കേന്ദ്രമന്ത്രിയുടെ മകന്‍ മദ്യപിച്ചുവെന്ന് കേട്ടതും ജീപ്പില്‍ കയറ്റി കൊണ്ടു പോയ കേരളാ പോലീസ്; കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലും എടുത്തില്ല; സുരേഷ് ഗോപിയുടെ മകന്‍ മദ്യപിച്ചിരുന്നുവെങ്കില്‍ കേസ് മറ്റൊരു തലത്തില്‍ എത്തുമായിരുന്നു? വില്ലനായത് യൂടേണ്‍! ആ സമയം അവിടെ മറ്റൊരു അപകടവും ഉണ്ടായി; ശാസ്തമംഗലം തര്‍ക്കം അതിരുവിട്ടത് ഇങ്ങനെ

Update: 2025-08-22 05:26 GMT

തിരുവനന്തപുരം: നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത് മ്യൂസിയം സ്റ്റഷനിലേക്ക് കൊണ്ടു പോയത് പോലീസ് ജീപ്പില്‍. നടനായ മാധവ് അതുമായി സഹകരിച്ചു. വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് കോണ്‍ഗ്രസ് നേതാവ് കേസ് വേണ്ടെന്ന നിലപാട് എടുത്തത്. ഇവര്‍ക്കിടയിലെ തര്‍ക്കത്തിനിടെ ഈ സമയം അവിടെ മറ്റൊരു ചെറിയ അപകടവും ഉണ്ടായി. വെള്ളയമ്പലത്ത് നിന്നും ശാസ്തമംഗലത്തേക്ക് വാഹനത്തില്‍ വരികെയായിരുന്നു വിനോദ് കൃഷ്ണയെന്ന കോണ്‍ഗ്രസ് നേതാവ്. കെപിസിസിയുടെ മുന്‍ സെക്രട്ടറിയാണ് വിനോദ് കൃഷ്ണ. ശാസ്തമംഗലം എത്തുന്നതിന് മുമ്പ് യു ടേണ്‍ എടുക്കാം. ഈ യൂ ടേണിലൂടെ വിനോദ് കൃഷ്ണ കടന്നു പോയി. ഈ സമയം ശാസ്തമംഗലത്തു നിന്നും വെള്ളയമ്പലത്തേക്ക് പോകുകയായിരുന്നു മാധവ് സുരേഷ്. പെട്ടെന്ന് വിനോദ് കൃഷ്ണ യൂടേണ്‍ എടുത്തതിനെ മാധവ് ചോദ്യം ചെയ്തു. ഇവിടെയാണ് തര്‍ക്കം തുടങ്ങുന്നത്.

വിനോദ് കൃഷ്ണയുടെ വാഹനത്തിന് അടുത്തേക്ക് കാറില്‍ എത്തി ആക്ഷന്‍ കാട്ടി എന്തോ പറഞ്ഞു മാധവ് സുരേഷ്. ഇതിനോട് വിനോദ് കൃഷ്ണയും വാഹനം ഓടിക്കുന്നതിനിടെ പ്രതികരിച്ചു. വെറുതേ പോടാ.. എന്ന തരത്തില്‍ പ്രതികരണമെത്തി. ഇതോടെയാണ് വാഹനം കുറകെ ഇട്ട് വിനോദ് കൃഷ്ണയുടെ വഴി മാധവ് തടഞ്ഞത്. അച്ഛന് പേരു ദോഷമുണ്ടാക്കാതെ എടുത്തോണ്ട് പോടാ എന്ന് വിനോദ് കൃഷ്ണ പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ശാസ്തമംഗത്തിന് താഴെയാണ് മാധവിന്റെ വീട്. സംഭവം അറിഞ്ഞ് സുഹൃത്തുകളും എത്തി. ഇതോടെ വിനോദ് കൃഷ്ണ പോലീസിനെ വിളിച്ചു. പോലീസ് എത്തിയപ്പോള്‍ മാധവ് മദ്യപിച്ച് അതിവേഗതയില്‍ വണ്ടി ഓടിച്ചുവെന്ന് കുറ്റപ്പെടുത്തി. ഉടന്‍ മാധവിനെ കസ്റ്റഡിയില്‍ എടുത്തു. വിനോദ് കൃഷ്ണയും പോലീസ് സ്‌റ്റേഷനിലെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപാനം തെളിഞ്ഞില്ല. ഇതോടെ വെറും പെറ്റി കേസ് മാത്രമേ പോലീസിന് എടുക്കാന്‍ കഴിയൂവെന്ന സ്ഥിതിയും വന്നു. ഇത് മനസ്സിലാക്കിയാണ് അഭിഭാഷകന്‍ കൂടിയായ വിനോദ് കൃഷ്ണ ഒത്തുതീര്‍പ്പിന് തയ്യാറായത്.

