കരുതിയിരിക്കുക, പാസ്സ് വേര്‍ഡ് മാറ്റിയില്ലെങ്കില്‍ പണിപാളും! സൈബര്‍ കുറ്റവാളികള്‍ 184 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഡാറ്റ തട്ടിയെടുത്തു; ഹാക്ക് ചെയ്യപ്പെട്ടത് ഫേസ്ബുക്ക്, ഗൂഗിള്‍ അക്കൗണ്ടുകള്‍; ജെറാമിയ ഫൗളര്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കരുതിയിരിക്കുക, പാസ്സ് വേര്‍ഡ്് മാറ്റിയില്ലെങ്കില്‍ പണിപാളും!

Update: 2025-05-28 03:39 GMT

ന്യൂയോര്‍ക്ക്: സൈബര്‍ കുറ്റവാളികള്‍ 184 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഡാറ്റ തട്ടിയെടുത്ത ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നു. ജെറാമിയ ഫൗളര്‍ എന്ന സൈബര്‍ വിദഗ്ധനാണ് ഈ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. നിരവധി വ്യക്തികളുടെ ഫേസ്ബുക്കിലേയും ഗൂഗിളിലേയും യൂസര്‍നെയിമുകളുടേയും പാസ് വേഡുകളുടേയും വന്‍ ശേഖരമാണ് ഇത്തരത്തില്‍ സൈബര്‍ കുറ്റവാളികള്‍ സ്വന്തമാക്കിയത്. ഇവരുടെ ഡാറ്റാബേസില്‍ ദശലക്ഷക്കണക്കിന് സ്വകാര്യ പൗരന്മാരുടെ സുരക്ഷിത ലോഗിന്‍ ഡാറ്റ അടങ്ങിയിരിക്കുകയാണ്.

കൂടാതെ ലോകമെമ്പാടുമുള്ള ഒന്നിലധികം സര്‍ക്കാരുകളുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളും കുറ്റവാളികള്‍ തട്ടിയെടുത്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഡാറ്റയിലെ പതിനായിരം അക്കൗണ്ടുകളുടെ സാമ്പിള്‍ പരിശോധിച്ച ജെറാമിയ ഫൗളര്‍ വിവിധ രാജ്യങ്ങളിലെ ഡോട്ട് ജി.ഒ.വി ഡൊമിനിയനുകളുള്ള 220 ഓളം ഇമെയില്‍ ഐഡികള്‍ കണ്ടെത്തിയിരുന്നു.

അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, ഇന്ത്യ, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ 29 ലധികം രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ഇവ. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഫൗളര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മള്‍ കണക്കാക്കുന്നതിലും വിപുലമായ തോതിലുള്ള സൈബര്‍ തട്ടിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഉപഭോക്താക്കളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കാണ് ഇതിലൂടെ തട്ടിപ്പുകാര്‍ അക്സസ് നേടിയിരിക്കുന്നത്. സൈബര്‍ കുറ്റവാളികളെ സംബന്ധിച്ച് സ്വപ്നതുല്യമായ നേട്ടമാണ് ഇതിലൂടെ ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ്, പേപാല്‍, റോബ്ലോക്സ്, ഡിസ്‌കോര്‍ഡ് എന്നിവയുള്‍പ്പെടെ വിവിധ സൈറ്റുകളിലെ അക്കൗണ്ടുകളിലെ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ 47 ജിഗാബൈറ്റ് ഡാറ്റയാണ് ഫൗളര്‍ ഇപ്പോള്‍ കണ്ടെത്തിയത്.

സൈബര്‍ തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും ഇപ്പോള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുകയാണ്. പ്രധാനമായും ഈ പ്ലാറ്റ്‌ഫോമുകളില്‍ ഏതെങ്കിലും നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അടിയന്തരമായി നിങ്ങളുടെ പാസ്വേഡുകള്‍ മാറ്റുക. കൂടാതെ നിങ്ങളുടെ ഫോണിലേക്കോ ഇമെയിലിലേക്കോ ഒരു സുരക്ഷിത കോഡ് അയച്ചുകൊണ്ട് ലോഗിന്‍ ചെയ്യുന്നതിന് മറ്റൊരു സുരക്ഷാ സംവിധാനം അഥവാ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സജീവമാക്കുക.

എന്നിവയാണ് ഇപ്പോള്‍ സ്വീകരിക്കേണ്ട ഉചിതമായ നടപടി. ഈ മാസം ആദ്യം ചില സുപ്രധാന കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളിലെ തകരാറുകള്‍ പരിഹരിക്കുന്ന വേളയിലാണ് ഫൗളറിന് ഈ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. 2019 ല്‍ ആരംഭിച്ച ഒരു വെബ് ഹോസ്റ്റിംഗ് സ്ഥാപനമായ വേള്‍ഡ് ഹോസ്റ്റ് ഗ്രൂപ്പാണ് സുരക്ഷിതമല്ലാത്ത ഈ ഡാറ്റാബേസ് കൈകാര്യം ചെയ്തിരുന്നത്. ലോകമെമ്പാടുമുള്ള സുപ്രധാനമായ ഇരുപതോളം ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഡാറ്റ തട്ടിയെടുക്കപ്പെട്ടു എന്ന വിവരം ഫൗളര്‍ വേള്‍ഡ് ഹോസ്റ്റ്് ഗ്രൂപ്പിനെ അറിയിക്കുകയും അവര്‍ ഉടന്‍ തന്നെ ഡാറ്റാബോസിലേക്കുള്ള അക്സസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. 184 ദശലക്ഷം അക്കൗണ്ടുകള്‍ ഡാറ്റാബേസില്‍ എങ്ങനെ എത്തി എന്നത് ഇപ്പോഴും ഒരു രഹസ്യമായി അവശേഷിക്കുകയാണ്. ഡാറ്റ മോഷ്ടിക്കുന്നതിനായി തട്ടിപ്പുകാര്‍ ഇന്‍ഫോസ്റ്റീലര്‍ എന്ന മാല്‍വെയര്‍ പ്രോഗ്രാം ഉപയോഗിച്ചതായി സംശയിക്കുന്നതായി ഫൗളര്‍ വെളിപ്പെടുത്തി.

വ്യക്തിഗത ഡാറ്റയോ പണമോ ഇത്തരത്തില്‍ മോഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയും. ഈ തട്ടിപ്പ് രാജ്യങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫൗളര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ബില്യണിലധികം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ അക്കൗണ്ട് വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി ആരോപണം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സൈബര്‍ തട്ടിപ്പും കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News