ന് ദേവസ്വം മുന്‍മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി പറഞ്ഞതും വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉറപ്പിക്കാന്‍ ശ്രമിച്ചതും യുവതികളെ ശബരിമല കയറ്റാനുള്ള പഴയ വിപ്ലവം ഇനി ഇല്ലെന്നതിന്റെ സൂചനകളായി.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തത്. ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയ്യപ്പസംഗമത്തിന് ആശംസയറിയിച്ചു. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ യോഗിയുടെ ആശംസ ഉദ്ഘാടന വേദിയില്‍ വായിച്ചു. അയ്യപ്പസംഗമത്തിന് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും സംഗമം വിജയിക്കട്ടെ എന്നും യോഗി കത്തില്‍ പറഞ്ഞു. സംഗമത്തിന്റെ ലക്ഷ്യം വിജയിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.

Tags:    

Similar News