വിനോദ് കൃഷ്ണയുടെ കാറിന് മുന്നില്‍ വാഹനം ഇട്ട് ഗതാഗതം ബ്ലോക്ക് ചെയ്തപ്പോള്‍ അവിടെ ഒരു ചെറിയ അപകടവും ഉണ്ടായി. വിനോദ് കൃഷ്ണയുടെ കാറിന് പിന്നിലിട്ട വാഹനത്തില്‍ ഒരു ഇരുചക്ര വാഹനം വന്നിടിക്കുകയായിരുന്നു. ഇതും കേസാകാതെ തേര്‍ന്നു. കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷന് സമീപത്തായിരുന്നു സംഭവം. നിരവധി തട്ടുകടകളുള്ള ഈ സ്ഥലം രാത്രിയിലും സജീവമാണ്. ശാസ്തമംഗലത്തെ വീട്ടില്‍നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടന്‍ മാധവ് സുരേഷ്. ഇവിടെവെച്ച് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയ്ക്ക് ഈ മേഖലയില്‍ ഓഫീസ് അടക്കമുണ്ട്. ഇവരുടെ തര്‍ക്കത്തെ തുടര്‍ന്ന് ആളുകൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. 15 മിനിറ്റോളം ഇരുവരും വാക്കുതര്‍ക്കത്തില്‍ എര്‍പ്പെട്ടു. മാധവിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് വിനോദിനോടും പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.

വൈദ്യപരിശോധനയില്‍ മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് മാധവിനെ വിട്ടയച്ചത്. ഈ സമയം മാധവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നു. മാധവിനെതിരെ വിനോദ് രേഖാമൂലം പരാതി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മില്‍ ധാരണയായതിനാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ചില വിവാദങ്ങളില്‍ മുമ്പ് കുടുങ്ങിയ വ്യക്തിയാണ് വിനോദ് കൃഷ്ണ. മകന്‍ മാധവ് സുരേഷിന്റെ അഭിനയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ച് സുരേഷ് ഗോപി ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തു വന്നിരുന്നു.

ജെഎസ്‌കെയിലെ മാധവിന്റെ അഭിനയം ആദ്യം കണ്ടപ്പോള്‍ അത്ര തൃപ്തിയായില്ലെങ്കിലും വീണ്ടും കണ്ടപ്പോള്‍ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒരു സീനില്‍ തന്റെ കഥാപാത്രത്തോട് കയര്‍ത്തു സംസാരിച്ച് ഇറങ്ങിപ്പോകുന്ന മാധവ് 'ഇന്നലെ; എന്ന സിനിമയിലെ തന്റെ കഥാപാത്രമായ ഡോ. നരേന്ദ്രനെ ഓര്‍മ്മിപ്പിച്ചു എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച കുമ്മാട്ടിക്കളി തമിഴ് സംവിധായകനായ വിന്‍സന്റ് സെല്‍വയാണ് സംവിധാനം ചെയ്തത്.

Tags:    

Similar News